മഡഗാസ്കറിലെ സംഘർഷങ്ങളിൽ ആശങ്കയും ദുഃഖവും രേഖപ്പെടുത്തി ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മഡഗാസ്കറിലെ പ്രക്ഷോഭങ്ങൾ എത്രയും വേഗം അവസാനിക്കട്ടെയെന്നും, നീതിയും പൊതുനന്മയും ഉയർത്തിപ്പിടിക്കുന്നതിലൂടെ സാമൂഹിക ഐക്യം നിലവിൽ വരട്ടെയെന്നും ലിയോ പതിനാലാമൻ പാപ്പാ. ഒക്ടോബർ 1 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ സംസാരിക്കവെ, കിഴക്കൻ ആഫ്രിക്കയിലെ ദ്വീപരാജ്യമായ മഡഗാസ്കറിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയർന്നുവരുന്ന കലാപങ്ങളെയും പ്രക്ഷോഭങ്ങളെയും കുറിച്ച് പരാമർശിച്ച പാപ്പാ അതുമായി ബന്ധപ്പെട്ട് അവിടെ നിരവധിപേർ കൊല്ലപ്പെട്ടതിൽ ദുഃഖം രേഖപ്പെടുത്തി.
ചിലരുടെ മരണത്തിനും, നൂറുകണക്കിനാളുകൾക്ക് പരിക്കിനും കാരണമാകുന്ന വിധത്തിൽ, മഡഗാസ്കറിൽ നിയമപാലകരും യുവ പ്രതിഷേധക്കാരും തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടലുകൾ നടന്നു എന്ന വാർത്തയിൽ താൻ ദുഃഖിതനാണെന്നാണ് പാപ്പാ പ്രസ്താവിച്ചത്.
യാതൊരുതരം ആക്രമണങ്ങളും ഉണ്ടാകാതിരിക്കാനും, നീതിയും പൊതുനന്മയും പ്രോത്സാഹിപ്പിക്കപ്പെടുന്നതുവഴി, സാമൂഹിക ഐക്യത്തിനായുള്ള ശ്രമങ്ങൾ പിന്തുണയ്ക്കപ്പെടാനും വേണ്ടി നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.
കൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസരത്തിൽ സ്പാനിഷ് ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ്, ആഫ്രിക്കൻ വൻകരയുടെ കിഴക്കുഭാഗത്തായി ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപരാജ്യത്തിൽ നടന്നുവരുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് പാപ്പാ പരാമർശിച്ചത്.
അടുത്തിടെ കെനിയയിയിലും നേപ്പാളിലും ഉണ്ടായ "ജെൻസി" (Gen Z) പ്രക്ഷോഭങ്ങളിൽനിന്ന് പ്രേരണയുൾക്കൊണ്ടാണ് മഡഗാസ്കറിലും രാജ്യചരിത്രത്തിൽ ഉണ്ടായ ഏറ്റവും വലിയ ഈയൊരു പ്രഷോഭം ഉടലെടുത്തത്. പ്രഷോഭം കടുത്തതിനെത്തെത്തടുർന്ന് പ്രസിഡന്റ് അന്ത്രീ രാജോയെൽന സെപ്റ്റംബർ 29-ന് രാജ്യത്തെ സർക്കാർ പിരിച്ചുവിട്ടിരുന്നു.
രാജ്യം കടന്നുപോകുന്ന സാമ്പത്തിക, സാമൂഹികപ്രതിസന്ധികളുടെയും അടുത്തിടെ രാജ്യത്തെ വിവിധയിടങ്ങളിൽ ജലവും വൈദ്യുതിയും വിശ്ചേദിക്കപ്പെട്ടതിന്റെയും പശ്ചാത്തലത്തിൽ, സെപ്റ്റംബർ 25 മുതൽ ആരംഭിച്ച പ്രതിഷേധപ്രകടനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളിൽ ഇരുപതിലധികം പേർ കൊല്ലപ്പെട്ടതായി നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ രാജ്യത്തെ വിദേശകാര്യമന്ത്രാലയം ഈ കണക്കുകൾ തള്ളിക്കളഞ്ഞിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
