ദൈവം മാപ്പേകി നമ്മെ സദാ നവീകരിക്കുന്നു, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പരിവർത്തനവും മാപ്പും കർത്താവ് നമ്മുടെ കണ്ണുനീർ തുടയ്ക്കുന്ന രണ്ടും തലോടലുകളും പാപികളായ നമ്മെ ആശ്ലേഷിക്കുന്ന സഭയുടെ കരങ്ങളും നമ്മുടെ ഭൗമിക തീർത്ഥാടനത്തിൽ നാം ഉപയോഗിക്കുന്ന കാലുകളുമാണെന്ന് പാപ്പാ!
ലോകരക്ഷകനായ യേശുവിൻറെ സമാധാനത്തിൻറെ അരൂപിയുടെ ശക്തിയാൽ അവനെ അനുഗമിച്ചുകൊണ്ട് നാം ഒരുമിച്ച് സഞ്ചരിക്കാനുള്ള പാത അവ നമുക്ക് തുറന്നുതരുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു. 2025 പ്രത്യാശയുടെ ജൂബിലിവത്സരമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ കാരുണ്യത്തിൻറെ പ്രേഷിതരായ വൈദികർ മാർച്ച് 28-30 വരെ നടത്തുന്ന ജൂബിലതീർത്ഥാടനത്തോടനുബന്ധിച്ചു നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ്പാപ്പായുടെ ഈ ഉദ്ബോധനങ്ങളുള്ളത്.
മാനസാന്തരത്തിലേക്ക് നമ്മെ വിളിക്കുകയും തൻറെ മാപ്പേകി നമ്മെ നിരന്തരം നവീകരിക്കുകയും ചെയ്യുന്ന അന്തസ്നേഹവാനായ ദൈവപിതാവിൻറെ പിതൃവദനത്തിന് തങ്ങളുടെ സേവനത്തിലൂടെ സാക്ഷ്യം വഹിക്കുന്ന കാരുണ്യത്തിൻറെ പ്രേഷിതർക്ക് പാപ്പാ, സുവിശേഷവത്ക്കരണത്തിനായുള്ള റോമൻകൂരിയാ വിഭാഗത്തിൻറെ പ്രോ-പ്രീഫെക്റ്റ് ആയ ആർച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ല വായിച്ച സന്ദേശത്തിൽ, നന്ദി പറയുന്നു.
കുമ്പസാരിപ്പിക്കുക എന്ന ശുശ്രൂഷാവേളയിൽ ശ്രവണത്തിൽ ശ്രദ്ധാലുവായിരിക്കാനും, സ്വാഗതം ചെയ്യുന്നതിൽ സന്നദ്ധതയുള്ളവരായിരിക്കാനും, ജീവിത നവീകരിച്ച കർത്താവിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ അനുഗമിക്കുന്നതിൽ സ്ഥൈര്യം പുലർത്താനും പാപ്പാ അവർക്ക് പ്രചോദനം പകരുന്നു. തൻറെ കാരുണ്യത്താൽ ദൈവം നമ്മെ ആന്തരികമായി രൂപാന്തരപ്പെടുത്തുന്നു, നമ്മുടെ ഹൃദയത്തെ രൂപാന്തരപ്പെടുത്തുന്നുവെന്നും കർത്താവിൻറെ ക്ഷമ പ്രത്യാശയുടെ ഉറവിടമാണെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കാരുണ്യത്തിൻറെ പ്രേഷിത വൈദികർ ജൂബിലി തീർത്ഥാടനത്തിൽ സംബന്ധിക്കുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: