ആരാധനാക്രമാഘോഷശൈലി ദൈവജനത്തിൻറെ ജീവിതത്തെ സ്പർശിക്കുന്നതാകണം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അനാവശ്യ ആഡംബരങ്ങളും അഭിനായകത്വങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള ക്രിസ്ത്വാനുകരണത്തെ ആവിഷ്കരിക്കുന്നതായ ആരാധനക്രമശൈലി പരിപോഷിപ്പിക്കാൻ മാർപ്പാപ്പാ ആഹ്വാനം ചെയ്യുന്നു.
റോമിൽ, വിശുദ്ധ ആൻസലിൻറെ നാമത്തിലുള്ള പൊന്തിഫിക്കൽ സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 24-28 വരെ സംഘടിപ്പിക്കപ്പെട്ട മെത്രാൻറെ ആരാധാനാക്രമകാര്യങ്ങളുടെ ചുമതലവഹിക്കുന്നവർക്കായുള്ള രണ്ടാമത്തെതായ അന്താരാഷ്ട്രപരിശീലനപരിപാടിയിൽ പങ്കെടുത്തവർക്കായി ഫ്രാൻസീസ് പാപ്പാ താൻ ചികിത്സയിൽ കഴിയുന്ന ജെമേല്ലി ആശുപത്രിയിൽ വച്ച് ഒപ്പിട്ടു നല്കിയ ഒരു സന്ദേശത്തിലാണ് ഈ ആഹ്വാനമുള്ളത്.
ദൈവശാസ്ത്രപരമായ വീക്ഷണകോണിൽ നിന്ന് മാത്രമല്ല, ആഘോഷപരമായ ഘടനകളുടെ പശ്ചാത്തലത്തിലും ആരാധനക്രമത്തെക്കുറിച്ചുള്ള പഠനം തുടരാൻ താൻ, ദൈവജനത്തിൻറെ ആരാധനാക്രമുപരിശീലനത്തെ അധികരിച്ചു പുറപ്പെടുവിച്ച “ദെസിദേരിയൊ ദെസിദെരാർവി” (Desiderio desideravi) എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ നല്കിയ ക്ഷണം സ്വീകരിച്ചുകൊണ്ട് ഈ പരിശീലന പരിപാടി സംഘടിപ്പിക്കപ്പെട്ടതിൽ തനിക്കുള്ള സന്തോഷവും പാപ്പാ ഈ സന്ദേശത്തിൽ പ്രകടിപ്പിച്ചു.
ആരാധനാക്രമത്തിൻറെ ആഘോഷപരമായ ഈ മാനം ദൈവജനത്തിൻറെ ജീവിതത്തെ സ്പർശിക്കുകയും അതിൻറെ യഥാർത്ഥ ആത്മീയ സ്വഭാവം അവർക്ക് വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നുവെന്നും അതുകൊണ്ടുതന്നെ, ആരാധനാക്രമ ആഘോഷങ്ങളുടെ ഉത്തരവാദിത്തമുള്ള വ്യക്തി വെറുമൊരു ദൈവശാസ്ത്ര അധ്യാപകനോ ആഘോഷത്തിന് ആവശ്യമായവ ഒരുക്കുന്ന ഒരാളോ മാത്രമല്ല, പ്രത്യുത. സമൂഹത്തിൻറെ പ്രാർത്ഥനയുടെ ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ട ഗുരുനാഥനുമാണെന്ന് പാപ്പാ വിശദീകരിക്കുന്നു.
ഓരോ രൂപതയും അനുകരികരണീയ ആഘോഷ മാതൃകകൾക്കായി നോക്കുന്നത് മെത്രാനെയും കത്തീദ്രലിനെയും ആണെന്നും അതുകൊണ്ട്, അനാവശ്യ ആർഭാടങ്ങളോ അഭിനായകത്വങ്ങളോ ഒഴിവാക്കിക്കൊണ്ട്, യേശുവിനെ അനുഗമിക്കലിന് ആവിഷ്കാരമേകുന്ന ഒരു ആരാധനാക്രമ ശൈലി നിർദ്ദേശിക്കുകയും പ്രോത്സാഹിപ്പിക്കയും ചെയ്യണമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. അതുപോലെതന്നെ സേവനത്തിൻറെ ഫലങ്ങളെക്കുറിച്ച് വീമ്പിളക്കാതെ, വിവേചനാധികാരത്തോടെ ശുശ്രൂഷ നിർവഹിക്കേണ്ടതിൻറെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു.
ഇതിന് ഉപോദ്ബലകമായി പാപ്പാ, "ഞങ്ങൾക്കല്ല, കർത്താവേ, ഞങ്ങൾക്കല്ല, അങ്ങയുടെ നാമത്തിന് മഹത്വം ഉണ്ടാകട്ടെ" എന്ന ബെനഡിക്ടിൻറെ നിയമാവലിയിലെ ആമുഖത്തിൽ ചേർത്തിരിക്കുന്ന നൂറ്റിപതിനഞ്ചാം സങ്കീർത്തനത്തിലെ ഈ വാക്യം ഉദ്ധരിക്കുന്നു. ദൗത്യനിർവ്വഹണങ്ങളിലെല്ലാം, ആരാധനക്രമത്തിലുള്ള കരുതൽ, സർവ്വോപരി, പ്രാർത്ഥനയോട്, അതായത്, കർത്താവുമായുള്ള കൂടിക്കാഴ്ചയോടുള്ളതാണെന്ന് മറക്കരുതെന്നും പാപ്പാ പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: