ശാസ്ത്രവും സഭയും തമ്മിലുള്ള സംവാദങ്ങൾ തുടരണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ലോകാവസാനം? പ്രതിസന്ധി, ഉത്തരവാദിത്തങ്ങൾ, പ്രതീക്ഷകൾ എന്നീ വിഷയത്തിന്മേൽ ജീവനു വേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷൻ നടത്തുന്ന പൊതുസമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം കൈമാറി. യുദ്ധങ്ങൾ, കാലാവസ്ഥാ വ്യതിയാനം, ഊർജ്ജ പ്രശ്നങ്ങൾ, പകർച്ചവ്യാധികൾ, കുടിയേറ്റ പ്രതിഭാസം, സാങ്കേതിക നവീകരണം എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ തലങ്ങളെ ഒരേസമയം സ്പർശിക്കുന്ന നിർണായക പ്രശ്നങ്ങളുടെ ഗൗരവം പാപ്പാ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. ഇത്തരത്തിലുള്ള അടിയന്തിര സാഹചര്യങ്ങൾ, ലോകത്തിന്റെ വിധിയെയും, അതിനെക്കുറിച്ചുള്ള ധാരണകളെയും ഒരിക്കൽ കൂടി വിശകലനം ചെയ്യുവാൻ നമ്മെ നിർബന്ധിതരാക്കുന്നുവെന്നും പാപ്പാ തന്റെ സന്ദേശത്തിൽ കുറിച്ചു.
സമീപകാല പ്രതിസന്ധികളിൽ, പ്രപഞ്ചത്തിൽ നമുക്കുള്ള പ്രാതിനിധ്യത്തെപ്പറ്റി കൂടുതൽ അവബോധമുള്ളവരാകുവാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. മാറുന്ന കാലത്തിനനുസരിച്ചു, നിശ്ചലരായി തുടരാതെ, ശാസ്ത്രീയ അറിവിന്റെ സംഭാവനകൾക്കനുസരണം മുൻപോട്ടു പോകുവാനുള്ള ഒരു ജീവിതശൈലി ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയും പാപ്പാ അടിവരയിട്ടുപറഞ്ഞു. ശാസ്ത്രീയ അറിവുകളെ കേൾക്കുന്നതിലും, നരവംശശാസ്ത്രത്തെയും സംസ്കാരങ്ങളെയും കുറിച്ചുള്ള അവലോകനങ്ങൾ നടത്തുന്നതിനും കമ്മീഷൻ സ്വീകരിച്ചിട്ടുള്ള പ്രവർത്തനങ്ങളെ പാപ്പാ പ്രത്യേകം അഭിനന്ദിച്ചു.
ശാസ്ത്രത്തിന്റെ ചിന്തകളുമായി സംവാദം നടത്തുവാൻ ഫാ. തെയ്‌ലാർദ് ദി ചാർഡിൻ നടത്തിയ പരിശ്രമങ്ങൾ സ്വാഗതാർഹമെന്നും പാപ്പാ സൂചിപ്പിച്ചു . ലോകത്തെയും അതിന്റെ പരിണാമത്തെയും വ്യാഖ്യാനിക്കുന്ന രീതികൾ, ഈ ജൂബിലി വർഷത്തിൽ പ്രത്യാശയുടെ അടയാളങ്ങൾ നമുക്ക് നൽകുന്നുവെന്നും സന്ദേശത്തിൽ എടുത്തു കാണിച്ചു. പ്രത്യാശയാണ് യാത്രയിൽ നമ്മെ നിലനിർത്തുന്ന അടിസ്ഥാന മനോഭാവം. ഇത് യഥാർത്ഥ ജീവിതത്തിലേക്ക് നമ്മെ നയിക്കുന്നുവെന്നും പാപ്പാ സന്ദേശത്തിൽ കുറിച്ചു. ലോകത്തിന്റെ പൊതുനന്മ ഉറപ്പുവരുത്തുന്നതിനും പട്ടിണിയും ദുരിതവും ഉന്മൂലനം ചെയ്യുന്നതിനും മൗലിക മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനും എല്ലാവർക്കുമുള്ള ഉത്തരവാദിത്വവും പാപ്പാ ഓർമ്മപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: