നഷ്ടപ്പെട്ടതിനെ അന്വേഷിക്കാതെ കടന്നുപോകാൻ ദൈവത്തിനാകില്ല, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ന്യുമോണിയബാധിതനായി റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കൽകോളേജ് ആശുപത്രിയിൽ ഒരു മാസത്തിലേറെ ചികിത്സയിലായിരുന്ന ഫ്രാൻസീസ് പാപ്പാ ആശുപത്രി വിട്ടെങ്കിലും ചികത്സയും വിശ്രമവും തുടരുന്നു. ആശുപത്രിയിൽ നിന്ന് മുപ്പത്തിയെട്ടാം ദിനം വത്തിക്കാനിൽ, തൻറെ വാസയിടമായ, “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിൽ തിരിച്ചെത്തിയ പാപ്പായുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ട്. ശ്വസന-ചലന-സംസാരസംബന്ധിയ അവസ്ഥകൾ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. ആരോഗ്യം വീണ്ടെടുക്കുന്നതിന് വൈദ്യസംഘം ചികിത്സയോടൊപ്പം വിശ്രമവും നിർദ്ദേശിച്ചിരിക്കുന്നതിനാൽ പാപ്പാ ബുധനാഴ്ചത്തെ പ്രതിവാര പൊതുദർശനം അനുവദിക്കുകയോ, ഞായറാഴ്ചത്തെ മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുകയോ ചെയ്യുന്നില്ല. അതുപോലെതന്നെ മറ്റു പൊതുപരിപാടികളിൽ നിന്നും പാപ്പാ തല്ക്കാലം വിട്ടുനില്ക്കുകയാണ്. എന്നിരുന്നാലും പാപ്പായുടെ ത്രികാലജപസന്ദേശവും പ്രതിവാരപൊതുകൂടിക്കാഴ്ച പ്രഭാഷണവും പരിശുദ്ധസിംഹാസനം പരസ്യപ്പെടുത്താറുണ്ട്.
ജൂബിലി വത്സരാചരണത്തോടനുബന്ധിച്ച്, പൊതുകൂടിക്കാഴ്ചാവേളയിൽ, പാപ്പാ, നമ്മുടെ പ്രത്യാശയായ യേശുവിനെ അധികരിച്ച് ആരംഭിച്ചിരിക്കുന്ന പ്രബോധനപരമ്പരയിൽ, യേശുവിൻറെ ബാല്യകാലത്തെക്കുറിച്ചുള്ള പരിചിന്തനം സമാപിച്ചതിനെ തുടർന്ന് ഈ പരമ്പരയുടെ രണ്ടാം ഭാഗത്തിന് രണ്ടാഴ്ച മുമ്പ് തുടക്കമിട്ടു. “യേശുവിൻറെ ജീവിതം. കൂടിക്കാഴ്ചകൾ” എന്ന ശീർഷകമാണ് പാപ്പാ ഇതിനു നല്കിയിരിക്കുന്നത്. ഇതിൽ ആദ്യത്തേതായി, വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാൾദിനമായ മാർച്ച് 19-ാം തീയതി ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചയ്ക്കു വേണ്ടി തയ്യാറാക്കിയ പ്രഭാഷണത്തിൽ, പാപ്പാ, യേശുവും നിക്കോദേമോസുമായുള്ള കൂടിക്കാഴ്ചയും ഇരുപത്തിയാറാം തീയതിയിലെ സന്ദേശത്തിൽ യേശുവും സമറിയക്കാരിയും തമ്മിൽ കിണറിനരികിൽ വച്ച് കണ്ടുമുട്ടുന്ന സുവിശേഷ സംഭവവും പരിചിന്തനവിഷയമാക്കിയിരിന്നു. ഈ ബുധനാഴ്ച (02/04/25) പാപ്പായുടെ വിചിന്തനത്തിന് ആധാരം, ലൂക്കായുടെ സുവിശേഷം പത്തൊമ്പതാം അദ്ധ്യായം 1-10 വരെയുള്ള വാക്യങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന, യേശുവും ചുങ്കക്കാരിൽ പ്രമുഖനായിരുന്ന സഖേവൂസുമായുള്ള കൂടിക്കാഴ്ചയായിരുന്നു.
പാപ്പാ ഈ കൂടിക്കാഴ്ച വിശകലനം ചെയ്തത് ഇപ്രകാരമാണ്:
യേശുവും സക്കേവൂസും
പ്രിയ സഹോദരീ സഹോദരന്മാരേ,
സുവിശേഷത്തിലെ ചില വ്യക്തികളുമായുള്ള യേശുവിൻറെ കൂടിക്കാഴ്ചകളെക്കുറിച്ചുള്ള മനനം നമുക്ക് തുടരാം. ഇത്തവണ ഞാൻ സക്കേവൂസിനെക്കുറിച്ച് പ്രതിപാദിക്കാൻ അഭിലഷിക്കുന്നു: അത് എൻറെ ഹൃദയത്തോട് വളരെ ചേർന്നുനിൽക്കുന്ന ഒരു സംഭവമാണ്, കാരണം എൻറെ ആദ്ധ്യാത്മിക യാത്രയിൽ അതിന് ഒരു സവിശേഷ സ്ഥാനമുണ്ട്.
കർത്താവ് നമ്മെ തേടുന്നു
ലൂക്കായുടെ സുവിശേഷം സക്കേവൂസിനെ അവതരിപ്പിക്കുന്നത് തിരുത്താനാവാത്ത വിധം വഴിതെറ്റിപ്പോയ ഒരാളായിട്ടാണ്. ഒരുപക്ഷേ, നമുക്കും ചിലപ്പോൾ ഇങ്ങനെ അനുഭവപ്പെട്ടേക്കാം, അതായത്, നിരാശ തോന്നിയേക്കാം. എന്നാൽ, നേരെമറിച്ച്, തന്നെ കർത്താവ് അന്വേഷിക്കുന്നുണ്ടായിരുന്നുവെന്ന് സക്കേവൂസിന് പിന്നീട് മനസ്സിലാകും.
ഇന്നിൻറെ നരകങ്ങളിലേക്ക് ഇറങ്ങിവരുന്ന യേശു
വാസ്തവത്തിൽ, യേശു, സമുദ്രനിരപ്പിൽ നിന്ന് താഴ്ന്നുകിടക്കുന്നതും നരകത്തിൻറെ ഒരു പ്രതീകമായി കരുതപ്പെട്ടിരുന്നതുമായ ജെറിക്കോ നഗരത്തിലേക്ക് ഇറങ്ങി. മാർഗ്ഗഭ്രംശം സംഭവിച്ചവരായി തോന്നുന്നവരെ അവിടെ അന്വേഷിച്ചുപോകാൻ യേശു ആഗ്രഹിക്കുന്നു. യഥാർത്ഥത്തിൽ, ഉത്ഥിതനായ കർത്താവ് ഇന്നിൻറെ നരകത്തിലേക്ക്, യുദ്ധവേദികളിലേക്ക്, നിരപരാധികളുടെ വ്യഥയിലേക്ക്, തങ്ങളുടെ കുട്ടികൾ മരണമടയുന്നതു കാണുന്ന അമ്മമാരുടെ ഹൃദയങ്ങളിലേക്ക്, ദരിദ്രരുടെ വിശപ്പിലേക്ക് ഇറങ്ങിച്ചെല്ലുന്നത് തുടരുന്നു.
അവഗണിക്കപ്പെട്ടവനും വെറുക്കപ്പെട്ടവനുമായി സ്വയം കരുതുന്ന സക്കേവൂസ്
ഒരു പ്രത്യേക അർത്ഥത്തിൽ, സക്കേവൂസ് വഴിതെറ്റിപ്പോയിരുന്നു; ഒരുപക്ഷേ അവൻ ചില മോശം തിരഞ്ഞെടുപ്പുകൾ നടത്തിയിരിക്കാം, അല്ലെങ്കിൽ, രക്ഷപ്പെടുകയെന്നത് ദുഷ്കരമായ സാഹചര്യങ്ങളിൽ ജീവിതം അവനെ എത്തിച്ചിരിക്കാം. ഈ മനുഷ്യൻറെ സ്വഭാവസവിശേഷതകളുടെ വിവരിക്കുന്നതിന് ലൂക്കാ ഊന്നൽ നല്കുന്നു: റോമൻ പടയേറ്റക്കാർക്കായി സ്വന്തം നാട്ടുകാരിൽ നിന്ന് നികുതി പിരിക്കുന്ന ചുങ്കക്കാരൻ മാത്രമായിരുന്നില്ല, മറിച്ച്, അവൻറെ പാപം പെരുകിയെന്നു പറയാവുന്ന വിധം, ചുങ്കക്കാരുടെ തലവൻ കൂടിയായിരുന്നു അദ്ദേഹം. സഖേവൂസ് കുബേരനാണെന്ന് ലൂക്കാ കൂട്ടിച്ചേർക്കുന്നു, അതായത്, തൻറെ അധികാരം ദുർവിനിയോഗം ചെയ്തുകൊണ്ട്, മറ്റുള്ളവരെ ചൂഷണം ചെയ്ത് അവൻ സമ്പത്താർജ്ജിച്ചുവെന്ന് സൂചിപ്പിക്കുന്നു. എന്നാൽ ഇതിനെല്ലാം അനന്തരഫലങ്ങളുണ്ട്: എല്ലാവരാലും അവഗണിക്കപ്പെട്ടവനായും വെറുക്കപ്പെട്ടവനായും, ഒരുപക്ഷേ, സക്കേവൂസിന് തോന്നിയിരിക്കാം.
യേശുവിനെ കാണാനുള്ള അഭിലാഷം
യേശു പട്ടണത്തിലൂടെ കടന്നുപോകുന്നുണ്ടെന്ന് കേട്ടപ്പോൾ, അവനെ കാണാനുള്ള ആഗ്രഹം സഖേവൂസിന് ഉണ്ടാകുന്നു. ഒരു കൂടിക്കാഴ്ചയെക്കുറിച്ച് ചിന്തിക്കാൻ പോലും അവന് ധൈര്യമില്ല, അവന് യേശുവിനെ ദൂരെ നിന്ന് കണ്ടാൽമാത്രം മതിയായിരുന്നു. എന്നാൽ നമ്മുടെ ആഗ്രഹങ്ങൾക്കും പ്രതിബന്ധങ്ങളുണ്ടാകുന്നു, അവ യാന്ത്രികമായി സാക്ഷാത്കരിക്കപ്പെടുന്നില്ല: സക്കേവൂസിന് ഉയരം കുറവാണ്! ഇത് നമ്മുടെ യാഥാർത്ഥ്യമാണ്, നാം കണക്കിലെടുക്കേണ്ടതായ പരിമിതികൾ നമുക്കുണ്ട്. പിന്നെ മറ്റുള്ളവരുണ്ട്, ചിലസമയത്ത് അവർ നമ്മെ സഹായിക്കില്ല: സഖേവൂസിന് യേശുവിനെ കാണുന്നതിന് ജനക്കൂട്ടം തടസ്സമാകുന്നു. ഒരുപക്ഷേ അത് അവരുടെ ഒരു പ്രതികാരം കൂടിയായിരിക്കാം.
ആഗ്രഹം ശക്തമെങ്കിൽ സാക്ഷാത്ക്കാരത്തിനുള്ള വഴി കണ്ടെത്തും
എന്നാൽ നിനക്ക് ശക്തമായ ഒരു ആഗ്രഹമുണ്ടെങ്കിൽ, നീ നിരാശപ്പെടില്ല. നീ ഒരു പരിഹാരം കണ്ടെത്തും. പക്ഷേ നിനക്ക് ധൈര്യം വേണം, ലജ്ജയരുത്, കുട്ടികളുടെതായ ലാളിത്യം അൽപ്പം ആവശ്യമാണ്, സ്വന്തം പ്രതിച്ഛായയെക്കുറിച്ച് അധികം ചിന്തിക്കേണ്ടതില്ല. സക്കേവൂസ്, ഒരു കുട്ടിയെപ്പോലെ, ഒരു മരത്തിൽ കയറുന്നു. അത് നല്ലവണ്ണം, പ്രത്യേകിച്ച് ആരും കാണാതെ, ഇലകൾക്ക് പിന്നിൽ മറഞ്ഞിരുന്ന് നോക്കാൻ കഴിഞ്ഞ ഒരിടമായിരുന്നിരിക്കണം. എന്നാൽ കർത്താവിൻറെ കാര്യത്തിൽ എപ്പോഴും അപ്രതീക്ഷിതമായത് സംഭവിക്കുന്നു: അതിനടുത്തെത്തുമ്പോൾ യേശു മുകളിലേക്ക് നോക്കുന്നു. അവിടന്നു തന്നെ കണ്ടുവെന്ന് സക്കേവൂസിന് മനസ്സിലായി, ഒരുപക്ഷേ പരസ്യമായ ശാസന അവൻ പ്രതീക്ഷിച്ചിരിക്കാം. ആളുകൾ അതു പ്രതീക്ഷിച്ചിട്ടുണ്ടാകും, എന്നാൽ അവർ നിരാശരാകുന്നു: സക്കേവൂസ് മരത്തിൽ ഇരിക്കുന്നത് എതാണ്ട് ഒരു വിസ്മയത്തോടെ കണ്ട യേശു അവനോട് ഉടൻ ഇറങ്ങിവരാൻ ആവശ്യപ്പെടുന്നു, എന്നിട്ട് അവനോട് പറഞ്ഞു: "ഇന്ന് എനിക്ക് നിൻറെ വീട്ടിൽ താമസിക്കേണ്ടിയിരിക്കുന്നു!" (ലൂക്കാ 19,6). നഷ്ടപ്പെട്ടതിനെ അന്വേഷിക്കാതെ കടന്നുപോകാൻ ദൈവത്തിനാകില്ല.
സക്കേവൂസിൻറെ ആനന്ദം
സക്കേവൂസിൻറെ ഹൃദയാനന്ദം ലൂക്കാ എടുത്തുകാണിക്കുന്നു. അത് കാണപ്പെട്ടതായും തിരിച്ചറിയപ്പെട്ടതായും സർവ്വോപരി ക്ഷമിക്കപ്പെട്ടതായും തോന്നുന്നവരുടെ സന്തോഷമാണ്. യേശുവിൻറെ നോട്ടം ശാസനയുടെതല്ല, മറിച്ച് കരുണയുടെതാണ്. ആ കാരുണ്യം സ്വീകരിക്കാനാണ് നാം ചിലപ്പോൾ, പ്രത്യേകിച്ച്, അർഹതയില്ലാത്തവരാണെന്ന് നമ്മൾ കരുതുന്നവരോട് ദൈവം ക്ഷമിക്കുമ്പോൾ, വൈമനസ്യം പ്രകടിപ്പിക്കുന്നത്. നാം പിറുപിറുക്കുന്നു, കാരണം, ദൈവസ്നേഹത്തിന് പരിധികൾ വയ്ക്കാൻ നമ്മൾ ആഗ്രഹിക്കുന്നു.
പ്രായശ്ചിത്തം ചെയ്യുന്ന സക്കേവൂസ്
ക്ഷമിക്കുന്ന യേശുവചനങ്ങൾ കേട്ടതിനുശേഷം, സക്കേവൂസ് തൻറെ മൃതാവസ്ഥയിൽ നിന്ന് ഉയിർത്തെഴുന്നേറ്റതുപോലെ എഴുന്നേറ്റു നിൽക്കുന്നു. ഇതാണ് വീട്ടിലെ രംഗം. മോഷ്ടിച്ചെടുത്തതിൻറെ നാലിരട്ടി തിരികെ നൽകാമെന്ന് പ്രതിജ്ഞയെടുക്കുന്നതിനാണ് അവൻ എഴുന്നേറ്റു നില്ക്കുന്നത്. അത് കൊടുക്കേണ്ട ഒരു വിലയുടെ കാര്യമല്ല, കാരണം ദൈവത്തിൻറെ ക്ഷമ സൗജന്യമാണ്, മറിച്ച് ആരാലാണോ സ്നേഹിക്കപ്പെട്ടത്, അവനെ അനുകരിക്കാനുള്ള ആഗ്രഹമാണ് അത്. സക്കേവൂസ് താൻ ചെയ്യാൻ ബാധ്യസ്ഥനല്ലാത്ത ഒരു പ്രതിബദ്ധത ഏറ്റെടുക്കുന്നു, എന്നാൽ അവൻ അതു ചെയ്യുന്നത്, അതാണ് സ്നേഹിക്കുന്നതിനുള്ള തൻറെ വഴി എന്ന് മനസ്സിലാക്കിയതിനാലാണ്. മോഷണത്തെ അധികരിച്ചുള്ള റോമൻ നിയമവ്യവസ്ഥകളും പ്രായശ്ചിത്തത്തെക്കുറിച്ചുള്ള റബ്ബിമാരുടെ നിയമങ്ങളും സംയോജിപ്പിച്ചുകൊണ്ടാണ് അവൻ അങ്ങനെ ചെയ്യുന്നത്. അപ്പോൾ സക്കേവൂസ് ആഗ്രഹമുള്ള ഒരു മനുഷ്യൻ മാത്രമല്ല, ഉറച്ച ചുവടുകൾ എങ്ങനെ വയ്ക്കണമെന്ന് അറിയാവുന്ന ഒരാൾ കൂടിയാണ്. അവൻറെ തീരുമാനം പൊതുവായതോ അമൂർത്തമോ അല്ല, മറിച്ച് സ്വന്തം ചരിത്രത്തിൽ നിന്ന് ആരംഭിക്കുന്നതാണ്: അവൻ സ്വന്തം ജീവിതത്തെ നോക്കി, തൻറെ മാറ്റം എവിടെ നിന്ന് ആരംഭിക്കണമെന്ന് അവൻ തിരിച്ചറിഞ്ഞു.
പ്രതീക്ഷ വെടിയരുത്
പ്രിയ സഹോദരീ സഹോദരന്മാരേ, ഒറ്റപ്പെട്ടവരായും മാറ്റത്തിന് അപ്രാപ്തരായും തോന്നിയാലും പ്രതീക്ഷ കൈവിടാതിരിക്കാൻ നമുക്ക് സഖേവൂസിൽ നിന്ന് പഠിക്കാം. യേശുവിനെ ദർശിക്കാനുള്ള നമ്മുടെ അഭിലാഷം നമുക്ക് വളർത്തിയെടുക്കാം, സർവ്വാപരി, നാം ഏതൊരു സാഹചര്യത്തിൽ നഷ്ടപ്പെട്ടുപോയാലും നമ്മെ സദാ അന്വേഷിച്ചുവരുന്ന ദൈവത്തിൻറെ കാരുണ്യത്താൽ കണ്ടെത്തപ്പെടാൻ നമുക്ക് നമ്മെത്തന്നെ അനുവദിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: