ഗ്വാദലൂപ്പെ മാതാവിന്റെ അൾത്താരയിൽനിന്നുള്ള ഒരു ദൃശ്യം ഗ്വാദലൂപ്പെ മാതാവിന്റെ അൾത്താരയിൽനിന്നുള്ള ഒരു ദൃശ്യം 

ജൂബിലി ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിന്റെ സന്തോഷം പകരാനുള്ള സമയം: “ഇന്ത്യൻ” ദൈവശാസ്ത്രചിന്തകരോട് പാപ്പാ

ജൂബിലി വർഷത്തിൽ, ക്രിസ്തുവുമായുള്ള ബന്ധം ഉളവാക്കുന്ന ആനന്ദം മറ്റുള്ളവരിലേക്ക് പകരാനും, അനുരഞ്ജനത്തിനുള്ള വിളി തിരിച്ചറിയാനും, പ്രത്യാശയുടെ സന്ദേശം പങ്കുവയ്ക്കാനും "ഇന്ത്യൻ” ദൈവശാസ്ത്രചിന്തകരോട് ലിയോ പതിനാലാമൻ പാപ്പാ. "തദ്ദേശീയ ജനതകളുടെയും, ഇന്ത്യൻ ദൈവശാസ്ത്രചിന്തകരുടെയും ശ്രുംഖലയ്ക്ക്" ജൂബിലിയുടെ പശ്ചാത്തലത്തിൽ നൽകിയ സന്ദേശത്തിൽ, സഭയുടെ ആഗോളപരത പാപ്പാ പരാമർശിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ജൂബിലിയുടെ സമയം, ക്രിസ്തുവുമായുള്ള ബന്ധം നൽകുന്ന ആനന്ദം ലോകത്ത് പരത്താനും, മറ്റുള്ളവരോടും തങ്ങളോടുതന്നെയുമുള്ള  അനുരഞ്ജനത്തിന്റെ അവസരമാക്കി മാറ്റാനും, പ്രത്യാശയുടെ സന്ദേശം മറ്റുള്ളവരുമായും മറ്റുള്ളവർക്കൊപ്പവും പങ്കുവയ്ക്കാനും "ഇന്ത്യൻ ദൈവശാസ്ത്രചിന്തകരെ" ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. തെക്കേ അമേരിക്കയിൽനിന്നുള്ള "തദ്ദേശീയ ജനതകളുടെയും, ഇന്ത്യൻ ദൈവശാസ്ത്രചിന്തകരുടെയും ശ്രുംഖലയ്ക്ക്" ജൂബിലിയുടെ പശ്ചാത്തലത്തിൽ ഒക്ടോബർ 16 വ്യാഴാഴ്ച നൽകിയ സന്ദേശത്തിലാണ് ജൂബിലി വർഷം മുന്നോട്ടുവയ്ക്കുന്ന ചിന്തകൾ പാപ്പാ പങ്കുവച്ചത്.

സഭാത്മകചിന്തകൾക്കും, സൃഷ്ടിയും സൃഷ്ടാവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിചിന്തനങ്ങൾക്കും ഉപകാരപ്രദമാകുന്ന വിധത്തിൽ "തദ്ദേശീയ ജനതകളും, അമേരിക്കൻ ഭൂഖണ്ഡത്തിൽനിന്നുള്ള ഇന്ത്യൻ തദ്ദേശീയ സംസ്കാരവുമായി ബന്ധപ്പെട്ട ദൈവശാസ്ത്രവും" പങ്കുവയ്ക്കുന്ന സംഭാവനകൾക്ക് പാപ്പാ നന്ദി പറഞ്ഞു.

വിശുദ്ധ വാതിൽ കടക്കുന്നതിലൂടെ പ്രതീകാത്മകമായ ഒരു ചടങ്ങ് എന്നതിലുപരി വിശ്വാസപൂർവ്വം, ദൈവസ്നേഹമൊഴുകുന്ന ക്രിസ്തുവിന്റെ മുറിപ്പാടിലേക്കാണ് നാം പ്രവേശിക്കുന്നതെന്ന് ലിയോ പാപ്പാ ഓർമ്മിപ്പിച്ചു. പരസ്പരം സഹോദരങ്ങൾ എന്ന നിലയിലും പ്രത്യാശയിലേക്ക് വിളിക്കപ്പെട്ടവർ എന്ന നിലയിലും ചരിത്രത്തെക്കുറിച്ച് പുനർവിചിന്തനം ചെയ്യാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

"തദ്ദേശീയ ജനതകളുടെ" സുവിശേഷവത്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ നന്മതിന്മകളെക്കുറിച്ച് പ്രതിപാദിച്ച പാപ്പാ, ജൂബിലിയുടേത് അനുരഞ്ജനത്തിന്റെയും, ക്ഷമയുടെയും ഒരു സമയം കൂടിയാണെന്ന് ഓർമ്മിപ്പിച്ചു. മറ്റുളവരോട് ഹൃദയം കൊണ്ട് ക്ഷമിക്കാനും, തങ്ങളുടെ ചരിത്രവുമായി അനുരഞ്ജനപ്പെടാനും, ദൈവകരുണയ്ക്ക് നന്ദി പറയാനുമുള്ള ഒരു സമയമാണിതെന്ന് പരിശുദ്ധ പിതാവ് വിശദീകരിച്ചു.

കർത്താവ് വചനത്തിന്റെ വിത്തുകൾ എല്ലാ സംസ്കാരങ്ങളിലും നിക്ഷേപിച്ചിട്ടുണ്ടെന്നും, വ്യത്യസ്തങ്ങളായ മാർഗ്ഗങ്ങളിലൂടെ അവൻ അവയെ വളർത്തുമെന്നും പാപ്പാ എഴുതി.

സഭയുടെ മിഷനറി നിയോഗത്തെക്കുറിച്ചും പാപ്പാ തന്റെ സന്ദേശത്തിൽ പരാമർശിച്ചു. ദൈവത്തിന്റെ തിരുഹൃദയവുമായുള്ള കണ്ടുമുട്ടലിൽനിന്ന് ലഭിക്കുന്ന ആനന്ദം പകർന്നുകൊണ്ട്, ലോകമെങ്ങും സഭയെ വളർത്താൻ പാപ്പാ ആഹ്വാനം ചെയ്തു. തദ്ദേശീയ ജനതകളുടെയും, ഇന്ത്യൻ ദൈവശാസ്ത്രചിന്തകരുടെയും ശ്രുംഖലയുടെ പ്രവർത്തനങ്ങളെ ഗ്വാദലൂപ്പെ മാതാവിന്റെ സംരക്ഷണത്തിന് പാപ്പാ സമർപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ഒക്‌ടോബർ 2025, 13:47