യേശുവിൻറെ കാൽക്കലർപ്പിക്കുമ്പോൾ നമ്മുടെ ജീവിതഭാരം ഇല്ലാതാകും, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ന്യുമോണിയബാധിതനായി റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫ്രാൻസീസ് പാപ്പാ മാർച്ച് 23-ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് വത്തിക്കാനിൽ തിരിച്ചെത്തിയെങ്കിലും ചികിത്സ തുടരുന്നതോടൊപ്പം ആരോഗ്യം വീണ്ടെടുക്കുന്നതിനായുള്ള വിശ്രമത്തിലുമാണ്. വൈദ്യസംഘം വിശ്രമം നിർദ്ദേശിച്ചിരിക്കുന്നതിനാൽ പാപ്പാ ബുധനാഴ്ചത്തെ പ്രതിവാര പൊതുദർശനം അനുവദിക്കുകയോ, ഞായറാഴ്ചത്തെ മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുകയോ ചെയ്യുന്നില്ല. അതുപോലെതന്നെ മറ്റു പൊതുപരിപാടികളിൽ നിന്നും പാപ്പാ തല്ക്കാലം വിട്ടുനില്ക്കുകയാണ്. എന്നിരുന്നാലും പാപ്പായുടെ ത്രികാലജപസന്ദേശവും പ്രതിവാരപൊതുകൂടിക്കാഴ്ച പ്രഭാഷണവും പരിശുദ്ധസിംഹാസനം പരസ്യപ്പെടുത്താറുണ്ട്.
ജൂബിലി വത്സരാചരണത്തോടനുബന്ധിച്ച്, പൊതുകൂടിക്കാഴ്ചാവേളയിൽ, പാപ്പാ, നമ്മുടെ പ്രത്യാശയായ യേശുവിനെ അധികരിച്ച് ആരംഭിച്ചിരിക്കുന്ന പ്രബോധനപരമ്പരയിൽ, യേശുവിൻറെ ബാല്യകാലത്തെക്കുറിച്ചുള്ള പരിചിന്തനം സമാപിച്ചതിനെ തുടർന്ന് ഈ പരമ്പരയുടെ രണ്ടാം ഭാഗത്തിന് തുടക്കംകുറിച്ചിരിക്കുകയാണ്. പാപ്പാ “യേശുവിൻറെ ജീവിതം. കൂടിക്കാഴ്ചകൾ” എന്ന ശീർഷകമാണ് ഇതിനു നല്കിയിരിക്കുന്നത്. ഇതിൽ ആദ്യത്തേതായി, വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാൾദിനമായ മാർച്ച് 19-ാം തീയതി ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചയ്ക്കു വേണ്ടി തയ്യാറാക്കിയ പ്രഭാഷണത്തിൽ, പാപ്പാ, യേശുവും നിക്കോദേമോസുമായുള്ള കൂടിക്കാഴ്ച പരിചിന്തനവിഷയമാക്കിയിരിന്നു. ഇരുപത്തിയാറാം തീയതി ബുധനാഴ്ച (26/03/25) പാപ്പാ വിചിന്തനത്തിന് ആധാരമാക്കിയത് യോഹന്നാൻറെ സുവിശേഷം നാലാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന, യേശുവും സമറിയക്കാരിയും കിണറിനരികിൽ വച്ച് കണ്ടുമുട്ടുന്നതും അവിടന്ന് അവളോടു കുടിക്കാൻ വെള്ളം ചോദിക്കുന്നതുമായ സംഭവം ആയിരുന്നു. ഈ കൂടിക്കാഴ്ച പാപ്പാ വിശകലനം ചെയ്തത് ഈ വാക്കുകളിലാണ്:
യേശു നമുക്കായി കാത്തിരിക്കുന്നു
പ്രിയ സഹോദരീ സഹോദരന്മാരേ,
യേശുവിനെ തേടിപ്പോയ നിക്കോദേമോസുമായുള്ള അവിടത്തെ കൂടിക്കാഴ്ചയെക്കുറിച്ച് ധ്യാനിച്ചതിനുശേഷം, നമുക്ക്, അവിടെ, നമ്മുടെ ജീവിതത്തിൻറെ നാല്ക്കവലയിൽ, അവിടന്ന് നമുക്കുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്ന പ്രതീതിജനിപ്പിക്കുന്ന ആ നിമിഷങ്ങളെക്കുറിച്ച് ചിന്തിക്കാം. നമ്മെ അത്ഭുതപ്പെടുത്തുന്ന കണ്ടുമുട്ടലുകളാണിവ, ആദ്യം നമ്മൾ അൽപ്പം സന്ദേഹമുള്ളവരായേക്കാം: നമ്മൾ ജാഗ്രത പുലർത്തുകയും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കൻ ശ്രമിക്കുകയും ചെയ്യുന്നു.
സ്വയം ഏകാന്തതയിൽ അഭയം തേടുന്ന സമറിയക്കാരി
യോഹന്നാൻറെ സുവിശേഷത്തിൽ നാലാം അദ്ധ്യായത്തിൽ (4:5-26 കാണുക) പരാമർശിച്ചിരിക്കുന്ന സമറിയാക്കാരിയായ സ്ത്രീയുടെയും അനുഭവം ഇതായിരിക്കാം. ഉച്ചയ്ക്ക് കിണറ്റിനരികെ ഒരാളെ കണ്ടുമുട്ടുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല; അതിലുപരി, അവിടെ ആരും ഉണ്ടായിരിക്കില്ല എന്ന് അവൾ കരുതി. വാസ്തവത്തിൽ, അസാധാരണമായ ഒരു സമയത്താണ്, വളരെ ചൂടുള്ളപ്പോഴാണ്, അവൾ കിണറ്റിൽ നിന്ന് വെള്ളം കോരാൻ പോകുന്നത്. ഒരുപക്ഷേ, ഈ സ്ത്രീ സ്വന്തം ജീവിതത്തെക്കുറിച്ച് ലജ്ജിക്കുന്നുണ്ടാകാം, താൻ വിധിക്കപ്പെട്ടതായും അപലപിക്കപ്പെട്ടതായും, തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നതായും അവൾക്കു തോന്നിയിരിക്കാം, ഇക്കാരണത്താൽ അവൾ സ്വയം ഒറ്റപ്പെട്ടു, എല്ലാവരുമായുള്ള ബന്ധം വിച്ഛേദിച്ചു.
യേശുവിൻറെ സഹായ ഹസ്തം
യൂദയായിൽ നിന്ന് ഗലീലിയിലേക്ക് പോകാൻ യേശുവിന് സമറിയായിലൂടെ കടന്നു പോകാതെ മറ്റൊരു വഴി തിരഞ്ഞെടുക്കാമായിരുന്നു. യഹൂദരും സമറിയക്കാരും തമ്മിലുള്ള പിരിമുറുക്കമുള്ള ബന്ധം കണക്കിലെടുക്കുമ്പോൾ അത് കൂടുതൽ സുരക്ഷിതമാകുമായിരുന്നു. എന്നാൽ അവിടന്ന് സമറിയായിലൂടെ കടന്നുപോകാൻ അഭിലഷിക്കുകയും കൃത്യം ആ സമയത്ത് ആ കിണറ്റിനരികിൽ നിൽക്കുകയും ചെയ്യുന്നു! യേശു നമ്മെ കാത്തിരിക്കുന്നു, നമുക്ക് ഇനി ഒരു പ്രത്യാശയുമില്ലെന്ന് നാം കരുതുന്ന ആ സമയത്ത് അവിടന്ന് സന്നിഹിതനാകുന്നു. പുരാതന മദ്ധ്യപൂർവദേശത്ത്, കിണർ ഒരു സമാഗമ വേദിയായിരുന്നു, അവിടെ ചിലപ്പോൾ വിവാഹ ഏർപ്പാടുകൾ നടത്തപ്പെട്ടിരുന്നു, അത് വിവാഹനിശ്ചയവേദിയുമാകുമായിരുന്നു. സ്നേഹിക്കപ്പെടാനുള്ള അവളുടെ അഭിവാഞ്ഛയ്ക്കുള്ള യഥാർത്ഥ ഉത്തരം എവിടെയാണ് തേടേണ്ടതെന്ന് മനസ്സിലാക്കുന്നതിന് ഈ സ്ത്രീയെ സഹായിക്കാൻ യേശു ആഗ്രഹിക്കുന്നു.
അഭിലാഷം
ഈ കൂടിക്കാഴ്ച ഗ്രഹിക്കുന്നതിന് അഭിലാഷം എന്ന പ്രമേയം അടിസ്ഥാനപരമാണ്. ആഗ്രഹം ആദ്യം പ്രകടിപ്പിക്കുന്നത് യേശുവാണ്: "എനിക്ക് കുടിക്കാൻ തരൂ!" (യോഹന്നാൻ 4,10). ഒരു സംഭാഷണം ആരംഭിക്കുന്നതിനായി, യേശു തന്നെത്തന്നെ ക്ഷീണിതനായി അവതരിപ്പിക്കുന്നു, അങ്ങനെ ഇതര വ്യക്തിയെ സ്വസ്ഥമായ ഒരു അവസ്ഥയിലാക്കുകയും അയാൾ ഭയപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ബൈബിളിലും പലപ്പോഴും ദാഹം ആഗ്രഹത്തിൻറെ പ്രതീകമാണ്. എന്നാൽ ഇവിടെ യേശു ദാഹം സർവ്വോപരി, ആ സ്ത്രീയുടെ രക്ഷയ്ക്കുവേണ്ടിയാണ്. "കുടിക്കാൻ ചോദിച്ചയാൾക്ക് ഈ സ്ത്രീയുടെ വിശ്വാസത്തിനുവേണ്ടിയുള്ള ദാഹമുണ്ടായിരുന്നു" എന്ന് വിശുദ്ധ അഗസ്റ്റിൻ പറയുന്നു.
യേശു സ്വയം വെളിപ്പെടുത്തുന്നു
നിക്കോദേമോസ് രാത്രിയിലാണ് യേശുവിൻറെ പക്കൽ പോയതെങ്കിൽ, ഇവിടെ യേശു സമറിയക്കാരിയെ കണ്ടുമുട്ടുന്നത് ഏറ്റവും വെളിച്ചമുള്ള സമയമായ ഉച്ചയ്ക്കാണ്. ഇത് തീർച്ചയായും ഒരു ആവിഷ്കാര നിമിഷമാണ്. യേശു അവൾക്ക് തന്നെത്തന്നെ മിശിഹായായി വെളിപ്പെടുത്തുകയും അവളുടെ ജീവിതത്തിൽ വെളിച്ചം വീശുകയും ചെയ്യുന്നു. ഇത് അവളുടെ സങ്കീർണ്ണവും വേദനാജനകവുമായ ചരിത്രം നൂതനമായൊരു രീതിയിൽ വായിക്കാൻ അവളെ സഹായിക്കുന്നു: അവൾക്ക് അഞ്ച് ഭർത്താക്കന്മാരുണ്ടായിരുന്നു, ഇപ്പോൾ അവൾ ആറാമത്തെ ഒരാളോടൊപ്പമാണ്. അയാളാകട്ടെ അവളുടെ ഭർത്താവല്ല. ആറ് എന്ന സംഖ്യ യാദൃശ്ചികമായതല്ല, എന്നാൽ അത് സാധാരണയായി അപൂർണ്ണതയെ സൂചിപ്പിക്കുന്നതാണ്. ഒരുപക്ഷേ ഇത്, യഥാർത്ഥത്തിൽ സ്നേഹിക്കപ്പെടാനുള്ള ഈ സ്ത്രീയുടെ ആഗ്രഹം ഒടുവിൽ തൃപ്തിപ്പെടുത്താൻ കഴിയുന്ന ആളായ ഏഴാമത്തെ ഭർത്താവിനെക്കുറിച്ചുള്ള ഒരു സൂചനയായിരിക്കാം. ആ വരൻ യേശുവായിരിക്കാം.
വഴിമാറൽ പ്രവണത
തൻറെ ജീവിതം യേശുവിന് അറിയാമെന്ന് മനസ്സിലാക്കുമ്പോൾ, ആ സ്ത്രീ സംഭാഷണം ജൂതന്മാരെയും സമറിയക്കാരെയും ഭിന്നിപ്പിച്ച മതപരമായ വിഷയത്തിലേക്ക് മാറ്റുന്നു. പ്രാർത്ഥിക്കുമ്പോൾ ചിലപ്പോൾ നമുക്കും ഇതുതന്നെ സംഭവിക്കാറുണ്ട്: പ്രശ്നങ്ങളോടുകൂടിയ നമ്മുടെ ജീവിതത്തെ ദൈവം സ്പർശിച്ചുകൊണ്ടിരിക്കുന്ന നിമിഷത്തിൽ, വിജയകരമെന്ന് തോന്നിക്കുന്ന ഒരു പ്രാർത്ഥനയുടെ മിഥ്യാധാരണ പ്രദാനംചെയ്യുന്ന ചിന്തകളിൽ നാം ചിലപ്പോൾ മുഴുകിപ്പോകുന്നു. വാസ്തവത്തിൽ, നമ്മൾ സംരക്ഷണ പ്രതിരോധങ്ങൾ ഉയർത്തുകയാണ്. എന്നാൽ കർത്താവ് എല്ലാറ്റിലും വലിയവനാണ്, സാംസ്കാരിക ചട്ടക്കൂടുകൾ അനുസരിച്ച് സംസാരിക്കുക പോലും ചെയ്യാൻ പാടില്ലാത്ത ആ സമറിയാക്കാരിക്ക്, അവൻ ഏറ്റവും ഉന്നതമായ വെളിപാടേകുന്നു: ആത്മാവിലും സത്യത്തിലും ആരാധിക്കപ്പെടേണ്ട പിതാവിനെക്കുറിച്ച് അവൻ അവളോട് സംസാരിക്കുന്നു. ഒരിക്കക്കൂടി വിസ്മയഭരിതയായ അവൾ, ഈ കാര്യങ്ങളിൽ മിശിഹായെ കാത്തിരിക്കുന്നതാണ് നല്ലതെന്ന് നിരിക്ഷിച്ചപ്പോൾ അവൻ അവളോട് പറഞ്ഞു: "നിന്നോട് സംസാരിക്കുന്ന ഞാൻ തന്നെയാണ് അവൻ" (യോഹന്നാൻ 4,26). അത് ഒരു സ്നേഹപ്രഖ്യാപനം പോലെയാണ്: നീ കാത്തിരിക്കുന്നവൻ ഞാനാണ്; സ്നേഹിക്കപ്പെടാനുള്ള നിൻറെ ആഗ്രഹത്തിന് ഒടുവിൽ ഉത്തരം നൽകാൻ കഴിയുന്നവൻ.
സ്നേഹമേകുന്ന ഉത്തേജനം
അപ്പോൾ ആ സ്ത്രീ ഗ്രാമത്തിലെ ആളുകളെ വിളിക്കാൻ ഓടുന്നു, കാരണം സ്നേഹിക്കപ്പെടുന്ന അനുഭവത്തിൽ നിന്നാണ് ദൗത്യം നിർഗ്ഗമിക്കുക. മനസ്സിലാക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ക്ഷമിക്കപ്പെടുകയും ചെയ്ത അനുഭവമല്ലാതെ എന്ത് സന്ദേശം നല്കാനാണ് അവൾക്ക് കഴിയുക? സുവിശേഷവൽക്കരണത്തിനുള്ള പുതിയ വഴികൾക്കായുള്ള നമ്മുടെ അന്വേഷണത്തെക്കുറിച്ച് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു ചിത്രമാണിത്.
ജീവിതം യേശുവിൻറെ പാദാന്തികത്തിൽ വയ്ക്കുക
പ്രണയത്തിലായ ഒരു വ്യക്തിയെപ്പോലെ, സമറിയക്കാരി, യേശുവിൻറെ പാദാന്തികെ തൻറെ കുംഭം മറന്നുവയ്ക്കുന്നു. ഓരോ തവണയും അവൾ വീട്ടിലേക്ക് മടങ്ങുമ്പോൾ അവളുടെ ശിരസ്സിലുള്ള ആ കുടത്തിൻറെ ഭാരം അവളുടെ അവസ്ഥയെക്കുറിച്ചും, അവളുടെ പ്രശ്‌നഭരിതമായ ജീവിതത്തെക്കുറിച്ചും ഓർമ്മിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ കുംഭം യേശുവിൻറെ കാൽക്കൽ സമർപ്പിച്ചിരിക്കുന്നു. ഭൂതകാലം ഇനി ഒരു ഭാരമല്ല; അവൾ അനുരഞ്ജിതയായിരിക്കുന്നു. നമ്മെ സംബന്ധിച്ചും അപ്രകാരമാണ്: സുവിശേഷം പ്രഘോഷിക്കാൻ പോകണമെങ്കിൽ, ആദ്യം നമ്മുടെ കഥയുടെ ഭാരം കർത്താവിൻറെ കാൽക്കൽ സമർപ്പിക്കണം, നമ്മുടെ ഗതകാലത്തിൻറെ ഭാരം അവനു കൈമാറണം. അനുരഞ്ജിതരായവർക്കു മാത്രമേ സുവിശേഷ സംവാഹകരാകാൻ കഴിയൂ.
നമ്മെ കാത്തിരിക്കുന്ന ദൈവം
പ്രിയ സഹോദരീ സഹോദരന്മാരേ, നമ്മൾ പ്രതീക്ഷ കൈവിടരുത്! നമ്മുടെ ചരിത്രം ഭാരമേറിയതും, സങ്കീർണ്ണവും, ഒരുപക്ഷേ തകർന്നടിഞ്ഞതുമായി തോന്നിയാലും, അത് ദൈവത്തിന് സമർപ്പിച്ച് വീണ്ടും യാത്ര ആരംഭിക്കാനുള്ള അവസരം നമുക്കുണ്ട്. ദൈവം കാരുണ്യവാനാണ്, അവിടന്ന് എപ്പോഴും നമ്മെ കാത്തിരിക്കുന്നു!
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: