ലോകത്തിലെ വെറുപ്പിനും അക്രമത്തിനും മറുമരുന്നാണ് ഐക്യവും സാഹോദര്യവും: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ആധുനിക ലോകത്ത്, വെറുപ്പും അക്രമവും, ഉയർന്ന പ്രതലത്തിൽനിന്ന് താഴ്ന്നയിടങ്ങളിലേക്കെന്നപോലെ, ജനതകൾക്കിടയിലേക്ക് ദുരിതം പടരുമ്പോൾ, ഐക്യവും സഹോദരരെന്ന തിരിച്ചറിവും എല്ലാ തീവ്രവാദചിന്തകൾക്കും മറുമരുന്നാകുമെന്ന് ലിയോ പതിനാലാമൻ പാപ്പാ. നവംബർ 20-ന് ലിബ്റേറിയ എദിത്രീച്ചെ വത്തിക്കാന (Libreria Editrice Vaticana) എന്ന വത്തിക്കാനിലെ പ്രസിദ്ധീകരണശാല പുറത്തിറക്കുന്ന "സുവിശേഷത്തിന്റെ ശക്തി. ക്രൈസ്തവവിശ്വാസം 10 വാക്കുകളിൽ" (La forza del Vangelo. La fede cristiana in 10 parole) എന്ന പുതിയ പുസ്തകത്തിലാണ് സമകാലീന ലോകത്തിലെ വിവിധ പ്രശ്നങ്ങളെക്കുറിച്ച് പാപ്പാ പരാമർശിക്കുന്നത്.
കൂടുതൽ ഉള്ളവർക്ക് അധികമായി ഉണ്ടാവുകയും, കുറച്ചുമാത്രം സ്വന്തമായുള്ളവർ കൂടുതൽ പാവപ്പെട്ടവരായി മാറുകയും ചെയ്യുന്ന “ഘടനാപരമായ അനീതികൾ” നമുക്ക് ഇനിയും സഹിക്കാനാകില്ലെന്ന് തന്റെ പുതിയ പുസ്തകത്തിന്റെ ആമുഖമായി പാപ്പാ എഴുതി.
വത്തിക്കാൻ പ്രസിദ്ധീകരണശാല പുറത്തിറക്കുന്ന ഈ പുസ്തകം, പത്ത് പ്രധാന വാക്കുകളെ അടിസ്ഥാനമാക്കി, ലിയോ പതിനാലാമൻ പാപ്പാ നടത്തിയ വിവിധ ഇടപെടലുകളുടെയും പ്രഭാഷണങ്ങളുടെയും ഒരു സമാഹാരമാണെന്ന് നവംബർ 13-ന് വത്തിക്കാൻ പ്രസ് ഓഫീസ് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. ക്രിസ്തു, ഹൃദയം, സഭ, നിയോഗം, ഐക്യം, സമാധാനം, പാവങ്ങൾ, ദൗർബല്യം, നീതി, പ്രത്യാശ എന്നീ പത്ത് വാക്കുകൾ കേന്ദ്രീകരിച്ചാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.
വരും ദിവസങ്ങളിൽ ഇറ്റലിയിലെ വിവിധയിടങ്ങളിൽ പാപ്പായുടെ പുസ്തകം അവതരിപ്പിക്കപ്പെടുന്നതിനൊപ്പം, വത്തിക്കാനിലെ വാർത്താവിനിമയ കാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി, ലിയോ പതിനാലാമൻ പാപ്പായുടെ പെറുവിലെ മിഷനറി ജീവിതവും, അദ്ദേഹത്തിന്റെ അമേരിക്കൻ വേരുകളും ആധാരമാക്കി പുറത്തിറക്കിയ "പെറുവിൽനിന്നുള്ള ലിയോ" (León de Perù), "ചിക്കാഗോയിൽനിന്നുള്ള ലിയോ" (Leo from Chicago) എന്നീ വീഡിയോ ഡോക്യൂമെന്ററികളും പ്രദർശിപ്പിക്കപ്പെടും.
വത്തിക്കാൻ പ്രസിദ്ധീകരണശാലയിലെ എഡിറ്റോറിയൽ വിഭാഗത്തിന്റെ ചുമതലയുള്ള ലൊറെൻസോ ഫത്സീനിയാണ് (Lorenzo Fazzini) പാപ്പായുടെ പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
