പ്രത്യാശയാണ് പരിശുദ്ധ മറിയത്തിന്റെ സുവിശേഷസാക്ഷ്യജീവിതത്തിനു ശക്തി നൽകിയത്: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ദൈവം തന്റെ വാഗ്ദാനങ്ങൾ നിറവേറ്റുമെന്ന വിശ്വാസത്തിലൂടെ പരിശുദ്ധ മറിയം, പ്രത്യാശയെന്ന പുണ്യത്തിനു സാക്ഷ്യം വഹിച്ചുവെന്നു ഓർമ്മപ്പെടുത്തിക്കൊണ്ട്, പോംപൈയിലെ മാതാവിന്റെ ജപമാല തിരുനാളിനോടനുബന്ധിച്ച് ദൊമൂസ് ഓസ്‌ട്രേലിയയിലെ ദേവാലയത്തിൽ നടന്ന സന്ധ്യാപ്രാർത്ഥനയ്ക്കു, ലിയോ പതിനാലാമൻ പാപ്പാ കാർമ്മികത്വം വഹിച്ചുകൊണ്ട്, വചന സന്ദേശം നൽകി. ഈ പ്രത്യാശയാണ് , സുവിശേഷത്തിനുവേണ്ടി തന്റെ ജീവിതം സ്വമേധയാ വിട്ടുകൊടുക്കുവാനും, ദൈവഹിതത്തിന് സ്വയം പൂർണ്ണമായും സമർപ്പിക്കാനും അവൾക്ക് ശക്തിയും ധൈര്യവും നൽകിയതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
ഗർഭത്തിൽ ഉരുവാകുന്നതിനു മുൻപ് തന്നെ, മറിയത്തിന്റെ ഹൃദയത്തിലാണ് ക്രിസ്തു ഉരുവായതെന്നു പറയപ്പെടുന്നത്, ദൈവത്തോടുളള അവളുടെ ദൈനംദിന വിശ്വസ് തതയെ ഊന്നിപ്പറയുന്നുവെന്നു പാപ്പാ പറഞ്ഞു. ദൈവം തന്റെ ജനത്തെ എങ്ങനെ, എപ്പോൾ രക്ഷിക്കുമെന്ന് മറിയത്തിനു കൃത്യമായി അറിയില്ലായിരുന്നുവെങ്കിലും, തന്റെ ജനത്തെ അവന്റെ പദ്ധതി അനുസരിച്ച് രക്ഷിക്കുമെന്ന് വിശ്വസിച്ചുകൊണ്ട് ദൈവഹിതത്തിനു കീഴ് വഴങ്ങിക്കൊണ്ട് ജീവിച്ച വ്യക്തിയായിരുന്നുവെന്നു പാപ്പാ മറിയത്തെ ചൂണ്ടികാണിച്ചു. ക്ഷമയും സ്ഥിരോത്സാഹവും കൈമുതലാക്കിക്കൊണ്ട്, ദൈവത്തെ വിശ്വസിച്ചു മുൻപോട്ടു പോകേണ്ടവരാണ് നാമെന്നും പാപ്പാ എടുത്തുപറഞ്ഞു.
പാപത്തിലേക്കുള്ള അടിമത്തത്തിൽനിന്ന് മാത്രം നമ്മെ വീണ്ടെടുക്കാനല്ല, മറിച്ച് അവനോട് 'അതെ' എന്നു പറയാൻ നമ്മുടെ ഹൃദയങ്ങളെ സ്വതന്ത്രമാക്കാനാണ് യേശു വന്നതെന്നു പറഞ്ഞ പാപ്പാ, അതിനു ഏറ്റവും വലിയ മാതൃക പരിശുദ്ധ അമ്മ തന്നെയാണെന്നും കൂട്ടിച്ചേർത്തു. "നമ്മെ കൂടാതെ നമ്മെ സൃഷ്ടിച്ച ദൈവത്തിനു, നമ്മെ കൂടാതെ നമ്മെ രക്ഷിക്കുക അസാധ്യമാണെന്നുള്ള" വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളും പാപ്പാ ഉദ്ധരിച്ചു. അതിനാൽ പരിശുദ്ധ അമ്മയെപ്പോലെ, കൃപയുടെ ജീവിതം നയിച്ചുകൊണ്ട്, രക്ഷയുടെ പദ്ധതിക്ക് നമ്മുടെ പങ്കു നൽകിക്കൊണ്ട് അവനുമായി സഹകരിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
