പാപ്പായ്ക്കുവേണ്ടിയുള്ള അനുദിന ജപമാലപ്രാർത്ഥനകൾ വത്തിക്കാനിൽ തുടരുന്നു
വത്തിക്കാൻ ന്യൂസ്
നോമ്പുകാലത്തിലെ ആദ്യ ഞായറാഴ്ചയായ മാർച്ചുമാസം ഒൻപതാം തീയതി വൈകുന്നേരം, ഫ്രാൻസിസ് പാപ്പായ്ക്കുവേണ്ടി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ സ്റ്റേറ്റ് സെക്രട്ടേറിയറ്റും, റോം രൂപതയും ചേർന്നു നടത്തിയ ജപമാല പ്രാർത്ഥനയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. ഫെബ്രുവരി മാസം പതിനാലാം തീയതി പാപ്പായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം ലോകത്തിന്റെ വിവിധ ഇടങ്ങളിൽ ധാരാളം വിശ്വാസികളാണ് പരിശുദ്ധ പിതാവിന് വേണ്ടി പ്രാർത്ഥിക്കുന്നത്. ക്രൈസ്തവർ മാത്രമല്ല, മറ്റു മതത്തിൽ പെട്ടവരും പാപ്പായ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നും, അവിശ്വാസികൾ പോലും പാപ്പായെ സ്നേഹത്തോടെ സ്മരിക്കുന്നുണ്ടെന്നും ആമുഖസന്ദേശത്തിൽ കർദിനാൾ ഹോസെ തോളേന്തീനോ മേന്തോത്സ പറഞ്ഞു.
നമ്മുടെ പ്രാർത്ഥനകളും, കരുതലും പാപ്പായോടൊപ്പമായിരിക്കട്ടെയെന്നും, അതേസമയം ദുർബലതയെയും, നൊമ്പരങ്ങളെയു കുറിച്ച് പാപ്പാ പകർന്നു നൽകുന്ന പഠനങ്ങൾ സ്വീകരിക്കുവാൻ നമുക്ക് സാധിക്കട്ടെയെന്നും കർദിനാൾ പറഞ്ഞു. ഇത് രോഗികളായവരെയും, പാവപ്പെട്ടവരെയും, വേദനിക്കുന്നവരെയും ആർദ്രതയോടെ പരിപാലിക്കുന്നതിനു നമ്മെ ഉത്തരവാദിത്വമുള്ളവരാക്കട്ടെയെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
"സഭയുടെ മാതാവായ മറിയത്തിന്റെ" തിരുസ്വരൂപത്തിനു മുൻപിൽ പ്രത്യേക പ്രാർത്ഥന നടത്തുകയും, മറിയത്തോടുള്ള ഗാനവും ആലപിച്ചു. പരിശുദ്ധ പിതാവിനെ പ്രത്യേകം സമർപ്പിച്ചുകൊണ്ടും പ്രാർത്ഥനചൊല്ലി. യേശുവിന്റെ കുരിശിന്റെ ചുവട്ടിൽ വിശ്വസ്തതയോടെ നിലനിന്ന പ്രത്യാശയുടെ കാവൽക്കാരിയും മാതൃകയുമായ പരിശുദ്ധ അമ്മ, കുരിശിന്റെ ഭാരം സാഹോദര്യത്തോടെ പങ്കിടുന്നതിനു നമ്മെ സഹായിക്കട്ടെയെന്നും കർദിനാൾ ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: