സാങ്കേതികവിദ്യകൾ ഭിന്നിപ്പിക്കാനല്ല, ഒന്നിപ്പിക്കാൻ ഉപയോഗപ്പെടുത്തുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ദൈവദത്തമായ ബുദ്ധിശക്തിയുടെ ഫലമായ സാങ്കേതികവിദ്യ നാം ശരിയായരീതിയിൽ ഉപയോഗിക്കണമെന്നും അവയുടെ ഗുണഭോക്താക്കൾ ഏതാനുംപേർ മാത്രമാകുകയും മറ്റുള്ളവർ ഒഴിവാക്കപ്പെടുകയും ചെയ്യാൻ പാടില്ലെയെന്നും മാർപ്പാപ്പാ.
ആധുനിക സാങ്കേതികവിദ്യകൾ നല്ലരീതിയിൽ ഉപയോഗിക്കപ്പെടുന്നതിനായി പ്രാർത്ഥിക്കാൻ സഭാതനയരെ ആഹ്വാനം ചെയ്യുന്നതായ ഏപ്രിൽമാസത്തെ പ്രാർത്ഥാനനിയോഗത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്. പാപ്പായുടെ ഈ വീഡിയൊ പ്രാർത്ഥനാ നിയോഗം ഒന്നാം തീയതി ചൊവ്വാഴ്ചയാണ് (01/04/25) പരസ്യപ്പെടുത്തപ്പെട്ടത്.
ദർശനപ്രതലങ്ങളിൽ, അഥവാ,സ്ക്രീനുകളിൽ അല്ല, നേത്രങ്ങളിൽ നാം കൂടുതൽ നോക്കണം എന്നതാണ് തൻറെ ഇഷ്ടമെന്ന് പറയുന്ന പാപ്പാ ആളുകളോടൊപ്പം എന്നതിനേക്കാൾ സെൽഫോണുകളിലാണ് നാം കൂടുതൽ സമയം ചിലവഴിക്കുന്നതെങ്കിൽ എന്തോ കുഴുപ്പം ഉണ്ടെന്ന് മുന്നറിയിപ്പേകുന്നു. ശ്വസിക്കുകയും ചിരിക്കുകയും കരയുകയും ചെയ്യുന്ന യഥാർത്ഥ ആളുകൾ ദർശനപ്രതലത്തിന് (സ്ക്രീൻ) പിന്നിലുണ്ടെന്നത് വിസ്മരിക്കാൻ ദർശനപ്രതലങ്ങളിൽ നോക്കി സമയം ചിലവഴിക്കുന്നത് ഇടയാക്കുന്നുവെന്ന് പാപ്പാ വിശദീകരിക്കുന്നു.
അപ്പോൾ നമ്മൾ എന്തു ചെയ്യണം? എന്ന ചോദ്യം ഉന്നയിക്കുന്ന പാപ്പാ വിഭജിക്കാനല്ല, ഒന്നിപ്പിക്കാനും ദരിദ്രരെ സഹായിക്കാനും രോഗികളുടെയും അംഗവൈകല്യമുള്ളവരുടെയും ജീവിതം മെച്ചപ്പെടുത്താനും നമ്മുടെ പൊതുഭവനത്തെ പരിപാലിക്കാനും സഹോദരങ്ങളെന്നനിലയിൽ പരസ്പരം കണ്ടുമുട്ടാനും നാം സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.
കാരണം, നമ്മൾ പരസ്പരം കണ്ണുകളിലേക്ക് നോക്കുമ്പോൾ, യഥാർത്ഥത്തിൽ പ്രധാന്യമർഹിക്കുന്നത് എന്താണെന്ന്, അതായത്, നമ്മൾ ഏക പിതാവിൻറെ മക്കളായ സഹോദരീസഹോദരന്മാരാണെന്ന് നമുക്ക് മനസ്സിലാകുമെന്നു പാപ്പാ പറയുന്നു. നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം മനുഷ്യബന്ധങ്ങളുടെ സ്ഥാനം കൈയടക്കാതിരിക്കുകയും വ്യക്തിയുടെ അന്തസ്സിനെ ആദരിക്കുകയും നമ്മുടെ കാലഘട്ടത്തിൻറെ പ്രതിസന്ധികളെ നേരിടാൻ സഹായിക്കുകയും ചെയ്യുന്നതിനായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: