പ്രാർത്ഥനകൾക്ക് നന്ദി; ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ വത്തിക്കാനിൽ വീണ്ടും
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഫെബ്രുവരി മാസം പതിനാലാം തീയതി, ശ്വാസതടസ്സവും, ന്യുമോണിയയും മൂലം റോമിലെ ജെമല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫ്രാൻസിസ് പാപ്പായ്ക്കുവേണ്ടി എല്ലാ ദിവസവും വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഇറ്റാലിയൻ സമയം വൈകുന്നേരം ഒമ്പതുമണിക്ക് ജപമാല ചൊല്ലി പ്രാർത്ഥിച്ചുവരുന്നു. ആയിരക്കണക്കിനാളുകളാണ് പ്രാർത്ഥനയിൽ പങ്കെടുക്കുന്നത്. മാർച്ചുമാസം ആറാം തീയതി വ്യാഴാഴ്ച്ച നടന്ന പ്രാർത്ഥനയ്ക്ക് മുന്നോടിയായി ഫ്രാൻസിസ് പാപ്പായുടെ ശബ്ദസന്ദേശവും ചത്വരത്തിൽ മുഴങ്ങിക്കേട്ടു. സ്പാനിഷ് ഭാഷയിൽ പാപ്പാ, തനിക്കു വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവർക്കും നന്ദിയർപ്പിച്ചു.
പാപ്പായുടെ വാക്കുകൾ ഇപ്രകാരമായിരുന്നു:
"ചത്വരത്തിൽ നിന്നും, എന്റെ ആരോഗ്യത്തിനുവേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഹൃദയപൂർവം ഞാൻ നന്ദിയർപ്പിക്കുന്നു. ഇവിടെനിന്നു നിങ്ങളെ ഞാൻ അനുഗമിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കുകയും, പരിശുദ്ധ കന്യക നിങ്ങളെ കാത്തുപരിപാലിക്കുകയും ചെയ്യട്ടെ. നന്ദി."
"Agradezco de todo corazón las oraciones que hacen por mi salud desde la Plaza, los acompaño desde acá. Que Dios los bendiga y que la Virgen los cuide. Gracias."
മാർച്ചു മാസം ആറാം തീയതി നടന്ന ജപമാല പ്രാർത്ഥനയ്ക്ക് , സമർപ്പിതർക്കു വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് കർദിനാൾ ആംഗൽ ഫെർണാണ്ടസ് അർത്തിമേ നേതൃത്വം നൽകി. പരിശുദ്ധ മറിയത്തോടൊപ്പം, പരിശുദ്ധ പിതാവിന്റെ ആരോഗ്യത്തിനായി പ്രാർത്ഥനയിൽ നമുക്ക് ഒന്നുചേരാമെന്ന ആമുഖ വാക്കുകളോടെയാണ് കർദിനാൾ ജപമാലയാരംഭിച്ചത്. പ്രകാശങ്ങളുടെ രഹസ്യങ്ങൾ ധ്യാനിച്ചുകൊണ്ട് അർപ്പിച്ച പ്രാർത്ഥനയിൽ നിരവധി വൈദികരും, സന്യസ്തരും അല്മായരും പങ്കെടുത്തു. പാപ്പായുടെ വാക്കുകൾ കേട്ടമാത്രയിൽ, തുടർച്ചയായി പതിനൊന്നാം ദിവസവും പ്രാർത്ഥനയ്ക്കായി ഒത്തുചേർന്ന വിശ്വാസികൾ സന്തോഷത്താൽ ദൈവത്തിനു നന്ദിയർപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: