പാലസ്തീനെ അംഗീകരിക്കുന്നതിനെക്കുറിച്ചും അനുരഞ്ജനസംവാദങ്ങളുടെ ആവശ്യത്തെക്കുറിച്ചും ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഇസ്രായേൽ-പാലസ്തീന പ്രശ്‌നപരിഹാരത്തിനായി "രണ്ടു രാജ്യങ്ങൾ" എന്ന ഒരു പോംവഴി പരിശുദ്ധ സിംഹാസനം ഏറെ വർഷങ്ങൾക്ക് മുൻപുതന്നെ അംഗീകരിച്ചിരുന്നുവെന്നും എല്ലാ ജനതകളെയും മാനിക്കുന്ന ഒരു വ്യവസ്ഥിതിക്കായാണ് നാം പരിശ്രമിക്കേണ്ടതെന്നും ലിയോ പതിനാലാമൻ പാപ്പാ. സെപ്റ്റംബർ 23 ചൊവ്വാഴ്ച വൈകുന്നേരം കസ്തേൽ ഗാന്തോൾഫോയിൽനിന്ന് തിരികെ വത്തിക്കാനിലേക്ക് പുറപ്പെടുന്നതിന് മുൻപായി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ, ആയുധങ്ങൾ കൈവെടിഞ്ഞ് സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ ഓർമ്മിപ്പിച്ചു.
പാലസ്തീനെ അംഗീകരിക്കുന്നത് പ്രശ്‌നപരിഹാരത്തിന് സഹായകരമായേക്കാമെന്ന് അഭിപ്രായപ്പെട്ട പാപ്പാ, എന്നാൽ മറുഭാഗത്തിന് ഇത് കേൾക്കാനുള്ള താല്പര്യമില്ലെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള സംവാദങ്ങൾ നിന്നുപോയെന്നും ഓർമ്മിപ്പിച്ചു.
ഗാസായിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കവെ, അവിടെയുള്ള തിരുക്കുടുംബദേവാലയവുമായി ഇപ്പോഴും താൻ ബന്ധപ്പെടുന്നുണ്ടെന്നും, ഇടവകയിൽ ഏവരും സുഖമായിരിക്കുന്നു എങ്കിലും ആക്രമണങ്ങൾ കൂടുതൽ അടുത്തെത്തിക്കൊണ്ടിരിക്കുകയാണെന്നും പാപ്പാ അറിയിച്ചു.
യൂറോപ്പിനെക്കുറിച്ചും റഷ്യൻ ആക്രമണങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയവേ, സംഘർഷങ്ങൾ രൂക്ഷമാക്കാനുള്ള ശ്രമങ്ങളാണ് പലയിടങ്ങളിലും നടക്കുന്നതെന്നും, ഇത് അനുദിനം അപകടകരമായ രീതിയിൽ കൂടുതൽ വഷളായി വരികയാണെന്നും അഭിപ്രായപ്പെട്ട പാപ്പാ, ആയുധം താഴെവയ്ക്കണമെന്നും, മിലിട്ടറി മുന്നേറ്റം തടയണമെന്നും ഓർമ്മിപ്പിച്ചു. പരസ്പരസംവാദങ്ങളുടെ വഴിയിലേക്ക് വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രതിപാദിച്ച പാപ്പാ, യൂറോപ്പ് ഒരുമിച്ച് നിന്നിരുന്നെങ്കിൽ ഏറെക്കാര്യങ്ങൾ ചെയ്യാനാകുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.
ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നതിനെക്കുറിച്ച് സംസാരിക്കവെ, യൂറോപ്പിന് പുറത്തുനിന്നുള്ള സമ്മർദ്ദം ഇതിന് പിന്നിലുണ്ടെന്നും, ഇതേക്കുറിച്ച് പരാമർശിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പരിശുദ്ധ പിതാവ് വ്യക്തമാക്കി.
സമാധാനസ്ഥാപനത്തിനായുള്ള പരിശുദ്ധസിംഹാസനത്തിന്റെ നയതന്ത്രപരമായ ശ്രമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയവേ, അംബാസഡർമാരുമായി തങ്ങൾ തുടർച്ചയായി സംസാരിക്കുന്നുണ്ടന്നും, രാജ്യത്തലവന്മാർ എത്തുമ്പോൾ അവരിലൂടെയും പരിഹാരമാർഗ്ഗങ്ങൾക്കായി തങ്ങൾ ശ്രമിക്കുന്നുണ്ടെന്നും ലിയോ പതിനാലാമൻ പാപ്പാ അറിയിച്ചു.
സെപ്റ്റംബർ 22 തിങ്കളാഴ്ചയായിരുന്നു കസ്തേൽ ഗാന്തോൾഫോയിലുള്ള വില്ല ബാർബരീനി എന്ന വേനൽക്കാലവസതിയിലേക്ക് പാപ്പാ പോയത്. സെപ്റ്റംബർ 23 ചൊവ്വാഴ്ച വൈകുന്നേരം 9 മണിയോടെയാണ് പാപ്പാ വത്തിക്കാനിലേക്ക് മടങ്ങിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
