വത്തിക്കാനിലെത്തുന്ന തീർത്ഥാടകർ വത്തിക്കാനിലെത്തുന്ന തീർത്ഥാടകർ   (Vatican Media)

അനുദിനം നാം പ്രത്യാശയുടെ സാക്ഷികളാകണം: പാപ്പാ

ഇറ്റലിയിലെ റിയെത്തി രൂപതയിൽ നിന്നും ജൂബിലിയോടനുബന്ധിച്ച്, റോമിൽ തീർത്ഥാടനം നടത്തുന്നവർക്ക് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം നൽകപ്പെട്ടു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഇറ്റലിയിലെ റിയെത്തി രൂപതയിൽ നിന്നും ഏകദേശം ആയിരത്തി എഴുനൂറിനുമുകളിൽ വിശ്വാസികൾ പങ്കെടുത്ത, റോമിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിൽ അംഗങ്ങളായവർക്ക് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം കൈമാറി. രൂപതയുടെ മെത്രാൻ മോൺസിഞ്ഞോർ വീത്തോ പിച്ചിനൊന്നയുടെ നേതൃത്വത്തിൽ വൈദികരും, ഡീക്കന്മാരും, സന്യസ്തരും, യുവജനങ്ങളും, പൊതുപ്രവർത്തകരും, അത്മായരും തീർത്ഥാടനത്തിൽ പങ്കാളികളായി.

തന്റെ സന്ദേശത്തിൽ, ഇന്നത്തെ ലോകത്ത്  പ്രത്യാശയുടെ സാക്ഷികളാകുവാനുള്ള ക്രൈസ്തവരുടെ വിളിയെ പാപ്പാ പ്രത്യേകം അടിവരയിട്ടു പറഞ്ഞു. സഭയുടെ നന്മയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്ന രോഗികളെയും, വയോധികരെയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു. "അപ്പസ്‌തോലന്മാരുടെ കബറിടങ്ങളിലേക്കുള്ള നിങ്ങളുടെ സന്ദർശനവും വിശുദ്ധ  വാതിലിലൂടെയുള്ള നിങ്ങളുടെ യാത്രയും, നിങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുമെന്നും യഥാർത്ഥ സന്തോഷത്തിന്റെ ഉറവിടവും കാരണവുമായ ദൈവത്തിന്റെ സ്നേഹം കൂടുതൽ മനസ്സിലാക്കാനും സ്വാഗതം ചെയ്യാനും നിങ്ങളെ സഹായിക്കുമെന്നും", താൻ പ്രതീക്ഷിക്കുന്നതായി പാപ്പാ തന്റെ സന്ദേശത്തിൽ കുറിച്ചു.

ജീവിത യാത്രയിൽ ശക്തി നൽകുന്ന സ്നേഹത്തിന്റെ സാക്ഷികളായി മാറിക്കൊണ്ട്, ദുർബലരും, ദരിദ്രരുമായ ആളുകളോട് അടുപ്പം പുലർത്തുവാനും പാപ്പാ ആഹ്വാനം ചെയ്തു. ഇപ്രകാരം സഭയിലും, സമൂഹത്തിലും പ്രത്യാശയുടെ സാക്ഷികളായി മാറണമെന്നും പാപ്പാ എല്ലാവരെയും ഓർമ്മപ്പെടുത്തി. അങ്ങനെയെങ്കിൽ മാത്രമേ, കൂടുതൽ സാഹോദര്യവും, പിന്തുണയും  നൽകുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് സാധിക്കുകയുള്ളൂവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. റിയെത്തി രൂപതയിലെ എല്ലാവർക്കും തന്റെ അപ്പസ്തോലിക ആശീർവാദവും, സന്ദേശത്തിൽ പാപ്പാ കൂട്ടിച്ചേർത്തു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 മാർച്ച് 2025, 11:36