മനുഷ്യരും പ്രകൃതിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
2015 മെയ് 24-ന് താൻ പ്രസിദ്ധീകരിച്ച "ലൗദാത്തോ സി" എന്ന ചാക്രികലേഖനത്തെ അധികരിച്ച് രാജ്യത്തെ ജനങ്ങളെ കൂടുതൽ ഉത്തരവാദിത്വപരമായ ഒരു മനുഷ്യ-പ്രകൃതി ബന്ധത്തിന് ക്ഷണിച്ചതിന് ബ്രസീലിലെ മെത്രാൻസമിതി (CNBB) അംഗങ്ങളെ അഭിനന്ദിച്ചും, 2025-ലെ ജൂബിലി വർഷത്തിൽ, പ്രകൃതിയിലുള്ള അതിശക്തമായ ഇടപെടലുകൾ ഒഴിവാക്കി പ്രകൃതിക്ക് വിശ്രമമനുവദിക്കാൻ ആവശ്യപ്പെട്ടും ഫ്രാൻസിസ് പാപ്പാ. ബ്രസീലിലെ മെത്രാൻസമിതിയുടെ നേതൃത്വത്തിൽ, "സാഹോദര്യവും സമഗ്ര പരിസ്ഥിതിശാസ്ത്രവും" എന്ന പേരിൽ 2025-ലെ ജൂബലിവർഷത്തിലെ നോമ്പുകാലത്തേക്കായി ആസൂത്രണം ചെയ്തിരിക്കുന്ന, സാഹോദര്യത്തിന്റെ ക്യാമ്പൈനിലേക്ക്, ലൂർദ്ദ് മാതാവിന്റെ തിരുനാൾ ദിനമായ ഫെബ്രുവരി 11 ചൊവ്വാഴ്ച ഒപ്പിട്ട് അയച്ച സന്ദേശത്തിലാണ് പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ വീണ്ടും ഉദ്ബോധിപ്പിച്ചത്.
വരുന്ന നവംബർ മാസത്തിൽ ആമസോൺ പ്രദേശത്തെ "ബെലേം ദോ പരാ" (Belém do Pará) എന്നയിടത്ത് പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട് കോപ് മുപ്പത് (COP 30) നടത്തുവാനിരിക്കുന്ന സമ്മേളനത്തെക്കുറിച്ച് തന്റെ സന്ദേശത്തിൽ പരാമർശിച്ച പാപ്പാ, കാലാവസ്ഥാപ്രതിസന്ധിയെ തരണം ചെയ്യാനും, ദൈവം നമ്മെ ഭരമേല്പിച്ചതും, വരും തലമുറകൾക്ക് കൈമാറാനുള്ളതുമായ പ്രപഞ്ചമെന്ന മനോഹരമായ ദൈവസൃഷ്ടിയെ സംരക്ഷിക്കാനുള്ള എല്ലാ രാജ്യങ്ങളുടെയും അന്താരാഷ്ട്രസംഘടനകളുടെയും ശ്രമങ്ങൾക്ക് സഹായമേകാൻ, ബ്രസീൽ മെത്രാൻസമിതിയുടെ "സാഹോദര്യ ക്യാമ്പയിന്റെ" ഇത്തവണത്തെ പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട ശ്രമങ്ങൾക്ക് സാധിക്കട്ടെയെന്ന് ആശംസിച്ചു.
കഴിഞ്ഞ അറുപത് വർഷങ്ങളായി ബ്രസീൽ മെത്രാൻസമിതി നടത്തിവരുന്ന "സാഹോദര്യ ക്യാമ്പയിന്റെ" ഭാഗമായാണ്, വിശുദ്ധഗ്രന്ഥത്തെ അടിസ്ഥാനമാക്കി (പുറപ്പാട് 1, 31), "സാഹോദര്യവും സമഗ്ര പരിസ്ഥിതിശാസ്ത്രവും" എന്ന തലക്കെട്ടോടെ, പ്രകൃതിയുടെ ഉപയോഗത്തിലും സംരക്ഷണത്തിലും ഈ നോമ്പുകാലത്ത് പ്രയോഗത്തിൽ വരുത്തേണ്ട ആഴമേറിയ മാറ്റങ്ങളെക്കുറിച്ച്, ഉദ്ബോധിപ്പിക്കാനുള്ള പരിശ്രമങ്ങൾ നടക്കുന്നത്.
ഏതാണ്ട് പത്ത് വർഷങ്ങൾക്കപ്പുറം ഫ്രാൻസിസ് പാപ്പാ എഴുതിയ "ലൗദാത്തോ സി"യിലും, അതിന്റെ പൂർത്തീകരണത്തിന്റെ ഭാഗമായി 2023 ഒക്ടോബർ 4-ന് പ്രസിദ്ധീകരിച്ച "ലൗദാത്തോ ദേവു"മിലും അടിസ്ഥാനമിട്ട, പരിവർത്തനത്തിന്റെ പാതയിലേക്കാണ് ബ്രസീൽ മെത്രാൻസമിതി ഏവരെയും ക്ഷണിച്ചത്.
മേൽപ്പറഞ്ഞ രേഖകളിൽ, നിലവിൽ പ്രകൃതിയിലുള്ള പ്രതിസന്ധികൾ, ആഴമേറിയ പരിവർത്തനത്തിനുള്ള ഒരു ക്ഷണമാണ് മുന്നോട്ടുവയ്ക്കുന്നതെന്ന തന്റെ പ്രബോധനം (ലൗദാത്തോ സി, 217) ഇത്തവണത്തെ സന്ദേശത്തിലും പാപ്പാ ആവർത്തിച്ചു.
പ്രത്യാശയുടെ തീർത്ഥാടകരായ നമുക്ക് ഈ ജൂബിലി വർഷത്തിലെ നോമ്പുകാലയാത്ര, കൂടുതലായ ആത്മീയഫലങ്ങൾ നൽകട്ടെയെന്ന് പാപ്പാ ആശംസിച്ചു. പ്രകൃതിസംരക്ഷണവും അതിലേക്കായുള്ള പരിവർത്തനത്തിനായുള്ള ആശംസകളും അപ്പരസീദ മാതാവിന്റെ സംരക്ഷണത്തിന് സമർപ്പിച്ച പാപ്പാ, ബ്രസീലിലെ ഏവർക്കും, പ്രത്യേകിച്ച് പൊതുഭവനമായ ഭൂമിയുടെ പരിപാലനത്തിലേർപ്പെട്ടിരിക്കുന്നവർക്ക് തന്റെ അപ്പസ്തോലിക ആശീർവാദം നൽകി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: