പാപ്പായുടെ സുഖപ്രാപ്തിക്കായി പ്രാർത്ഥിച്ച് സ്ഥാനപതികൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ശ്വാസകോശ സംബന്ധിയായ ചികിത്സയ്ക്കായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസീസ് പാപ്പായുടെ സുഖപ്രാപ്തിക്കായി വിവിധ രാജ്യങ്ങളുടെ സ്ഥാനപതികൾ ഉൾപ്പടെയുള്ള നയന്ത്രപ്രതിനിധികൾ റോമിൽ പ്രത്യേക പ്രാർത്ഥന നടത്തി.
റോമിൽ, ആത്മാവിൻറെ പരിശുദ്ധ മറിയത്തിൻറെ നാമത്തിലുള്ള ദേവാലയത്തിൽ മൂന്നാം തീയതി തിങ്കളാഴ്ച (03/03/25) വൈകുന്നരം പാപ്പായുടെ രോഗ സൗഖ്യത്തിനായി ദിവ്യബലി അർപ്പിക്കപ്പെടുകയും പ്രത്യേക പ്രാർത്ഥന നടത്തപ്പെടുകയും ചെയ്തു. ഈ ദേവാലയത്തിൻറെ ചുമതലയുള്ള വൈദികൻ മൈക്കിൾ മാക്സ് ആയിരുന്നു കാർമ്മികൻ.
പരിശുദ്ധസിംഹാസനവുമായി നയതന്ത്രബന്ധമുള്ള 20-ത് നാടുകളുടെ സ്ഥാനപതികൾ ഉൾപ്പടെയുള്ള നയതന്ത്രപ്രതിനിധികൾ ജർമ്മൻകാർക്കായുള്ള ഈ ദേവാലയത്തിൽ അർപ്പിക്കപ്പെട്ട വിശുദ്ധകുർബ്ബാനയിൽ പങ്കെടുത്തു പ്രാർത്ഥിച്ചു. ഓസ്ത്രിയയുടെയും ജർമ്മനിയുടെയും സ്ഥാനപതികാര്യാലയങ്ങളാണ് ഇതിന് നേതൃത്വം വഹിച്ചത്.
രോഗികളോടും സമൂഹത്തിൻറെ അരികുകളിൽ കഴിയുന്നവരോടും സവിശേഷമാംവിധം സമീപസ്ഥനായ ഒരാൾക്കുവേണ്ടിയാണ് ഫ്രാൻസീസ് പാപ്പായ്ക്കു വേണ്ടിയുള്ള പ്രാർത്ഥനയിലൂടെ നാം പ്രാർത്ഥിക്കുന്നതെന്ന് ഫാദർ മാക്സ് തൻറെ സുവിശേഷപ്രസംഗത്തിൽ പറഞ്ഞു. പ്രാർത്ഥന, ഉത്കണ്ഠാകുലവും അസ്വസ്ഥവുമായ നിരവധി ഹൃദയങ്ങളെ വലിയ പ്രത്യാശയാക്കി മാറ്റുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
ഫെബ്രുവരി 14 മുതൽ റോമിലെ ജെമേല്ലി ആശുപത്രിയിൽ കഴിയുന്ന, ന്യുമോണിയ ബാധിതനായ 88 വയസ്സുപ്രായമുള്ള പാപ്പായുടെ ആരോഗ്യം നിമ്നോന്നാവസ്ഥകളിലൂടെ കടന്നുപോകുകയാണ്. പാപ്പായുടെ സൗഖ്യത്തിനായി വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ എല്ലാദിവസവും പ്രാദേശികസമയം രാത്രി 9 മണിക്കുള്ള പ്രത്യേക കൊന്തനമസ്കാരം തുടരുന്നു. തിങ്കളാഴ്ച ഈ പ്രാർത്ഥന നയിച്ചത് മെത്രാന്മാർക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ മേധാവി കർദ്ദിനാൾ റോബെർട്ട് ഫ്രാൻസീസ് പ്രെവോസ്റ്റ് ആയിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: