പാപ്പായുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ശ്വാസകോശ രോഗത്തെത്തുടർന്ന് റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് പാപ്പായുടെ ആരോഗ്യസ്ഥിതിയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായിട്ടുള്ള പുരോഗതിക്ക് കൂടുതൽ സ്ഥിരീകരണം നല്കുന്നതാണ് രക്തപരിശോധനകളും ചികിത്സാവസ്തുതകളും മരുന്നുകളോടുള്ള നല്ല പ്രതികരണവും എന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, അഥവാ, പ്രസ്സ് ഓഫീസ് തിങ്കളാഴ്ച (10/03/25) രാത്രി പുറപ്പെടുവിച്ച ഒരു പത്രുക്കുറിപ്പിൽ വെളിപ്പെടുത്തി.
പാപ്പായുടെ രോഗാവസ്ഥയുടെ സങ്കീർണ്ണതകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ഉണ്ടായിരുന്ന രോഗത്തിൻറെ സാരമായ വ്യാപനാവസ്ഥയും പരിഗണിച്ച് പാപ്പാ കുറച്ചു ദിവസങ്ങൾ കൂടി ആശുപത്രിയിൽതന്നെ ചികിത്സ തുടരേണ്ടതുണ്ടെന്ന് പ്രസ്സ് ഓഫീസ് വ്യക്തമാക്കി.
റോമൻ കൂരിയായിലെ അംഗങ്ങൾക്കായി വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ നടത്തിവരുന്ന നോമ്പുകാല ധ്യാനത്തിൽ പാപ്പാ തിങ്കളാഴ്ച രാവിലെയും ഉച്ചതിരിഞ്ഞും ഓൺ-ലൈൻ സംവിധാന സഹായത്തോടെ പങ്കുചേരുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെറുകപ്പേളയിൽ അല്പസമയം പ്രാർത്ഥനയിൽ ചിലവഴിക്കുകയും ചെയ്തു.
തിങ്കളാഴ്ച രാത്രി പാപ്പാ ശാന്തമായി ചിലവഴിച്ചുവെന്നും രാവിലെ പ്രാദേശികസമയം 8 മണിയോടെ ഉറക്കമുണർന്നുവെന്നും പരിശുദ്ധസിംഹാസനത്തിൻറെ വാർത്താകാര്യാലയം ചൊവ്വാഴ്ച (11/03/25) രാവിലെ വെളിപ്പെടുത്തി.
ശ്വാസനാള വീക്കത്തെ തുടർന്ന് കൂടുതൽ പരിശോധനകൾക്കായി ഫെബ്രുവരി 14-ന്, വെള്ളിയാഴ്ചയാണ് പാപ്പാ ജെമേല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. പാപ്പായുടെ ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി പിന്നീട് പരിശോധനകളിൽ കണ്ടെത്തുകയായിരുന്നു. പാപ്പായുടെ ആരോഗ്യസ്ഥിതി ഇടയ്ക്ക് അല്പം മോശമായെങ്കിലും ഇപ്പോൾ എല്ലാം മെച്ചപ്പെട്ടിരിക്കുന്നു. പാപ്പാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ട് മാർച്ച് 11-ന് 25 ദിവസമായി.
പാപ്പായ്ക്ക് മരുന്നുകളോടൊപ്പം ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലും നിന്ന് പ്രാർത്ഥനാസഹായവുമുണ്ട്. പാപ്പയുടെ സുഖപ്രാപ്തിക്കായി വത്തിക്കാനിൽ അനുദിനം രാത്രി പരിശുദ്ധ കന്യകാമറിയത്തോടുള്ള പ്രത്യേക കൊന്തനമസ്ക്കാരം നടത്തപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: