ആശുപത്രിവിമുക്തനായി വത്തിക്കാനിലെത്തിയ പാപ്പായുടെ ചികിത്സകൾ തുടരുന്നു: വത്തിക്കാൻ പ്രെസ് ഓഫീസ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കടുത്ത അസുഖങ്ങളെത്തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ ഒരുമാസത്തിലേറെ ചികിത്സയിലായിരുന്ന ഫ്രാൻസിസ് പാപ്പാ തിരികെ വത്തിക്കാനിലെത്തിയെങ്കിലും, മുൻപ് അറിയിച്ചിരുന്നതുപോലെ രണ്ടുമാസത്തേക്കെങ്കിലും ചികിത്സയോടുകൂടിയ വിശ്രമത്തിലായിരിക്കുമെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് വ്യക്തമാക്കി. സാന്താ മാർത്തായിലെ രണ്ടാം നിലയിലുള്ള ചാപ്പലിൽ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയിൽ പാപ്പാ സഹകാർമ്മികനായെന്നും മാർച്ച് 25 ചൊവ്വാഴ്‍ച ഉച്ചയോടെ പരിശുദ്ധസിംഹാസനത്തിന്റെ പ്രെസ് ഓഫീസ് പത്രപ്രവർത്തകരെ അറിയിച്ചു.
ശ്വാസകോശസംബന്ധിയായ ബുദ്ധിമുട്ടുകളെത്തുടർന്ന് ഫെബ്രുവരി 14 വെള്ളിയാഴ്ച ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പാപ്പാ 38 ദിവസങ്ങൾക്ക് ശേഷം മാർച്ച് 23 ഞായറാഴ്ചയാണ് വത്തിക്കാനിലേക്ക് തിരികെയെത്തിയത്. ഈ ദിവസങ്ങളിലും പാപ്പായ്ക്ക് വിവിധ മരുന്നുകളും, ഫിസിയോതെറാപ്പികളും നൽകുന്നുണ്ടെന്ന് പ്രെസ് ഓഫീസ് അറിയിച്ചു. സ്വരം വീണ്ടെടുക്കാനായുള്ള ശ്വസനഫിസിയോതെറാപ്പി പ്രത്യേകമായി പാപ്പായ്ക്ക് ലഭ്യമാക്കുന്നുണ്ട്.
മരുന്നുകൾക്കും ഫിസിയോതെറാപ്പിക്കും പുറമെ, ആശുപത്രിയിലെ അവസാനദിവസങ്ങളിൽ നല്കിയിരുന്നതുപോലെ പാപ്പായ്ക്ക് ഈ ദിവസങ്ങളിൽ സാന്താ മാർത്തായിൽ വച്ചും ഓക്സിജൻ നൽകുന്നുണ്ടെന്നും, എന്നാൽ മുമ്പത്തേതിനേക്കാൾ കുറഞ്ഞ അളവിൽമാത്രമാണ് ഇപ്പോൾ ഇത് നൽകുന്നതെന്നും പ്രെസ് ഓഫീസ് വിശദീകരിച്ചു. വിശുദ്ധകുർബാനയർപ്പണത്തിലും പ്രാർത്ഥനയിലും ചെറിയതോതിലുള്ള ജോലികളിലും മുഴുകുന്നുണ്ടെങ്കിലും പുറത്തുനിന്നുള്ള സന്ദർശകരെ ആരെയും നിലവിൽ പാപ്പാ സ്വീകരിക്കുന്നില്ലെന്നും പ്രെസ് ഓഫീസ് വ്യക്തമാക്കി.
ജൂബിലിയുമായോ, വലിയ ആഴ്ചയിലെ കർമ്മങ്ങളുമായോ ബന്ധപ്പെട്ടോ പരിപാടികളിൽ പാപ്പായുടെ പങ്കാളിത്തം സംബന്ധിച്ച് നിലവിൽ തീരുമാനങ്ങൾ ഒന്നും ആയിട്ടില്ല. പാപ്പായുടെ ആരോഗ്യസ്ഥിതിയിലുള്ള മാറ്റമനുസരിച്ചായിരിക്കും മുന്നോട്ടുള്ള തീരുമാനങ്ങളെന്ന് പ്രെസ് ഓഫീസ് വിശദീകരിച്ചു. എന്നാൽ കഴിഞ്ഞ ആഴ്ചകളിലെന്നപോലെ, ഈ ബുധനാഴ്ചയും പൊതുകൂടിക്കാഴ്ചാവേളയിലേക്കായി തയ്യാറാക്കപ്പെട്ട പാപ്പായുടെ പ്രഭാഷണം പ്രസിദ്ധീകരിക്കപ്പെടുമെന്നും പ്രെസ് ഓഫീസ് കൂട്ടിച്ചേർത്തു.
അപകടകരമായ രണ്ട് പ്രതിസന്ധികൾ
ഇറ്റാലിയൻ പത്രമായ "കൊറിയേരെ ദെല്ല സേര"യ്ക്ക് മാർച്ച് 25-ന് അനുവദിച്ച ഒരു അഭിമുഖത്തിൽ, ഇത്തവണത്തെ രോഗാവസ്ഥയിൽ പാപ്പാ രണ്ടു ഗുരുതരനിമിഷങ്ങളിലൂടെ കടന്നുപോയെന്ന്, അദ്ദേഹത്തെ ചികിത്സിച്ച ഡോ. സേർജിയോ അൽഫിയേരി പറഞ്ഞിരുന്നു. ഫ്രാൻസിസ് പാപ്പായെ ആശുപത്രിയിൽനിന്ന് ഡിസ്ചാര്ജാക്കുന്നതിന് മുൻപും ഇതുസംബന്ധിച്ച് ജെമെല്ലി ആശുപത്രിയിൽ വച്ച് അദ്ദേഹം സംസാരിച്ചിരുന്നു ഇതിൽ ശ്വാസകോശമസിലുകൾ കോച്ചിപ്പിടിക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 28-നുണ്ടായ ബുദ്ധിമുട്ട് ഏറെ ആശങ്കയുളവാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി. ശരീരാവയവങ്ങൾക്ക് നാശമുണ്ടായേക്കാവുന്ന സാധ്യത ഉണ്ടെങ്കിലും കഴിയുന്നത്ര മരുന്നുകൾ നൽകി അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കാണോ അതോ, മരുന്നുകൾ നിറുത്തിവയ്ക്കണോ എന്ന തീരുമാനമെടുക്കേണ്ടിവന്ന ഒരാവസ്ഥയുണ്ടായെന്നും, എന്നാൽ പിന്നീട് പാപ്പായുടെ തീരുമാനപ്രകാരം ചികിത്സ തുടരുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: