പാപ്പാ:കൊള്ളപ്പലിശ പ്രതിഭാസം മാനവഹൃദയത്തിൻറെ മലിനത വെളിവാക്കുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അന്യായപ്പലിശ ഈടാക്കുന്ന സാമ്പത്തിക സംവിധാനങ്ങൾ ഒരു ജനതയെ മൊത്തം മുട്ടുകുത്തിക്കുന്ന അപകടസാധ്യതയെക്കുറിച്ച് പാപ്പാ മുന്നറിയിപ്പു നല്കുന്നു.
ഇറ്റലിയിൽ, മൂന്നുപതിറ്റാണ്ടായി പ്രവർത്തനിരതമായ, കൊള്ളപ്പലിശ വിരുദ്ധ ദേശീയ സമിതിയുടെ നൂറ്റിയമ്പതോളം അംഗങ്ങളെ ഒക്ടോബർ 18-ന് (18/10/25) ശനിയാഴ്ച വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ.
നിരവധിയാളുകളുടെയും കുടുംബങ്ങളുടെയും മേൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന അന്യായപ്പലിശപ്രശ്നം ഇല്ലാതാക്കുന്നതിന് മുപ്പതുവർഷത്തോളമായി ഈ സമിതി നടത്തുന്ന യത്നങ്ങൾക്ക് നന്ദി പറയുന്നതിൽ തൻറെ മുൻഗാമികളോടുകൂടെ താനും ചേരുന്നുവെന്ന് പാപ്പാ പറഞ്ഞു.
അന്യായപ്പലിശ പ്രശ്നം അതിപുരാതനമായ ഒന്നാണെന്നും മറ്റു ചൂഷണങ്ങൾക്കും പാവപ്പട്ടവർക്കെതിരായ അനീതികൾക്കുമൊപ്പം അതിനെതിരെയും പ്രവാചകന്മാർ ശബ്ദിച്ചിരുന്നത് വേദപുസ്തകത്തിൽ കാണാമെന്നും പാപ്പാ അനുസ്മരിച്ചു.
കൊള്ളപ്പലിശ പ്രതിഭാസം മാനവഹൃദയത്തിൻറെ മലിനതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ഇതിൻറെ നിഷേധാത്മക ബലതന്ത്രം വ്യത്യസ്ത തലങ്ങളിൽ പ്രകടമാണെന്നും പാപ്പാ പറഞ്ഞു. സാമ്പത്തിക ഞെരുക്കത്തിൽ പെട്ടവരെ, പ്രത്യക്ഷത്തിൽ സഹായിക്കാനെന്ന ഭാവേന എത്തുന്ന കൊള്ളപ്പലിശക്കാർ വളരെ പെട്ടെന്നു തന്നെ താങ്ങാനാവത്ത കനത്ത ഭാരമുള്ള കല്ലായി കാണപ്പെടുന്നുവെന്നും അതിന് ഇരകളാകുന്നത് ദുർബ്ബലരാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
കൊള്ളപ്പലിശ ഗുരുതര പാപമാണെന്നും അത് വ്യക്തികളെ അടിമകളാക്കുന്നുവെന്നും പാപ്പാ കുറ്റപ്പെടുത്തിയ പാപ്പാ, അന്യായപ്പലിശവിരുദ്ധ സമിതിയുടെ പ്രവർത്തനം ഈ വിശുദ്ധ വത്സരത്തിൻറെ, ജൂബിലി വർഷത്തിൻറെ അരൂപിയോടു ചേർന്നുപോകുന്നതാണെന്നു പറയുകയും ഈ വർഷത്തിൻറെ സവിശേഷതയായ പ്രത്യാശയുടെ അടയാളമായി ഈ പ്രവർത്തനം മാറട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. കൊള്ളപ്പലിശയുടെ കളങ്കം പേറുന്നവരുടെ മാനസാന്തരത്തിനൊപ്പം അന്യായപ്പലിശയ്ക്ക് ഇരകളായവരോടുള്ള സാമീപ്യവും പ്രധാനമാണെന്ന് പാപ്പാ ഓർമ്മിപ്പിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
