ഫ്രാൻസിസ് പാപ്പായ്ക്കു വേണ്ടി തുടർന്നും നമുക്ക് പ്രാർത്ഥിക്കാം: കർദിനാൾ മൗറോ ഗംബെത്തി
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ന്യുമോണിയ ബാധയും, ശ്വാസകോശസംബന്ധമായ സങ്കീർണ്ണതകളും മൂലം റോമിലെ ജെമല്ലി ആശുപതിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് പാപ്പാ, 38 ദിവസങ്ങൾക്കു ശേഷം വത്തിക്കാനിൽ തിരികെ എത്തി. മാർച്ചുമാസം ഇരുപത്തിമൂന്നാം തീയതി ഞായറാഴ്ച്ചയാണ് ഫ്രാൻസിസ് പാപ്പാ ആശുപത്രിമോചിതനായത്. അന്നേദിവസം വൈകുന്നേരവും പതിവുപോലെ, പരിശുദ്ധ പിതാവിന്റെ ആരോഗ്യത്തിനായി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ, ജപമാല ചൊല്ലി പ്രാർത്ഥിച്ചു. പത്രോസിന്റെ ബസിലിക്കയുടെ ആർച്ചുപ്രീസ്റ്റ് കർദിനാൾ മൗറോ ഗംബെത്തി പ്രാർത്ഥനകൾക്ക് നേതൃത്വം വഹിച്ചു. പാപ്പായുടെ തിരിച്ചുവരവ് ഏവർക്കും അതിയായ സന്തോഷം പ്രദാനം ചെയ്യുന്നുവെന്നും, അതിനായി പരിശുദ്ധ മറിയത്തോടൊപ്പം ദൈവത്തിനു നന്ദി പറയുവാൻ ഏവരും ആഗ്രഹിക്കുന്നുവെന്നും, ആമുഖമായി കർദിനാൾ പറഞ്ഞു.
പരിശുദ്ധ പിതാവിന്റെ രോഗാവസ്ഥയിൽ, സഭ, വിശ്വാസത്തോടുകൂടി കാത്തിരിക്കുകയായിരുന്നുവെന്നും, ഹൃദയത്തിലും, ആത്മാവിലും പ്രാർത്ഥനായാചനകളോടെയാണ് എല്ലാവരും ചത്വരത്തിൽ ഒത്തുകൂടിയിരിക്കുന്നതെന്നും കർദിനാൾ കൂട്ടിച്ചേർത്തു. ധൈര്യത്തോടും വിശ്വാസത്തോടും കൂടി രോഗാവസ്ഥകളെ തരണം ചെയ്യുന്ന എല്ലാവർക്കും, പരിശുദ്ധ പിതാവിന്റെ മടക്കം പ്രത്യാശയുടെ അടയാളമായിരിക്കട്ടെയെന്നും കർദിനാൾ ആശംസിച്ചു. ദൈവജനത്തെ സ്നേഹത്തോടും, ജ്ഞാനത്തോടും, വീര്യത്തോടും കൂടി നയിക്കാൻ ശക്തിയും ആരോഗ്യവും വീണ്ടെടുക്കുവാൻ പരിശുദ്ധ പിതാവിനെ സഹായിക്കണമേയെന്നു പ്രാർത്ഥിക്കുവാനും എല്ലാവരെയും ആഹ്വാനം ചെയ്തു.
സഭയുടെ മാതാവായ മറിയത്തിന്റെ ചിത്രം വത്തിക്കാൻ ചത്വരത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഫെബ്രുവരി 24 മുതൽ എല്ലാ ദിവസവും വൈകുന്നേരം, നിരവധിയാളുകൾ പങ്കെടുത്തുകൊണ്ട്, പരിശുദ്ധ പിതാവിന് വേണ്ടി പ്രാർത്ഥിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: