തിരയുക

പാപ്പാ:സമാധാനം ദാനമായി സ്വീകരിക്കാത്തവർക്ക് സമാധാന പ്രദായകരാകാനാകില്ല!

ഏഴു ദൈവദാസർ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടു. വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ വിവിധരാജ്യക്കാരായിരുന്ന എഴുപതിനായിരത്തോളം വിശ്വാസികളുടെ സാന്നിധ്യത്തിൽ ലിയൊ പതിനാലമൻ പാപ്പാ ഒക്ടോബർ 19-ന്, ഞായറാഴ്ചയാണ് ഇഗ്നേഷ്യസ് ചൗക്രല്ല മലോയൻ, പീറ്റർ തൊ റോത്ത് എന്നീ നിണസാക്ഷികളെയും മരിയ ത്രൊങ്കാത്തി, വിൻചേൻസ മരിയ പൊളോണി, കാർമെൻ റെന്തീലെസ് മർത്തീനെസ്, ബർത്തോളൊ ലോംഗോ, ഹൊസേ ഗ്രെഗോറിയൊ ഹെർണാണ്ടെസ് സിസ്‌നെറോസ് എന്നീ വാഴ്ത്തപ്പെട്ടവരെയും സഭയിലെ വിശുദ്ധരുടെ ഗണത്തിൽ ചേർത്തത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തിരുസഭയിൽ പ്രേഷിത ഞായർ ആചരിക്കപ്പെട്ട ഒക്ടോബർ 19-ന് ഞായറാഴ്ച 7 വാഴ്ത്തപ്പെട്ടവർ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടു. ഞായറാഴ്ച രാവിലെ പ്രാദേശികസമയം 10.30-ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ ലിയൊ പതിനാലാമൻ പാപ്പായുടെ മുഖ്യകാർമ്മിത്വത്തിൽ അർപ്പിക്കപ്പെട്ട സാഘോഷമായ ദിവ്യബലി മദ്ധ്യേ ആയിരുന്നു ഈ വിശുദ്ധപദ പ്രഖ്യാപനം. ആമുഖ പ്രാർത്ഥന, റൂഹാ ക്ഷണ പ്രാർത്ഥന, 7 വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കണമെന്ന് വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ, അഥവാ, പ്രീഫെക്ട് കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ പാപ്പായോടു നടത്തിയ ഔപചാരിക അഭ്യർത്ഥന, സകലവിശുദ്ധരുടെയും ലുത്തീനിയ എന്നിവയ്ക്കു ശേഷം പാപ്പാ വിശുദ്ധപദ പ്രഖ്യാപനം നടത്തി. ബസിലിക്കാങ്കണത്തിൽ വിവിധരാജ്യക്കാരായിരുന്ന എഴുപതിനായിരത്തോളം പേർ ഇതിനു സാക്ഷ്യം വഹിച്ചു. ഈ വിശുദ്ധപദ പ്രഖ്യാപനാന്തരം കർദ്ദിനാൾ സെമെറാറൊ പോസ്റ്റുലേറ്റർമാരോടൊപ്പം പാപ്പായ്ക്ക് നന്ദിയർപ്പിച്ചു. അതിനുശേഷം ദിവ്യബലി അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം എന്ന സ്തുതിഗീതത്തോടെ തുടർന്നു.    വിശുദ്ധഗ്രന്ഥഭാഗ വായനകൾക്കുശേഷം പാപ്പാ സുവിശേഷസന്ദേശം നല്കി. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണം ഇപ്രകാരം വിവർത്തനം ചെയ്യാം:

വിശ്വാസം ദൈവവും മാനവരാശിയും തമ്മിലുള്ള സ്നേഹബന്ധം

പ്രിയ സഹോദരീ സഹോദരന്മാരേ,

ഇപ്പോൾ പ്രഘോഷിക്കപ്പെട്ട സുവിശേഷം അവസാനിക്കുന്ന ചോദ്യമാണ് നമ്മുടെ വിചിന്തനത്തിന് തുടക്കം കുറിക്കുന്നത്: "മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?" (ലൂക്കാ 18:8). കർത്താവിൻറെ ദൃഷ്ടിയിൽ ഏറ്റവും വിലപ്പെട്ടതെന്താണെന്ന് ഈ ചോദ്യം നമുക്ക് വെളിപ്പെടുത്തിത്തരുന്നു: അത് വിശ്വാസമാണ്, അതായത്, ദൈവവും മാനവരാശിയും തമ്മിലുള്ള സ്നേഹബന്ധം. ഇന്ന്, നമ്മുടെ മുന്നിൽ ഏഴ് സാക്ഷികൾ, പുതിയ വിശുദ്ധന്മാരും വിശുദ്ധകളും നിൽക്കുന്നു, ദൈവകൃപയാൽ വിശ്വാസത്തിൻറെ വിളക്ക് തെളിച്ചുവെച്ചവരാണ് അവർ; തീർച്ചയായും, അവർ തന്നെ ക്രിസ്തുവിൻറെ വെളിച്ചം പരത്താൻ കഴിവുറ്റ വിളക്കുകളായി മാറിയിരിക്കുന്നു.

ഈ ലോക വസ്തുക്കൾക്ക് പൊരുളേകുന്നത് വിശ്വാസം

ഭൗതികവും സാംസ്കാരികവും ശാസ്ത്രീയവും കലാപരവുമായ മഹത്തായ വസ്തുക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ, വിശ്വാസം മികച്ചതായിത്തീരുന്നത് അവ നിന്ദിക്കപ്പെടേണ്ടവ ആയതുകൊണ്ടല്ല, മറിച്ച് വിശ്വാസത്തിൻറെ അഭാവത്തിൽ അവയ്ക്ക് അർത്ഥം നഷ്ടപ്പെടുന്നതിനാലാണ്. ദൈവവുമായുള്ള ബന്ധം പരമപ്രധാനമാണ്, കാരണം അവൻ കാലത്തിൻറെ തുടക്കത്തിൽ, ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാം സൃഷ്ടിച്ചു, കാലാന്ത്യത്തിൽ അവൻ മർത്യജീവികളെ ഒന്നുമില്ലായ്മയിൽ നിന്ന് രക്ഷിക്കുന്നു. വിശ്വാസമില്ലാത്ത ഒരു ഭൂമി പിതാവില്ലാതെ ജീവിക്കുന്ന കുട്ടികളാൽ, അതായത്, അരക്ഷിത സൃഷ്ടികളാൽ നിറഞ്ഞിരിക്കും.

വിശ്വാസത്തിൻറെ അഭാവം നമ്മെ പ്രത്യാശാരഹിതരാക്കും

അതുകൊണ്ടാണ്, മനുഷ്യനായിത്തീർന്ന ദൈവപുത്രനായ യേശു വിശ്വാസത്തെക്കുറിച്ച് ചോദിക്കുന്നത്: അത് ലോകത്തിൽ നിന്ന് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും? ആകാശവും ഭൂമിയും മുമ്പത്തെപ്പോലെ തന്നെ തുടരും, പക്ഷേ നമ്മുടെ ഹൃദയങ്ങളിൽ മേലിൽ പ്രത്യാശ ഉണ്ടായിരിക്കില്ല; മരണം എല്ലാവരുടെയും സ്വാതന്ത്ര്യത്തെ പരാജയപ്പെടുത്തും; നമ്മുടെ ജീവിതാഭിലാഷം ഒന്നുമില്ലായ്മയിലേക്ക് നിപതിക്കും. ദൈവത്തിൽ വിശ്വാസമില്ലെങ്കിൽ, നമുക്ക് രക്ഷയ്ക്കായി പ്രത്യാശിക്കാൻ കഴിയില്ല. അപ്പോൾ, യേശുവിൻറെ ചോദ്യം നമ്മെ അസ്വസ്ഥരാക്കുന്നു, അതെ, പക്ഷേ അത് ചോദിക്കുന്നത് യേശു തന്നെയാണ് എന്ന കാര്യം നാം മറന്നുപോയാൽ മാത്രം. വാസ്തവത്തിൽ, കർത്താവിൻറെ വചസ്സുകൾ എല്ലായ്പ്പോഴും സുവിശേഷമായി, അതായത്, രക്ഷയുടെ സന്തോഷകരമായ വിളംബരമായി നിലകൊള്ളുന്നു. ഈ രക്ഷ പിതാവിൽ നിന്ന്, പുത്രനിലൂടെ, പരിശുദ്ധാത്മാവിൻറെ ശക്തിയാൽ നമുക്ക് ലഭിക്കുന്ന നിത്യജീവൻറെ ദാനമാണ്.

നിരന്തര പ്രാർത്ഥനയുടെ അനിവാര്യത

ഏറ്റവും പ്രിയമുള്ളവരേ, ഇക്കാരണത്താൽത്തന്നെ ക്രിസ്തു തൻറെ ശിഷ്യരോട് "ഭഗ്നാശരാകാതെ എപ്പോഴും പ്രാർത്ഥിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച്" സംസാരിക്കുന്നു (ലൂക്കാ 18:1): ശ്വസിക്കുന്നതിൽ നാം തളരാത്തതുപോലെ, നമ്മൾ പ്രാർത്ഥിക്കുന്നതിൽ മടുക്കരുത്! ശ്വസനം ശരീരത്തിൻറെ ജീവൻ നിലനിർത്തുന്നതുപോലെ, പ്രാർത്ഥന ആത്മാവിൻറെ ജീവൻ നിലനിർത്തുന്നു: വിശ്വാസം, വാസ്തവത്തിൽ, പ്രാർത്ഥനയിൽ ആവിഷ്കൃതമാകുന്നു, യഥാർത്ഥ പ്രാർത്ഥന വിശ്വാസത്താലാണ് ജീവിക്കുന്നത്.

ഒരു ഉപമയിലൂടെ യേശു നമുക്ക് ഈ ബന്ധം കാണിച്ചുതരുന്നു: ഒരു വിധവയുടെ നിർബന്ധിത അഭ്യർത്ഥനകൾക്ക് ഒരു ന്യായാധിപൻ ചെവികൊടുക്കുന്നില്ല, എന്നാൽ അവളുടെ നിർബന്ധം ഒടുവിൽ അവനെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു. ആദ്യ നോട്ടത്തിൽ, ഈ നിർബന്ധബുദ്ധി നമ്മെ സംബന്ധിച്ചിടത്തോളം പ്രത്യാശയുടെ മനോഹരമായ ഒരു ഉദാഹരണമായി മാറുന്നു, പ്രത്യേകിച്ച് പരീക്ഷണങ്ങളുടെയും കഷ്ടപ്പാടുകളുടെയും സമയങ്ങളിൽ. ആ സ്ത്രീയുടെ സ്ഥൈര്യവും മനസ്സില്ലാമനസ്സോടെ പ്രവർത്തിക്കുന്ന ന്യായാധിപൻറെ പെരുമാറ്റവും, നല്ല പിതാവായ ദൈവം, "രാവും പകലും തന്നെ വിളിച്ചു കരയയുന്ന തൻറെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് നീതിനടത്തിക്കൊടുക്കില്ലേ?" (ലൂക്കാ 18:7) എന്ന യേശുവിൻറെ പ്രകോപനപരമായ ചോദ്യം ഉളവാക്കുന്നു.

പ്രലോഭനങ്ങൾ

ഈ വാക്കുകൾ  നമുക്ക് നമ്മുടെ മനസ്സാക്ഷിയിൽ മുഴങ്ങുമാറാക്കാം: ദൈവം എല്ലാവരുടെയും നീതിമാനായ ന്യായാധിപനാണെന്ന് നാം വിശ്വസിക്കുന്നുണ്ടോ എന്ന് കർത്താവ് നമ്മോട് ചോദിക്കുന്നു. പിതാവ് എപ്പോഴും നമ്മുടെ നന്മയും എല്ലാവരുടെയും രക്ഷയും ആഗ്രഹിക്കുന്നുവെന്ന് നാം വിശ്വസിക്കുന്നുണ്ടോ എന്ന് പുത്രൻ നമ്മോട് ചോദിക്കുന്നു.  ഇക്കാര്യത്തിൽ, രണ്ട് പ്രലോഭനങ്ങൾ നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കുന്നു: ആദ്യത്തേത് തിന്മയുടെതായ നിന്ദനത്തിൽനിന്ന് ശക്തിയാർജ്ജിക്കുന്നു, ദൈവം അടിച്ചമർത്തപ്പെട്ടവരുടെ നിലവിളി കേൾക്കുന്നില്ലെന്നും കഷ്ടതയനുഭവിക്കുന്ന നിരപരാധികളോട് കരുണ കാണിക്കുന്നില്ലെന്നും വിശ്വസിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. രണ്ടാമത്തെ പ്രലോഭനം ദൈവം നമ്മുടെ ഹിതാനുസാരം പ്രവർത്തിക്കണമെന്ന അവകാശവാദമാണ്: അതായത്, നീതിമാനും കാര്യക്ഷമതയുള്ളവനുമായിരിക്കാൻ ദൈവത്തെ പഠിപ്പിക്കുന്നതിനെന്നോണം പ്രാർത്ഥന അപ്പോൾ അവനോടുള്ള ഒരു ആജ്ഞയിലേക്ക് വഴിമാറുന്നു,

ദൈവഹിതം നിറവേറ്റൽ

പുത്രനിർവ്വിശേഷ വിശ്വാസത്തിൻറെ പരിപൂർണ്ണ സാക്ഷിയായ യേശു, രണ്ട് പ്രലോഭനങ്ങളിൽ നിന്നും നമ്മെ വിമുക്തരാക്കുന്നു. അവൻ നിരപരാധിയാണ്, പ്രത്യേകിച്ച് തൻറെ പീഡാനുഭവ സമയത്ത്, അവിടന്ന് ഇപ്രകാരം പ്രാർത്ഥിക്കുന്നു: "പിതാവേ, നിൻറെ ഇഷ്ടം നിറവേറട്ടെ" (ലൂക്കാ 22:42 കാണുക). സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിൽ ഗുരു നമുക്കേകുന്ന അതേ വാക്കുകളാണിത്. എന്ത്തന്നെ സംഭവിച്ചാലും, യേശു പുത്രനെന്ന നിലയിൽ പിതാവിൽ ശരണംവയ്ക്കുന്നു; അതിനാൽ,നമ്മൾ സഹോദരീസഹോദരെന്ന നിലയിൽ, അവൻറെ നാമത്തിൽ, പ്രഖ്യാപിക്കുന്നു: "കർത്താവും പരിശുദ്ധനും സർവ്വശക്തനും നിത്യനുമായ ദൈവമേ, ഞങ്ങളുടെ കർത്താവായ ക്രിസ്തുവിലൂടെ അങ്ങേക്ക് എന്നും എല്ലായിടത്തും നന്ദി പറയേണ്ടത് യഥാർത്ഥത്തിൽ  ശരിയും നീതിയും, ഞങ്ങളുടെ കടമയും രക്ഷയും ആണ്" (റോമൻ മിസ്സൽ, യൂക്കറിസ്റ്റിക് പ്രാർത്ഥന II, ആമുഖം).

ദൈവസാന്നിധ്യം സഹനവിധേയരുടെ ചാരെ

ദൈവം എല്ലാവർക്കും വേണ്ടി തൻറെ ജീവനേകി നീതി പുലർത്തുന്നുവെന്ന് സഭയുടെ പ്രാർത്ഥന നമ്മെ ഓർമ്മിപ്പിക്കുന്നു. അങ്ങനെ, "നീ എവിടെയാണ്?" എന്ന് നാം കർത്താവിനോട് നിലവിളിക്കുമ്പോൾ, ഈ ആമന്ത്രണത്തെ നാം പ്രാർത്ഥനയാക്കി മാറ്റുകയും നിരപരാധികൾ കഷ്ടപ്പെടുന്നിടത്താണ് ദൈവം ഉള്ളതെന്ന് അപ്പോൾ നാം തിരിച്ചറിയുകയും ചെയ്യുന്നു. ക്രിസ്തുവിൻറെ കുരിശ് ദൈവത്തിൻറെ നീതി വെളിപ്പെടുത്തുന്നു. ദൈവത്തിൻറെ നീതി ക്ഷമയാണ്: അവൻ തിന്മ കാണുകയും അത് സ്വയം ഏറ്റെടുത്തുകൊണ്ട് അതിനെ വീണ്ടെടുക്കുകയും ചെയ്യുന്നു. വേദന, അക്രമം, വിദ്വേഷം, യുദ്ധം എന്നിവയാൽ നാം ക്രൂശിക്കപ്പെടുമ്പോൾ, ക്രിസ്തു ഇതിനകം തന്നെ അവിടെയുണ്ട്, കുരിശിൽ നമുക്കുവേണ്ടിയും, നമ്മോടൊപ്പവും. ദൈവം ആശ്വസിപ്പിക്കാത്ത ഒരു നിലവിളിയുമില്ല; അവൻറെ ഹൃദയത്തിൽ നിന്ന് അകലെയായ ഒരു കണ്ണുനീരും ഇല്ല. കർത്താവ് നമ്മെ അവനെപ്പോലെയാക്കുന്നതിനു വേണ്ടി നമ്മെ ശ്രവിക്കുന്നു, നമ്മളായിരിക്കുന്നതുപോലെ നമ്മെ ആശ്ലേഷിക്കുന്നു. നേരെമറിച്ച്, ദൈവത്തിൻറെ കരുണ നിരസിക്കുന്നവർ മറ്റുള്ളവരോട് കരുണ കാണിക്കാൻ കഴിവില്ലാത്തവരായിപ്പോകുന്നു. സമാധാനം ഒരു ദാനമായി സ്വീകരിക്കാത്തവർക്ക് സമാധാനം പ്രദാനം ചെയ്യാനാകില്ല.

പ്രത്യാശയിലേക്കുള്ള ക്ഷണവും നവവിശുദ്ധരും

ഏറ്റവും പ്രിയമുള്ളവരേ, യേശുവിൻറെ ചോദ്യങ്ങൾ പ്രത്യാശയിലേക്കും പ്രവർത്തനത്തിലേക്കുമുള്ള ശക്തമായ ക്ഷണമാണെന്ന് ഇപ്പോൾ നാം മനസ്സിലാക്കുന്നു: മനുഷ്യപുത്രൻ വരുമ്പോൾ, അവൻ ദൈവത്തിൻറെ കരുതലിൽ വിശ്വാസം കണ്ടെത്തുമോ? നീതിയോടുള്ള നമ്മുടെ പ്രതിബദ്ധതയെ നിലനിർത്തുന്നത് വാസ്തവത്തിൽ ഈ വിശ്വാസമാണ്, കാരണം ദൈവം ലോകത്തെ സ്നേഹത്തെപ്രതി രക്ഷിക്കുകയും നമ്മെ വിധികല്പിതവിശ്വാസത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്നുവെന്ന് നാം വിശ്വസിക്കുന്നു. ആകയാൽ നമുക്ക് സ്വയം ചോദിക്കാം: ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ അഭ്യർത്ഥന കേൾക്കുമ്പോൾ, നാം, ക്രിസ്തു എല്ലാവർക്കുമായിരുന്നതുപോലെ, പിതാവിൻറെ സ്നേഹത്തിൻറെ സാക്ഷികളാണോ? ഇന്നത്തെ പുതിയ വിശുദ്ധർ സാക്ഷ്യപ്പെടുത്തുന്നതുപോലെ, അവൻ അഹങ്കാരികളെ മനപരിവർത്തനത്തിലേക്ക് വിളിക്കുന്ന എളിമയുള്ളവനാണ്, നമ്മെ നീതിമാന്മാരാക്കുന്ന നീതിമാനാണ്. നവവിശുദ്ധർ, അവർ വീരന്മാരല്ല, ചില ആദർശങ്ങളുടെ രണശൂരന്മാർ അല്ല, മറിച്ച് യഥാർത്ഥ സ്ത്രീപുരുഷന്മാരാണ്.

ക്രിസ്തുവിൻറെ ഈ വിശ്വസ്ത സുഹൃത്തുക്കൾ, മെത്രാൻ ഇഗ്നേഷ്യസ് ചൗക്രല്ല മലോയൻ, മതബോധകനായ പീറ്റർ തൊ റോത്ത് എന്നിവർ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷികളായവരാണ്; സഹോദരി മരിയ ത്രൊങ്കാത്തിയെപ്പോലെ അവർ സുവിശേഷവത്കർത്താക്കളും പ്രേഷിതരുമാണ്; സഹോദരി വിൻചേൻസ മരിയ പൊളോണി, സഹോദരി കാർമെൻ റെന്തീലെസ് മർത്തീനെസ് എന്നിവരെപ്പോലെ ഊർജ്ജിതപ്രഭാവമാർന്ന സ്ഥാപകരാണ് അവർ; ബർത്തോളൊ ലോംഗോയെയും ഹൊസേ ഗ്രെഗോറിയൊ ഹെർണാണ്ടെസ് സിസ്‌നെറോസിനെയും പോലെ  ഭക്തിയാൽ തീക്ഷ്ണമായ ഹൃദയങ്ങളോടെ, നരകുലത്തിൻറെ അഭ്യുദയകാംക്ഷികളാണ് അവർ. അവരുടെ മാദ്ധ്യസ്ഥ്യം നമ്മെ പരീക്ഷണങ്ങളിൽ സഹായിക്കട്ടെ, അവരുടെ മാതൃക വിശുദ്ധിയിലേക്കുള്ള നമ്മുടെ പൊതുവായ വിളിയിൽ നമുക്ക് പ്രചോദനമേകട്ടെ. നാം ഈ ലക്ഷ്യത്തിലേക്ക്  യാത്രചെയ്യുമ്പോൾ, നമുക്ക് അക്ഷീണം പ്രാർത്ഥിക്കാം, നമ്മൾ പഠിച്ചതിൽ ഉറച്ചുനിൽക്കാം, ഉറച്ചു വിശ്വസിക്കാം (2 തിമോത്തിയോസ് 3:14 കാണുക). അങ്ങനെ ഭൂമിയിലെ വിശ്വാസം സ്വർഗ്ഗത്തിനായുള്ള പ്രത്യാശയെ നിലനിർത്തുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 ഒക്‌ടോബർ 2025, 09:15