പ്രതിസന്ധിയിലായ കുടുംബങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നാമെല്ലാവരും മനോഹരവും പരിപൂർണ്ണവുമായ ഒരു കുടുംബത്തെക്കുറിച്ച് സ്വപ്നം കാണുന്നുവെങ്കിലും പൂർണ്ണതയുള്ള കുടുംബങ്ങൾ നിലവിലില്ലയെന്നും ഓരോ കുടുംബത്തിനും അതിൻറേതായ പ്രശ്നങ്ങളും അതുപോലെ തന്നെ വലിയ സന്തോഷങ്ങളുമുണ്ടെന്നും മാർപ്പാപ്പാ പറയുന്നു.
ശ്വാസകോശത്തിന് ന്യുമോണിയ പിടിപ്പെട്ട് റോമിലെ ജെമേല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് പാപ്പാ മാർച്ചു മാസത്തെ (2025) പ്രാർത്ഥനാ നിയോഗത്തിലൂടെയാണ് പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കുടുംബങ്ങൾക്കായി പ്രാർത്ഥിക്കാൻ സഭാതനയരെ ആഹ്വാനം ചെയ്തുകൊണ്ട് ഇതു പറഞ്ഞിരിക്കുന്നത്. പാപ്പായുടെ ഈ പ്രാർത്ഥനാനിയോഗ ദൃശ്യ സന്ദേശം (വീഡിയൊ സന്ദേശം) നേരത്തെ തയ്യാറാക്കിയതാണ്.
ഒരു കുടുംബത്തിൽ, ഓരോ ആൾക്കും മൂല്യമുണ്ടെന്നും, കാരണം ഓരോ വ്യക്തിയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനോ വ്യത്യസ്തയോ ആണെന്നും, ഓരോ വ്യക്തിക്കും അദ്വീതീയതയുണ്ടെന്നും വിശദീകരിക്കുന്ന പാപ്പാ എന്നാൽ ഈ വ്യത്യാസങ്ങൾ സംഘർഷങ്ങൾക്കും വേദനാജനകമായ മുറിവുകൾക്കും കാരണമായേക്കാമെന്നും വ്യക്തമാക്കുന്നു.
മുറിവേറ്റ ഒരു കുടുംബത്തിൻറെ വേദന മാറ്റാനുള്ള ഏറ്റവും നല്ല ഔഷധം ക്ഷമയാണെന്നും ക്ഷമിക്കുക എന്നതിനർത്ഥം മറ്റൊരു അവസരം നൽകുക എന്നാണെന്നും ദൈവം നമ്മോട് എപ്പോഴും അതു ചെയ്യുന്നുണ്ടെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
ദൈവത്തിൻറെ ക്ഷമ അനന്തമാണെന്നും അവൻ നമ്മോട് പൊറുക്കുകയും നമ്മെ ഉയർത്തുകയും പുനരാരംഭിക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നുവെന്നും ക്ഷമ എപ്പോഴും കുടുംബത്തെ നവീകരിക്കുകയും പ്രതീക്ഷയോടെ മുന്നോട്ട് നോക്കാൻ അതിനെ അനുവദിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറയുന്നു.
നമ്മൾ അഭിലഷിക്കുന്ന "സൗഭാഗ്യകരമായ അന്ത്യം" സാധ്യമല്ലാത്തപ്പോൾ പോലും, ദൈവകൃപ നമുക്ക് ക്ഷമിക്കാനുള്ള ശക്തി പ്രദാനം ചെയ്യുകയും സമാധാനമേകുകയും ചെയ്യുന്നുവെന്നും, കാരണം, അത് നമ്മെ അല്ലലിൽ നിന്നും എല്ലാറ്റിനുമുപരി അമർഷത്തിൽ നിന്നും മോചിപ്പിക്കുന്നുവെന്നും പാപ്പാ വിശദീകരിക്കുന്നു.
തങ്ങളുടെ വ്യത്യാസങ്ങളിൽ പരസ്പര സമ്പന്നത വീണ്ടും കണ്ടെത്തിക്കൊണ്ട്, ക്ഷമയിലൂടെ മുറിവുകൾക്ക് ശമനം നേടാൻ പിളർക്കപ്പെട്ട കുടുംബങ്ങൾക്ക് സാധിക്കുന്നതിനായി പ്രാർത്ഥിക്കാൻ ക്ഷണിച്ചുകൊണ്ടാണ് പാപ്പാ തൻറെ പ്രാർത്ഥനാനിയോഗം അവസാനിപ്പിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: