ഫ്രാൻസിസ് പാപ്പാ ആശുപത്രി വിട്ടു ; വികാരഭരിതനിമിഷങ്ങൾ
ഫാ. ജിനു തെക്കെത്തലക്കൽ, വത്തിക്കാൻ സിറ്റി
ന്യുമോണിയ ബാധ മൂലം ആശുപത്രിയിൽ കഴിഞ്ഞിരുന്ന പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ, മാർച്ചു മാസം ഇരുപത്തിമൂന്നാം തീയതി, ഇറ്റാലിയൻസമയം ഉച്ചകഴിഞ്ഞു തിരികെ വത്തിക്കാനിലെ സ്വഭവനമായ കാസാ സാന്താ മാർത്തയിൽ എത്തി. ആശുപത്രി വിടുന്നതിനു മുൻപ്, ജനലിനരികിൽ എത്തിയ പാപ്പാ എല്ലാവരെയും അഭിവാദ്യം ചെയ്തു. ഇരു കൈകളും വീശി കൂടിനിന്നവർക്കും, ലോകമെങ്ങുമുള്ള എല്ലാവർക്കും പാപ്പാ നന്ദിയർപ്പിച്ചു. "ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി."
തദവസരത്തിൽ മഞ്ഞ പൂക്കളുമായി കാത്തുനിന്നിരുന്ന കർമേലാ എന്ന ഒരു പ്രായമായ അമ്മയെ പാപ്പാ, പ്രത്യേകം പരാമർശിക്കുകയും, വളരെ പ്രത്യേകമായ നന്ദി എകുകയും ചെയ്തു. ഫ്രാൻസിസ് പാപ്പാ ആശുപത്രിയിൽ ചികിത്സ തുടങ്ങിയ ആദ്യദിവസം മുതൽ ഈ അമ്മ ആശുപതിക്കു മുൻപിൽ വന്നു പ്രാർത്ഥിക്കുകയും, പൂക്കൾ സമർപ്പിക്കുകയും ചെയ്തിരുന്നു.
37 ദിവസങ്ങൾക്കു ശേഷം പാപ്പാ ജനങ്ങൾക്ക് മുൻപിൽ എത്തിയപ്പോൾ, പലരും സന്തോഷത്താൽ കണ്ണുനീർ പൊഴിച്ചു. പാപ്പാ തിരികെ വത്തിക്കാനിൽ എത്തിയെങ്കിലും, രണ്ടുമാസത്തേക്ക് വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
ശ്വാസം നേരെയാകുന്നതിനും, ശബ്ദം വീണ്ടെടുക്കുന്നതിനുമുള്ള വിവിധ പരിചരണങ്ങളും, ശുശ്രൂഷകളും ഇനിയും തുടരുമെന്നും വാർത്താസമ്മേളനത്തിൽ ഡോക്ടർമാർ അറിയിച്ചു. അതേസമയം വത്തിക്കാനിലേക്കുള്ള മടക്കയാത്രയിൽ ഫ്രാൻസിസ് പാപ്പാ, റോമിലെ മരിയ മേജർ ബസിലിക്കയിൽ എത്തുകയും, മാതാവിന്റെ തിരുസ്വരൂപത്തിന് മുൻപിൽ പ്രതിഷ്ഠിക്കുവാൻ, കർദിനാൾ റോലാൻദാസ് മക്രിക്കാസിനു പൂക്കൾ നൽകുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: