ക്രിസ്തീയ പ്രേഷിതത്വം ദൈവവിശ്വസ്തതയിലാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
റോമിൽ, മാർച്ചുമാസം ഇരുപത്തിയെട്ടുമുതൽ മുപ്പതു വരെ നടക്കുന്ന ചെക്ക് റിപ്പബ്ലിക്കൻ സഭയുടെ ദേശീയ ജൂബിലി തീർത്ഥാടനത്തിൽ സംബന്ധിക്കുന്ന വിശ്വാസികൾക്ക് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം കൈമാറുകയും, വിശൂദ്ധ ബലിയുടെ ആരംഭത്തിൽ വായിക്കപ്പെടുകയും ചെയ്തു. ഏകദേശം രണ്ടായിരത്തോളം തീർത്ഥാടകരാണ് റോമിൽ എത്തിച്ചേർന്നത്. വ്യക്തിപരമായി തീർത്ഥാടകർക്കൊപ്പം ആയിരിക്കുവാൻ സാധിക്കാത്തതിലുള്ള ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിക്കുന്നത്.
എങ്കിലും തന്റെ ആത്മീയമായ സാമീപ്യം പാപ്പാ ഉറപ്പുനൽകി. വിശ്വാസ നവീകരണത്തിനായും, വിശുദ്ധ പത്രോസിന്റെ പിൻഗാമിയോടുള്ള അടുപ്പം പുതുക്കുന്നതിനുമായി റോമിലേക്ക് തീർത്ഥാടനം നടത്തുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം പാപ്പാ പ്രകടിപ്പിച്ചു. ദൈവം വാഗ്ദാനങ്ങളിൽ വിശ്വസ്തനായതുകൊണ്ട് അവനിലുള്ള നമ്മുടെ പ്രത്യാശ നമ്മെ ഒരിക്കലും നിരാശരാക്കുകയില്ല എന്നും പാപ്പാ കൂട്ടിച്ചേർത്തു.
ക്രൈസ്തവ പ്രേഷിതത്വം ദൃശ്യമായ ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് അത് ദൈവത്തോടുള്ള വിശ്വസ്തതയിൽ മാത്രമാണ് അടിത്തറ ഉറപ്പിക്കുന്നതെന്നു, വിശുദ്ധ സിറിളിന്റെയും, മെതോഡിയസിന്റെയുമൊക്കെ ജീവിത സാക്ഷ്യങ്ങളെ എടുത്തുപറഞ്ഞുകൊണ്ട്, ഉദ്‌ബോധിപ്പിച്ചു. അതിനാൽ, പ്രയാസങ്ങളെയും പ്രതിബന്ധങ്ങളെയും ഭയപ്പെടാതെ വിശ്വാസത്തോടെ സുവിശേഷം പ്രഘോഷിക്കാൻ എല്ലാവർക്കുമുള്ള കടമയെയും പാപ്പാ ഓർമ്മപ്പെടുത്തി.
അഞ്ചു അപ്പവും രണ്ടു മീനും, ദൈവത്തിനു നല്കിയതുപോലെ, നമുക്കുള്ളതിനെ ഉദാരഹൃദയത്തോടെ ദൈവത്തിനു ഏൽപ്പിക്കുകയാണെങ്കിൽ, അത് വർധിപ്പിച്ചു, സമൃദ്ധിയിലേക്ക് നമ്മെ നയിക്കുമെന്ന് പാപ്പാ പറഞ്ഞു. അതിനാൽ നിരാശപ്പെടാതെ സ്ഥിരോത്സാഹത്തോടെ ദൈവത്തിൽ ആശ്രയം വയ്ക്കണമെന്നും പരിശുദ്ധ പിതാവ് തന്റെ സന്ദേശത്തിൽ അടിവരയിട്ടു പറയുന്നു.
ദൈവത്തിൽ ആശ്രയിക്കുന്നവർ, പീഡന നിമിഷങ്ങളിൽപ്പോലും, തങ്ങൾ ഒരിക്കലും ദൈവത്താൽ ഉപേക്ഷിക്കപ്പെടുന്നില്ലെന്ന ബോധ്യത്തിൽ ജീവിക്കുന്നതുപോലെ, വിശ്വാസ ജീവിതത്തിൽ സാക്ഷികളായി തീരുവാൻ സാധിക്കട്ടെയെന്നു പാപ്പാ ആശംസിച്ചു. ഈ വിശ്വാസം മറ്റുള്ളവരുമായി പങ്കുവയ്‌ക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: