തിരയുക

ലിയോ പതിനാലാമൻ പാപ്പാ - പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽനിന്നുള്ള ഒരു ദൃശ്യം ലിയോ പതിനാലാമൻ പാപ്പാ - പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽനിന്നുള്ള ഒരു ദൃശ്യം  (@Vatican Media)

മെലീസ കൊടുങ്കാറ്റിന്റെ ഇരകൾക്കായി പ്രാർത്ഥിച്ച് ലിയോ പതിനാലാമൻ പാപ്പാ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കരീബിയൻ പ്രദേശത്തുള്ള ജമൈക്കയിലും ക്യൂബയിലും നാശവും മരണവും വിതച്ചുകൊണ്ടിരിക്കുന്ന മെലിസ കൊടുങ്കാറ്റിന്റെയും, തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിന്റെയും ഇരകൾക്കായി പ്രാർത്ഥനകളുമായി ലിയോ പതിനാലാമൻ പാപ്പാ. ഒക്ടോബർ 29 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലാണ് ഈ പ്രകൃതിദുരന്തത്തിന്റെ ഇരകളെ പാപ്പാ അനുസ്മരിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മെലീസ കൊടുങ്കാറ്റിന്റെ (hurricane Melissa) ഇരകൾക്കായി പ്രാർത്ഥിച്ചും, അവർക്ക് സഹായമേകുന്നവർക്ക് നന്ദി പറഞ്ഞും ലിയോ പതിനാലാമൻ പാപ്പാ. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കരീബിയൻ പ്രദേശത്തുള്ള ജമൈക്കയിൽ (Jamaica) നിരവധി ആളുകളുടെ മരണത്തിനും പരിക്കുകൾക്കും കാരണമായ ഈ പ്രകൃതിദുരന്തത്തിന്റെ ഇരകൾക്കും അവിടെയുള്ള ജനങ്ങൾക്കും പാപ്പാ തന്റെ സാമീപ്യം വാഗ്ദാനം ചെയ്തു. ഒക്ടോബർ 29 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലാണ് ഈ കടുത്ത പ്രകൃതിദുരന്തത്തിന്റെ ഇരകളെ പാപ്പാ അനുസ്മരിച്ചത്.

ജമൈക്കയിൽ മരണവും നാശനഷ്ടങ്ങളും വിതച്ച മെലീസ കൊടുങ്കാറ്റ് ഈ ദിവസങ്ങളിൽ ക്യൂബ (Cuba) ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അതിശക്തമായി മുന്നേറുകയാണ്. ഇരു രാജ്യങ്ങളിലും അപകടം മുന്നിൽ കണ്ട് ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നുവെങ്കിലും, കൊടുങ്കാറ്റിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും നിരവധി ആളുകൾ കൊല്ലപ്പെട്ടു.

ഈ പ്രകൃതിദുരന്തത്തിൽ ഇരകളായവർക്ക് വേണ്ട സേവനങ്ങൾ ചെയ്യുന്ന ഏവർക്കും പ്രത്യേകിച്ച് ക്രൈസ്തവസമൂഹങ്ങൾക്കും സന്നദ്ധസംഘടനകൾക്കും പാപ്പാ തന്റെ നന്ദി രേഖപ്പെടുത്തി. അപകടത്തിൽ നിരവധി വീടുകൾ ഉൾപ്പെടെ, അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയിരുന്ന പൊതുമേഖലാസ്ഥാപനങ്ങളും ആശുപത്രികളും തകർന്നിട്ടുണ്ട്.

മെലീസയുടെ വരവിനെത്തുടർന്ന് ക്യൂബയിൽ ഏതാണ്ട് ഏഴുലക്ഷത്തിലധികം ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ജമൈക്കയിൽ വൻ ദുരന്തം വിതച്ച ഈ കൊടുങ്കാറ്റ് ഇതാണ്ട 195 കിലോമീറ്റർ വരെ വേഗതയിലാണ് ക്യൂബയിൽ വീശിയടിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 ഒക്‌ടോബർ 2025, 13:43