ക്രിസ്ത്യാനികൾ കുടുംബങ്ങളെ സംരക്ഷിക്കുവാനും, പ്രതിരോധിക്കുവാനും വിളിക്കപ്പെട്ടിരിക്കുന്നു: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
വ്യത്യസ്ത സാമൂഹിക, സാമ്പത്തിക, സാംസ്കാരിക സന്ദർഭങ്ങളിൽ, സുവിശേഷവുമായി പൊരുത്തപ്പെടുന്ന ഒരു ജീവിതശൈലിയിലൂടെ, കുടുംബത്തെ പിന്തുണയ്ക്കാനും പ്രതിരോധിക്കാനും പ്രോത്സാഹിപ്പിക്കാനും ഏവർക്കും കടമയുണ്ടെന്നു ഓർമ്മപ്പെടുത്തികൊണ്ട്, വിവാഹത്തിന്റെയും, കുടുംബജീവിതത്തിന്റെയും പ്രാധാന്യത്തെ അടിവരയിടുന്നതിനും, ഇവയുടെ അജപാലനശുശ്രൂഷയിൽ പരിശീലനം നല്കുന്നതിനുമായി സ്ഥാപിച്ച, ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ ദൈവശാസ്ത്ര ഗവേഷണ സ്ഥാപനത്തിലെ അംഗങ്ങളെ, ലിയോ പതിനാലാമൻ പാപ്പാ, അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു.
1980 ലെ കുടുംബത്തെക്കുറിച്ചുള്ള സിനഡിന്റെ പശ്ചാത്തലത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ പ്രവചനാത്മക ദർശനത്തിൽ പിറന്ന ഗവേഷണ ശാലയാണിതെന്നും, അത് അജപാലന മേഖലയിൽ പ്രാദേശിക സഭകളിലെ കുടുംബങ്ങളെ സഹായിക്കുന്നതിനും, രൂപപ്പെടുത്തുന്നതിനും പ്രാധാന്യമർഹിക്കുന്നുവെന്നും എടുത്തു പറഞ്ഞു.
കുടുംബജീവിതം, തൊഴിൽ ലോകം, സാമൂഹിക നീതി എന്നിവ തമ്മിലുള്ള സംഭാഷണം ത്വരിതപ്പെടുത്തുന്നതിനും, സമാധാനം, ജീവിത-ആരോഗ്യ പരിപാലനം, സമഗ്ര മാനവവികസനം, യുവജന തൊഴിൽ, സാമ്പത്തിക സുസ്ഥിരത തുടങ്ങിയ വലിയ പ്രസക്തമായ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിനും, സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടയിൽ തുല്യ അവസരങ്ങൾ, പ്രത്യുത്പാദന ഘടകങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളെ ഗവേഷണം നടത്തുന്നതിനും, സ്ഥാപനത്തിനുള്ള കടമകളെയും പാപ്പാ അടിവരയിട്ടു പറഞ്ഞു. പരിശുദ്ധാത്മാവിന്റെ കൃപയിലും ക്രിസ്തുവിന്റെ മാതൃകയിലും ഈ പഠനങ്ങൾ മുൻപോട്ടു കൊണ്ടുപോകുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു.
ലോകത്തിലേക്ക് പുതിയ ജീവൻ കൊണ്ടുവരുന്നതിന്റെ സന്തോഷം, കുഞ്ഞിനെ പ്രതീക്ഷിക്കുന്ന സ്ത്രീകളെ വാത്സല്യത്തോടെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ പറഞ്ഞ വാക്കുകൾ ഓർമ്മപ്പെടുത്തിയ പാപ്പാ, മനുഷ്യജീവനുകളെ എല്ലായ്പ്പോഴും ബഹുമാനത്തോടും കരുതലോടും നന്ദിയോടും കൂടി സ്വാഗതം ചെയ്യണമെന്നും, മാതൃത്വത്തെ അതിന്റെ പൂർണ്ണ അന്തസ്സിൽ അംഗീകരിക്കുവാൻ ഭരണകൂടങ്ങൾ തയ്യാറാവണമെന്നും പാപ്പാ ആവശ്യപ്പെട്ടു.
അജപാലന മേഖലയിൽ, ലോകത്തിന്റെ പല പ്രദേശങ്ങളിലും, വിവാഹത്തെ വിലമതിക്കാനോ നിരസിക്കാനോ ഉള്ള പ്രവണതകളെ നമുക്ക് അവഗണിക്കാൻ കഴിയില്ലയെന്നും, എന്നാൽ ഹൃദയങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന പിരിമുറുക്കങ്ങളും പ്രത്യയശാസ്ത്രങ്ങളും മാത്രമല്ല, ആത്മീയത, സത്യം, നീതി എന്നിവയ്ക്കായുള്ള വർദ്ധിച്ചുവരുന്ന അന്വേഷണവും നമ്മുടെ കാലത്തെ അടയാളപ്പെടുത്തുന്നുവെന്നും, അതിനാൽ യുവാക്കളെ കുടുംബജീവിതത്തിലേക്കുള്ള യാത്രയിൽ ഒരുക്കേണ്ടതിന്റെ ആവശ്യകത പാപ്പാ അടിവരയിട്ടു പറഞ്ഞു. സ്നേഹം, വിശ്വാസം, ക്ഷമ, അനുരഞ്ജനം, ധാരണ എന്നീ മൂല്യങ്ങളിൽ ഊന്നിക്കൊണ്ട്, കുടുംബങ്ങളുടെ സിനഡൽ മാനവും പാപ്പാ പ്രത്യേകം ചൂണ്ടിക്കാട്ടി.
ഒരു അന്താരാഷ്ട്ര സർവകലാശാല എന്ന നിലയിൽ, വിവാഹത്തിന്റെയും കുടുംബത്തിന്റെയും സേവനത്തിൽ എങ്ങനെ ഒരുമിച്ച് വളരാമെന്ന് നന്നായി മനസ്സിലാക്കുന്നതിന് , പരസ്പര ശ്രവണത്തിന്റെ പ്രാധാന്യവും പാപ്പാ എടുത്തു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
