ജീവനെ ഹനിച്ചുകൊണ്ട് നീതിയുക്തമായ സമൂഹം കെട്ടിപ്പടുക്കാനാവില്ല, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അഹിത ഗർഭസ്ഥ ശിശുക്കളെയും സ്വയംപര്യാപ്തരല്ലാത്ത വൃദ്ധരെയും സുഖപ്പെടുത്താനാവാത്ത രോഗികളെയും ഇല്ലായ്മ ചെയ്തുകൊണ്ട് നീതിയുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കാനാകില്ലെന്ന് മാർപ്പാപ്പാ.
ഇറ്റലിയിലെ ഫ്ലോറൻസിൽ 1975-ൽ ജീവൻറെ സേവനത്തിനായുള്ള കേന്ദ്രമായി ജന്മംകൊണ്ട് ഇപ്പോൾ ഇറ്റലിയിലാകമാനം വ്യാപിച്ചിരിക്കുന്ന ജീവനുവേണ്ടിയുള്ള പ്രസ്ഥാനത്തിൻറെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ശനിയാഴ്ച (08/03/25) അർപ്പിച്ച ദിവ്യബലി മദ്ധ്യേ വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ വായിച്ച ഫ്രാൻസിസ് പാപ്പായുടെ സന്ദേശത്തിലാണ് ഇതു കാണുന്നത്.
ഈ അര നൂറ്റാണ്ടിനിടയിൽ പ്രത്യയശാസ്ത്രപരമായ ചില മുൻവിധികൾ കുറയുകയും സൃഷ്ടിയുടെ പരിപാലനത്തെക്കുറിച്ചുള്ള അവബോധം യുവതയ്ക്കടയിൽ വളരുകയും ചെയ്തിട്ടുണ്ടെങ്കിലും, നിർഭാഗ്യവശാൽ വലിച്ചെറിയൽ സംസ്‌കാരം വ്യാപിച്ചിരിക്കുന്നു എന്നത് അനുസ്മരിക്കുന്ന പാപ്പാ, മനുഷ്യ ജീവനുവേണ്ടി, പ്രത്യേകിച്ച്, ബലഹീനാവസ്ഥയിലായിരിക്കുന്ന ജീവനുവേണ്ടി, പ്രായഭേദമന്യേ പ്രവർത്തിക്കുന്നവരുടെ ആവശ്യകത എന്നത്തേക്കാളുപരി ഇന്നുണ്ടെന്ന് പറയുന്നു.
കാരണം ജീവൻ ദൈവിക ദാനമാണെന്നും മഹത്തായൊരു നിയോഗത്തിനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നതാണ് അതെന്നും പാപ്പാ സന്ദേശത്തിൽ വ്യക്തമാക്കുകയും മാതൃത്വത്തിൻറെ സാമൂഹിക സംരക്ഷണവും മനുഷ്യജീവൻറെ എല്ലാ ഘട്ടങ്ങളിലും അതിനെ സ്വാഗതം ചെയ്യലും പരിപോഷിപ്പിക്കാൻ പ്രചോദനം പകരുകയും ചെയ്യുന്നു. ബുദ്ധിമുട്ടനുഭവിക്കുന്ന ഗർഭിണികളോടുള്ള സമൂർത്ത ഐക്യദാർഢ്യത്താലും സാമീപ്യത്താലും, ജീവനുവേണ്ടിയുള്ള പ്രസ്ഥാനം, വളരെ വിപുലമായ അർത്ഥത്തിൽ ജീവൻറെ സംസ്കാരത്തെ ഊട്ടിവളർത്തുന്നുവെന്ന് പാപ്പാ ശ്ലാഘിക്കുന്നു.
ഗർഭിണികൾക്കു സഹായഹസ്തം നീട്ടുന്നതിനും അവരെ ശ്രവിക്കുന്നതിനും തുണയ്ക്കുന്നതിനും വേണ്ടിയാണ് ജീവനുവേണ്ടിയുള്ള പ്രസ്ഥാനം സ്ഥാപിതമായത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: