തിരയുക

ലിയോ പതിനാലാമൻ പാപ്പാ മോൺസിഞ്ഞോർ കേർട്നി ഫ്രറ്റേർണിറ്റി അംഗങ്ങൾക്ക് കൂടിക്കാഴ്ച അനുവദിച്ചപ്പോൾ ലിയോ പതിനാലാമൻ പാപ്പാ മോൺസിഞ്ഞോർ കേർട്നി ഫ്രറ്റേർണിറ്റി അംഗങ്ങൾക്ക് കൂടിക്കാഴ്ച അനുവദിച്ചപ്പോൾ  (@Vatican Media)

യേശുക്രിസ്തുവിലാണ് നമ്മുടെയും ലോകത്തിന്റെയും പ്രത്യാശ: ലിയോ പതിനാലാമൻ പാപ്പാ

ബുറുണ്ടിയിൽനിന്നുള്ള മോൺസിഞ്ഞോർ കേർട്നി സഹോദരസംഘാംഗങ്ങൾക്ക് ലിയോ പതിനാലാമൻ പാപ്പാ ഒക്ടോബർ 22 ബുധനാഴ്ച രാവിലെ വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ചു. ദുർബലവിഭാഗങ്ങൾക്കായി ഈ ഫ്രറ്റേർണിട്ടി ചെയ്യുന്ന സേവനങ്ങൾക്ക് നന്ദി പറഞ്ഞ പാപ്പാ, യേശുക്രിസ്തുവാണ് സഭയുടെയും ലോകം മുഴുവന്റെയും പ്രത്യാശയെന്ന്, "സ്‌പേസ് നോൺ കൊൺഫൂന്തിത്" എന്ന പേരിൽ ഫ്രാൻസിസ് പാപ്പാ പുറത്തിറക്കിയ ബൂള പരാമർശിച്ചുകൊണ്ട് പ്രസ്താവിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

യേശുക്രിസ്തുവിലാണ് നമ്മുടെ പ്രത്യാശയെന്ന് ഉദ്ബോധിപ്പിച്ചും, ബുറുണ്ടിയിലെ ദുർബലവിഭാഗങ്ങൾക്കായി മോൺസിഞ്ഞോർ കേർട്നി സഹോദരസംഘാംഗങ്ങൾ (Fraternité Monseigneur Courtney) ചെയ്യുന്ന സേവനങ്ങൾക്ക് നന്ദി പറഞ്ഞും ലിയോ പതിനാലാമൻ പാപ്പാ. ജൂബിലി വർഷത്തിന്റെ പശ്ചാത്തലത്തിൽ, ബുറുണ്ടിയിലേക്കുള്ള അപ്പസ്തോലിക നൂൺഷ്യോ ആർച്ച്ബിഷപ് ദ്യോദൊണേ ദാത്തൊനൂവിനൊപ്പം (H.G. Msgr. Dieudonné Datonou) വത്തിക്കാനിലെത്തിയ മോൺസിഞ്ഞോർ കേർട്നി ഫ്രറ്റേർണിറ്റി അംഗങ്ങൾക്ക് ഒക്ടോബർ 22 ബുധനാഴ്ച രാവിലെ വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് യേശുക്രിസ്തുവാണ് സഭയുടെയും ലോകം മുഴുവന്റെയും പ്രത്യാശയെന്ന് "സ്‌പേസ് നോൺ കൊൺഫൂന്തിത്" (Spes non confundit) എന്ന പേരിൽ ഫ്രാൻസിസ് പാപ്പാ പുറത്തിറക്കിയ ബൂള പരാമർശിച്ചുകൊണ്ട് ലിയോ പതിനാലാമൻ പാപ്പാ പ്രസ്താവിച്ചത്.

ഇന്നത്തെ ലോകത്തിന് ക്രിസ്തുവെന്ന പ്രത്യാശ ആവശ്യമുണ്ടെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ്, നാമിന്ന് തീർത്ഥാടകരായി അവനെ കണ്ടെത്താനായി സഞ്ചരിക്കുന്നതെന്ന് പറഞ്ഞ പാപ്പാ, അവനെ നമ്മുടെ ജീവിതത്തിന്റെയും, ലോകം മുഴുവന്റെയും ജീവന്റെയും കേന്ദ്രമാക്കി നമുക്ക് തിരികെ പ്രതിഷ്ഠിക്കാമെന്ന് ഉദ്‌ബോധിപ്പിച്ചു.

പ്രത്യാശയിൽ കൂടുതൽ ശക്തരായും കൂടുതൽ തയ്യാറെടുപ്പോടെയും, സുവിശേഷത്തിന്റെ വെളിച്ചത്തിൽ എല്ലാ മനുഷ്യരുടെയും സമഗ്രവികസനത്തിനായി പ്രവർത്തിക്കാനുള്ള ഒരുക്കത്തോടെ ഈ തീർത്ഥാടനത്തിന് ശേഷം തിരികെ തങ്ങളുടെ നാട്ടിലേക്ക് മടങ്ങാൻ പാപ്പാ ഫ്രറ്റേർണിറ്റി അംഗങ്ങളെ ആഹ്വാനം ചെയ്തു.

ബുറുണ്ടിയിലെ ദുർബലവിഭാഗം ജനങ്ങൾക്കുവേണ്ടി ഫ്രറ്റേർണിറ്റി സംഘാംഗങ്ങൾ ചെയ്യുന്ന സേവനങ്ങൾക്ക് നന്ദി പറഞ്ഞ പാപ്പാ, ഇതുവഴി, ആ ജനതയ്ക്കുവേണ്ടി സ്വയം സമർപ്പിക്കുകയും, ആ രാജ്യത്തെ സമാധാനത്തിനുവേണ്ടി സ്വജീവൻ നൽകുകയും ചെയ്ത മോൺസിഞ്ഞോർ കേർട്നിയുടെ ഓർമ്മയെയാണ് നിങ്ങൾ ആദരിക്കുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു.

മെച്ചപ്പെട്ട ഒരു ലോകത്തെക്കുറിച്ചുള്ള പ്രത്യാശയും, ക്രിസ്തുവിനോടൊപ്പം നിങ്ങൾ ചെയ്യുന്ന സേവനങ്ങൾക്ക് നല്ല ഫലം ലഭിക്കുമെന്ന ഉറപ്പും കാത്തുസൂക്ഷിക്കാനും പാപ്പാ ഏവരെയും ക്ഷണിച്ചു.

അയർലണ്ടുകാരനും ബുറുണ്ടിയിലേക്കുള്ള അപ്പസ്തോലിക നൂൺഷ്യോയുമായിരുന്ന ആർച്ച്ബിഷപ് മൈക്കിൾ ഐഡൻ കേർട്നിയുടെ (H.G. Msgr- Michael Aidan Courtney) മരണത്തെത്തുടർന്ന് ബുറുണ്ടിയിൽ രൂപപ്പെട്ട കൂട്ടായ്മയാണ് മോൺസിഞ്ഞോർ കേർട്നി ഫ്രറ്റേർണിറ്റി 2003 ഡിസംബർ 29-ന് ബുറുണ്ടിയിലെ മിനാഗോ (Minago) എന്നയിടത്തുവച്ച്, തന്റെ അൻപത്തിയെട്ടാം വയസ്സിൽ കൊല്ലപ്പെടുകയായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ഒക്‌ടോബർ 2025, 14:02