കൊറിയയിൽ കാട്ടുതീ, ആശങ്കയും പ്രാർത്ഥനയും അറിയിച്ച് പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ജീവന് ഭീഷണിയായും നാശംവിതച്ചും ദക്ഷിണകൊറിയയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി കാട്ടുതീ പടരുന്നതിൽ പാപ്പാ ആശങ്ക അറിയിക്കുന്നു.
ഈ കാട്ടുതീ ദുരന്തത്തിൽ പാപ്പായുടെ ആശങ്കയറിയിക്കുന്ന ടെലെഗ്രാം സന്ദേശം ദക്ഷിണകൊറിയയുടെ പൗരാധികാരികൾക്കും പ്രാദേശികസഭാധികാരികൾക്കും വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ വെള്ളിയാഴ്‌ച (28/03/25) അയച്ചു.
കാട്ടുതീ ജീവനപഹരിച്ചവരുടെ ആത്മാവിനെ പാപ്പാ സർവ്വശക്തനായ ദൈവത്തിൻറെ സ്നേഹകാരുണ്യത്തിന് സമർപ്പിക്കുകയും തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ കേഴുന്നവരെ തൻറെ ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു. പരിക്കേറ്റവർക്കും അഗ്നിശമന സേനാംഗങ്ങൾക്കും മറ്റ് അടിയന്തര ദുരിതാശ്വസപ്രവർത്തകർക്കും വേണ്ടിയും എല്ലാവർക്കും സാന്ത്വനത്തിൻറെയും സൗഖ്യത്തിൻറെയും ശക്തിയുടെയും ദൈവാനുഗഹം ലഭിക്കുന്നതിനായും പാപ്പാ പ്രാർത്ഥിക്കുന്നു.
ദക്ഷിണ കൊറിയയിൽ ഒരാഴ്ചയിലേറെയായി പടരുന്ന കാട്ടുതീ പൂർണ്ണമായി നിയന്ത്രണവിധേയമാക്കാനായിട്ടില്ല. കാട്ടുതി മുപ്പതോളം പേരുടെ ജീവനെടുത്തതായും 1 ലക്ഷത്തി 110000 ഏക്കറോളം സ്ഥലം ചാമ്പലാക്കിയാതായും കണക്കാക്കപ്പെടുന്നു. നൂറിലേറെ ഹെലിക്കോപ്റ്ററുകളും, മറ്റുപാധികളും ഉപയോഗിച്ച് ആയിരക്കണക്കിന് അഗ്നിശമനസേനാംഗങ്ങൾ തീയണയ്ക്കാനുള്ള കഠിനയത്നത്തിലാണ്. വരണ്ട കാലാവസ്ഥയും കാറ്റും മൂലം തീ അതിവേഗം പടരുന്ന അവസ്ഥ തീയണയ്ക്കൽ യത്നത്തിന് വിഘാതം സൃഷ്ടിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: