ക്രൈസ്തവർ ഐക്യത്തിൻറെ വിശ്വാസയോഗ്യരായ സാക്ഷികളാകണം,പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യുദ്ധത്താലും അക്രമത്താലും മുദ്രിതമായ ക്ലേശകരമായ ഈ കാലഘട്ടത്തിൽ, ലോകം സാഹോദര്യ ഐക്യദാർഢ്യത്തിൻറെയും സമാധാനത്തിൻറെയും സന്ദേശം ആശ്ലേഷിക്കുന്നതിനു വേണ്ടി ക്രൈസ്തവർ ഐക്യത്തിൻറെ വിശ്വാസയോഗ്യരായ സാക്ഷികളായിത്തീരേണ്ടത് എന്നത്തെക്കാളുപരി ഇന്ന് അടിയന്തിരാവശ്യമാണെന്ന് മാർപ്പാപ്പാ.
അൽബേനിയയിലെ തിറാനയുടെയും ദുറെസിൻറെയും ആകമാന അൽബേനിയയുടെയും ഓർത്തഡോക്സ് മെത്രാപ്പോലിത്ത യൊവാനിയുടെ സ്ഥാനാരാഹണകർമ്മത്തോടനുബന്ധിച്ച് നല്കിയ ആശംസാസന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
മെത്രാപ്പോലിത്ത യൊവാനിയുടെ മുൻഗാമി മെത്രാപ്പോലീത്ത അനസ്താസ് ഭിന്നസഭകളിലും ഭിന്നമതപാരമ്പര്യങ്ങളിലും പെട്ടവരുടെ സമാധാനപരമായ സഹവർത്തിത്വത്തിനും സഭകൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഏകിയിട്ടുള്ള സംഭാവനെകളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ പുതിയ മെത്രാപ്പോലിത്താ, അദ്ദേഹത്തിൻെറ മാതൃക പിൻചെന്നുകൊണ്ട് ഭിന്നിപ്പുകൾ ഇല്ലാതാക്കുന്നതിന് സംഭാഷണം പരിപോഷിപ്പിക്കാനും എല്ലാ ക്രിസ്തുശിഷ്യർക്കുമിടയിൽ പൂർണ്ണ ഐക്യം വളർത്താനും ശ്രമിക്കുമെന്ന തൻറെ ഉറച്ച വിശ്വാസം പ്രകടിപ്പിക്കുന്നു. അദ്ദേഹത്തിൻറെ നേതൃത്വത്തിൻ കീഴിൽ അൽബേനിയയിലെ സഭയും കത്തോലിക്കാസഭയും തമ്മിലുള്ള ബന്ധങ്ങൾ കുടുതൽ വളരുമെന്ന തൻറെ പ്രത്യാശയും പാപ്പാ വെളിപ്പെടുത്തുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: