തിരയുക

പത്തുലക്ഷത്തിലധികം യുവജനങ്ങൾ പങ്കെടുത്ത "യുവജങ്ങളുടെ ജൂബിലി"യിൽനിന്നുള്ള ഒരു ദൃശ്യം പത്തുലക്ഷത്തിലധികം യുവജനങ്ങൾ പങ്കെടുത്ത "യുവജങ്ങളുടെ ജൂബിലി"യിൽനിന്നുള്ള ഒരു ദൃശ്യം  (ANSA)

ക്രിസ്തുവിനോട് ചേർന്ന് ക്രൈസ്തവസാക്ഷ്യമേകി ജീവിക്കാൻ യുവജനങ്ങളെ ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ

2025 നവംബർ 23-ന് ആചരിക്കപ്പെടുന്ന നാൽപ്പതാമത് ആഗോളയുവജനദിനത്തിലേക്ക് നൽകിയ സന്ദേശത്തിൽ, ക്രിസ്തുവിനോടൊപ്പമുള്ള ജീവിതത്തിനും, ലോകത്ത് വിശ്വാസസാക്ഷ്യത്തിനും യുവജനങ്ങളെ ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. തങ്ങളുടെ ജൂബിലിയുടെ അവസരത്തിൽ റോമിലെത്തിയ യുവജനങ്ങൾക്ക്, ഒക്ടോബർ 7-ന് ഒപ്പിട്ട ആഗോളയുവജനദിനത്തിലേക്കുള്ള തന്റെ പ്രഥമസന്ദേശത്തിലൂടെയും പാപ്പാ നന്ദി പറഞ്ഞു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകം നേരിടുന്ന ദുരിതങ്ങളുടെയും, ലോകത്തിന്റെ പ്രതീക്ഷകളുടെയും മുന്നിൽ യേശുക്രിസ്തുവിലേക്ക് കണ്ണുകൾ നട്ട് ജീവിക്കാനും, കുരിശിൽ വച്ച് അമ്മയായി അവനേകിയ പരിശുദ്ധ അമ്മയോടുള്ള ബന്ധം കാത്തുസൂക്ഷിക്കാനും, ലോകത്ത് ക്രൈസ്തവസാക്ഷ്യമേകാനും യുവജനങ്ങളെ ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. ജപമാലരാജ്ഞിയായ പരിശുദ്ധ അമ്മയുടെ തിരുനാൾ ആഘോഷിക്കുന്ന ഒക്ടോബർ 7-ന് ഒപ്പിട്ട് ആഗോളയുവജനദിനത്തിലേക്കായി താൻ നൽകിയ  പ്രഥമസന്ദേശത്തിലൂടെയാണ് ഇത്തരമൊരു ആഹ്വാനം പാപ്പാ മുന്നോട്ടുവച്ചത്.

ദൈവത്തിൽനിന്നുള്ള അനുഗ്രഹമായി നമുക്ക് ലഭിക്കുന്ന ക്രിസ്തുവുമായുള്ള സ്നേഹം അനുഭവിക്കുന്ന വ്യക്തികളെന്ന നിലയിൽ, ലോകത്ത് ക്രൈസ്തവവിശ്വാസത്തിന് സാക്ഷികളാകാനും, സമൂഹങ്ങളിൽ സമാധാനത്തിന്റെ വക്താക്കളാകാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പാ യുവജനങ്ങളെ ഓർമ്മിപ്പിച്ചു. ക്രിസ്തുവിനോടൊത്തായിരിക്കാനും, അതുവഴി അവനുമായുള്ള സ്നേഹത്തിൽ വളരാനും ഉള്ള വിളിയെക്കുറിച്ച് പരാമർശിച്ച പാപ്പാ, തത്വപരമായ പ്രഭാഷണങ്ങളും ആശയകൈമാറ്റങ്ങളും കൊണ്ട് മാത്രമല്ല, ആന്തരികമായ പരിവർത്തനം കൊണ്ട് കൂടി വേണം നാം സാക്ഷ്യം നൽകേണ്ടതെന്ന് തന്റെ സന്ദേശത്തിൽ എഴുതി.

എല്ലാ വിധത്തിലും സ്വാതന്ത്രരായിരുന്നുകൊണ്ട്, എല്ലാ അധികാരങ്ങളുടെയും ശക്തികളുടെയും മുന്നിലും വിശ്വാസത്തിന് സാക്ഷ്യം നൽകാൻ യുവജനങ്ങൾക്ക് സാധിക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. നമ്മെ രക്ഷിക്കുന്ന ക്രിസ്തുവിലേക്ക് വിരൽചൂണ്ടുകയാണ് യഥാർത്ഥ ക്രൈസ്തവസാക്ഷ്യം എന്ത്‌കൊണ്ട് നാം ഉദ്ദേശിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും കൂടി പശ്ചാത്തലത്തിൽ, ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യുവജനങ്ങൾ ദുരിതപൂർണ്ണമായ ഒരവസ്ഥയിൽ, വിദ്യാഭ്യാസവും, തങ്ങളുടെ ലക്ഷ്യങ്ങളും നേടാനാകാതെ കഴിയുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അവരോട് സമീപസ്ഥരായിരുന്നുകൊണ്ട്, ക്രിസ്തുവിൽ പിതാവായ ദൈവം എല്ലാവരെയും തന്നോട് ചേർത്തുനിറുത്തുന്നുണ്ടെന്ന സത്യം അറിയിക്കേണ്ടതിന്റെ പ്രാധാന്യം തന്റെ സന്ദേശത്തിൽ പ്രത്യേകം എടുത്തുപറഞ്ഞു.

ക്രിസ്തുവുമായുള്ള ആഴമേറിയ ബന്ധത്തിലൂടെ തങ്ങളുടെ ജീവിതലക്ഷ്യവും അർത്ഥവും കണ്ടെത്തിയവരെക്കുറിച്ച് പഠിക്കേണ്ടതിന്റെ ആവശ്യം എടുത്തുപറഞ്ഞ പാപ്പാ, ജീവിതത്തിന്റെ ആഴമേറിയ ചോദ്യങ്ങൾക്കുള്ള ഉത്തരം, വേഗം നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുകയും എന്നാൽ മടുത്ത മനസ്സും ഒഴിഞ്ഞ ഹൃദയവുമുള്ളവരാക്കി നമ്മെ മാറ്റുകയും ചെയ്യുന്ന മൊബൈലിൽ ഏറെ സമയം ചിലവഴിക്കുന്നതിലൂടെയല്ല ലഭിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു.

നിസംഗതയും ആദ്ധ്യാത്മികജീവിതത്തിലെ അലസതയും അവസാനിപ്പിച്ച്, സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റേതുമായ ബന്ധങ്ങൾ വളർത്തിയെടുക്കാനും, ഏവർക്കും മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കാനും പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു.

വിശ്വാസവുമായി ബന്ധപ്പെട്ട തെറ്റായ ഉദ്ബോധനങ്ങളിലൂടെ പരസ്പരഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നവരുടെ വാക്കുകൾക്ക് കാതുകൊടുക്കാതെ, ഭിന്നിച്ചുനിൽക്കുന്നതും അടിച്ചമർത്തപ്പെട്ടതുമായ സമൂഹങ്ങളെ അനുരഞ്ജനത്തിലേക്ക് നയിക്കാനും, അസമത്വങ്ങൾ നീക്കാനുമുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകാനും പാപ്പാ യുവജനങ്ങളെ ക്ഷണിച്ചു.

സ്വാർത്ഥത കൈവെടിഞ്ഞ്, ദൈവസ്വരത്തിന് കാതോർക്കാനും, സമാധാനത്തിന്റെ വക്താക്കളാകാനും യുവജനങ്ങളോട് ആഹ്വാനം ചെയ്ത പാപ്പാ, ദൈവാത്മാവിനെ ഉള്ളിൽ കൊണ്ടുനടക്കുന്നവരുടെ സാക്ഷ്യത്തിലൂടെയാണ് ഉത്ഥിതനായ ക്രിസ്തുവിന്റെ സമ്മാനമാകുന്ന സമാധാനം ലോകത്ത് ദൃശ്യമാകുകയെന്ന് ഓർമ്മിപ്പിച്ചു.

2024-ൽ കൊറിയയിലെ സിയൂളിൽ വച്ച് നടക്കാനിരിക്കുന്ന ആഗോളയുവജനസംഗമത്തിന് തയ്യാറെടുക്കുന്നതിന്റെ ഭാഗം കൂടിയാണ് നവംബർ 23-ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂപതാതലത്തിൽ ആഘോഷിക്കപ്പെടുന്ന യുവജനദിനം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 ഒക്‌ടോബർ 2025, 13:05