പാപ്പായുടെ ആരോഗ്യനില സങ്കീർണ്ണതയിൽ മാറ്റമില്ലാതെ തുടരുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് പാപ്പാ വെള്ളിയാഴ്ച രാത്രി ശാന്തമായി ചിലവഴിച്ചുവെന്നും വിശ്രമത്തിലാണെന്നും പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, അഥവാ, പ്രസ്സ് ഓഫീസ്, ശനിയാഴ്ച (01/03/25) രാവിലെ വെളിപ്പെടുത്തി.
വെള്ളിയാഴ്ച (28/02/25) ഉച്ചവരെയുള്ള സമയത്ത് ശ്വസനവ്യായാമവും കപ്പേളയിൽ പ്രാർത്ഥനയുമായി ചിലവഴിച്ച പാപ്പായ്ക്ക് ഉച്ചതിരിഞ്ഞ് ഛർദ്ദിയുണ്ടാവുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും അതോടെ ശ്വസനപ്രക്രിയ വഷളാകുകയും ചെയ്തുവെന്നും ശ്വാസകോശത്തിൽ കടന്നുകൂടിയവ വലിച്ചെടുക്കുന്ന പ്രക്രിയയ്ക്ക് പാപ്പായെ ഉടൻതന്നെ വിധേയനാക്കുകയും ശ്വസിക്കുന്നതിന് യന്ത്രസഹായം ലഭ്യമാക്കുകയും ചെയ്തുവെന്നും അത് നല്ല ഫലം കണ്ടുവെന്നും അന്നു രാത്രി പ്രസ്സ് ഓഫീസ് ഒരു പത്രുക്കുറിപ്പിൽ വെളിപ്പെടുത്തി. ചികിത്സാപരമായ പ്രക്രിയകളോടു പാപ്പാ സദാ ഉണർവ്വോടും സുബോധത്തോടുംകൂടിയാണ് സഹകരിച്ചതെന്നും പത്രക്കുറിപ്പ് വ്യക്തമാക്കി.
ഫെബ്രുവരി 14-നാണ് പാപ്പാ ശ്വാസനാള വീക്കത്തെതുടർന്ന് ജെമേല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. തുർന്നു നടന്ന പരിശോധനകളിലാണ് വിവിധ രോഗാണുക്കൾ ബാധിച്ചിട്ടുണ്ടെന്നും പാപ്പാ ന്യുമോണിയ ബാധിതനാണെന്നും കണ്ടെത്തിയത്. തുടർന്ന് കോർട്ടിസോൺ ഉൾപ്പടെയുള്ള ശക്തമായ മരുന്നുകൾ അടങ്ങിയ ചികിത്സയ്ക്ക് പാപ്പായെ വിധേയനാക്കുകയായിരുന്നു. പാപ്പായുടെ ആരോഗ്യസ്ഥിയിൽ താല്കാലികമായി ആശ്വാസകരമായ ഒരു മാറ്റം കണ്ടെങ്കിലും സങ്കീർണ്ണാവസ്ഥ തുടരുകയാണ്. പാപ്പായുടെ സുഖപ്രാപ്തിക്കായുള്ള പ്രാർത്ഥനകൾ വത്തിക്കാനിലും ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലും ഉയരുന്നു. പാപ്പാ ചികിത്സയിൽ കഴിയുന്ന ജെമേല്ലി ആശുപത്രിയുടെ മുന്നിൽ വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ രൂപത്തിനരികിൽ മെഴുകുതിരികത്തിച്ച് പ്രാർത്ഥിക്കുന്നവരും നിരവധിയാണ്.
ഇതിനു മുമ്പ് മൂന്നു തവണ ഫ്രാൻസീസ് പാപ്പാ ജെമേല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിട്ടുണ്ട്. 2021- ജൂലൈ 4-ന് വൻകുടൽ ശസ്ത്രിക്രിയയ്ക്കായും 2023 മാർച്ചിൽ ശ്വാസനാള വീക്കത്തെതുടർന്ന് ചികിത്സയ്ക്കായും അക്കൊല്ലം തന്നെ ജൂണിൽ ഉദരശസ്ത്രക്രിയയ്ക്കായും പാപ്പാ ജെമേല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: