പാപ്പാ: യുവതയുടെ സംഭാവനയും സാന്നിധ്യവും സഭയിൽ വിലപ്പെട്ടവ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യുവജനത്തിൻറെ സ്വരം സഭ ഗൗരവബുദ്ധിയോടെ ശ്രവിക്കുന്നുവെന്നും അവരുടെ സംഭാവനയും സാന്നിധ്യവും സഭയിൽ അമൂല്യമാണെന്നും പാപ്പാ.
അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള റോമൻകൂരിയാ വിഭാഗവുമായി അഥവാ, ഡിക്കാസ്റ്ററിയുമായി (Dicastery for Layity, Family, and Life) ബന്ധമുള്ള ഒരു ഉപദേശക സമിതിയായ ഇൻറർനാഷണൽ യൂത്ത് അഡ്വൈസറി ബോഡി (IYAB)യിലെ അംഗംങ്ങളുടെ ഇരുപത്തിയഞ്ചോളം പേരടങ്ങിയ സംഘത്തെ ഒക്ടോബർ 31-ന് വെള്ളിയാഴ്ച (31/10/25) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ.
സഭയുടെ ദൗത്യത്തിലുള്ള പങ്കളിത്തം, സിനഡാത്മകത, ദൗത്യം എന്നീ മൂന്നു കാര്യങ്ങൾ പാപ്പാ പരാമർശവിഷയങ്ങളാക്കി.
സഭയുടെ ദൗത്യത്തിലടങ്ങിയ കാതലായ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള "യുവജനങ്ങളുടെ വീക്ഷണം" പരിശുദ്ധ സിംഹാസനത്തെ അറിയിക്കുക എന്നതാണ് അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള റോമൻകൂരിയാ വിഭാഗത്തിൻറെ ലക്ഷ്യമെന്നും എല്ലാ സ്ത്രീപുരുഷന്മാരും വിളിക്കപ്പെട്ടിരിക്കുന്ന സാർവ്വത്രിക ദൗത്യമാണിതെന്നും പാപ്പാ പറഞ്ഞു.
തങ്ങളുടെ ദൗത്യം നിർവ്വഹിക്കുന്നതിന്, പ്രഥമതഃ, യുവജനം സഭയുടെ ജീവിതത്തിലും ദൗത്യത്തിലും പങ്കാളികളാണെന്ന അവബോധം പുലർത്തണമെന്നും ഭൂമിശാസ്ത്രപരമായ എല്ലാ പ്രദേശങ്ങളിൽ നിന്നും സകല സംസ്കാരങ്ങളിൽ നിന്നും എല്ലാ സാമൂഹികാവസ്ഥകളിൽ നിന്നുമുള്ള സകല സ്ത്രീപുരുഷന്മാരും വിളിക്കപ്പെട്ടിരിക്കുന്ന ദൗത്യമാണിതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
ക്രിസ്തുവിൻറെ ഹൃദയത്തോടുള്ള അടുപ്പമാണ് സഭയിൽ യഥാർത്ഥ പങ്കാളിത്തത്തിൻറെ ഉറവിടമെന്നും അതിന് ഒരു ആത്മീയ വേരുണ്ടെന്നും അത് പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയമോ അല്ലയെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
സിനഡാത്മകതയെക്കുറിച്ചു വിശദീകരിച്ച പാപ്പാ സഭയുടെ സവിശേഷതകളിൽ ഒന്നായ കൂട്ടായ്മയുടെ ആവിഷ്കാരത്തിനുള്ള മാർഗ്ഗങ്ങളിൽ ഒന്നാണ് സിനഡാത്മകത എന്ന് പ്രസ്താവിച്ചു.
ദൗത്യം എന്ന മാനത്തെക്കുറിച്ചു പറഞ്ഞ പാപ്പാ യഥാർത്ഥ സിനഡാത്മകത ദൗത്യത്തിലേക്ക് നയിക്കുന്നുവെന്നും കാരണം സിനഡാത്മകതയുടെ കാതൽ പരിശുദ്ധാത്മാവിൻറെ പ്രവർത്തനമാണെന്നും ഉദ്ബോധിപ്പിച്ചു.
പരിശുദ്ധാത്മാവ് യുവതയെ നയിക്കുകയും പ്രബുദ്ധരാക്കുകയും ക്രിസ്തീയ സാക്ഷ്യത്തിൻറെ സന്തോഷത്തിൽ ശക്തിപ്പെടുത്തുകയും ചെയ്യട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
