"പാപ്പായ്ക്കുവേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു" : ബേത്ലഹേം സർവകലാശാല വിദ്യാർത്ഥികൾ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ന്യുമോണിയ ബാധിച്ച് ആശുപതിയിൽ ചികിത്‌സയിലായിരിക്കുന്ന ഫ്രാൻസിസ് പാപ്പായോടുള്ള തങ്ങളുടെ സ്നേഹവും കരുതലും എടുത്തു പറഞ്ഞുകൊണ്ട് പലസ്തീനിലെ ബേത്ലഹേം സർവകലാശാലയിലെ വിദ്യാർത്ഥികൾ കത്തയച്ചു. വിദ്യാർത്ഥികളുടെ പ്രതിനിധിസംഘനേതാവിന്റെ കൈയൊപ്പോടുകൂടിയ കത്ത്, സർവ്വകലാശായിലെ എല്ലാ വിദ്യാർത്ഥികളും, ക്രൈസ്തവ യുവജനസംഘവും ചേർന്നാണ് എഴുതിയിരിക്കുന്നത്. കത്തിൽ, നീതിക്കും, അന്തസ്സിനും, സമാധാനത്തിനും വേണ്ടി അചഞ്ചലമായി നിലകൊണ്ട ഫ്രാൻസിസ് പാപ്പായുടെ ധീരതയെ പ്രത്യേകം അനുസ്മരിച്ചു.
വിദ്യാർത്ഥികളുടെ കത്ത്, സർവകലാശാലയുടെ വൈസ് ചാൻസിലർ ഡോക്ടർ ഹെർണാൻ സാന്തോസ് ഗോൺസാലെസാണ് പങ്കുവച്ചത്. ക്രൈസ്തവരും മുസ്ലീങ്ങളും ഐക്യത്തോടെ പഠിക്കുന്ന സർവ്വകലാശാലയെന്ന നിലയിൽ, ബേത്ലഹേം സർവകലാശാല സമാധാനവും, ഐക്യവും പ്രോത്സാഹിപ്പിക്കുന്ന പ്രധാന ഇടമാണ്. ഒരുമയ്ക്കുവേണ്ടിയുള്ള പരിശുദ്ധ പിതാവിന്റെ ആഹ്വാനങ്ങൾ എപ്പോഴും നല്ല മനസോടെ സ്വീകരിക്കുന്നവരാണ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളെന്നു വൈസ് ചാൻസിലർ പ്രത്യേകം അനുസ്മരിച്ചു.
ആഗമനകാലത്ത് ഫ്രാൻസിസ് പാപ്പാ, ഈ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് അയച്ച കത്തിലെ പ്രസക്ത ഭാഗങ്ങളും, വിദ്യാർത്ഥികൾ ഉദ്ധരിച്ചു. 'ഒരിക്കലും "ഒറ്റയ്ക്ക് പോകാൻ" ശ്രമിക്കരുത്' എന്ന പരിശുദ്ധ പിതാവിന്റെ വാക്കുകൾ എടുത്തുപറഞ്ഞുകൊണ്ട്, ഈ അവസ്ഥയിൽ ഫ്രാൻസിസ് പാപ്പാ ഒറ്റയ്ക്കല്ല, മറിച്ച് തങ്ങളെല്ലാവരും കൂടെയുണ്ടെന്ന് ഉറപ്പും വിദ്യാർത്ഥികൾ കത്തിൽ അടിവരയിട്ടു പറഞ്ഞു. "ബുദ്ധിമുട്ടുകൾ നിറഞ്ഞ ഈ സമയത്ത്, പാപ്പായുടെ മേൽ ധാരാളം ദൈവാനുഗ്രഹങ്ങൾ ചൊരിയപ്പെടുന്നതിനായി ക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്‌ലഹേമിൽ നിന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു", വിദ്യാർത്ഥികൾ കുറിച്ചു.
ലസാലിയൻ പാരമ്പര്യത്തിലുള്ള ഒരു കത്തോലിക്കാ സ്ഥാപനമായ ബെത്‌ലഹേം സർവ്വകലാശാല, മതാന്തര സംവാദത്തിന്റെയും അക്കാദമിക മികവിന്റെയും ഇടമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: