പാപ്പായുടെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ല: കഴിഞ്ഞ രാത്രി നന്നായി വിശ്രമിച്ചു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതിയിൽ കാര്യമായ വ്യതിയാനങ്ങളില്ലെന്നും, പാപ്പാ കഴിഞ്ഞ രാത്രിയിൽ നന്നായി വിശ്രമിച്ചുവെന്നും രാവിലെ എട്ടുമണിയോടെ പാപ്പാ ഉറക്കമുണർന്നുവെന്നും വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു. മാർച്ച് 5 ബുധനാഴ്ച രാവിലെ പുറത്തുവിട്ട പുതിയൊരു പത്രക്കുറിപ്പിലൂടെയാണ് ഫെബ്രുവരി 14 വെള്ളിയാഴ്ച മുതൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന പാപ്പായുടെ നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വത്തിക്കാൻ വിശദീകരണം നൽകിയത്.
കഴിഞ്ഞ ദിവസങ്ങളിൽ പാപ്പായ്ക്ക് ശ്വാസതടസ്സവും, ശ്വാസകോശമസിലുകൾ കോച്ചുന്നതുമായി (bronchospasm) ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടിരുന്നെങ്കിലും, ചൊവ്വാഴ്ച ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടായില്ലെന്നും, പാപ്പാ കഴിഞ്ഞ രാത്രിയിൽ ഉറങ്ങിയെന്നും, പകൽ വിശ്രമിച്ചുവെന്നും ആശുപത്രിവൃത്തങ്ങളെ അധികരിച്ച് വത്തിക്കാൻ പ്രെസ് ഓഫീസ് വ്യക്തമാക്കിയിരുന്നു. പാപ്പായ്ക്ക് കഴിഞ്ഞ ദിവസം പനി ഉണ്ടായിരുന്നില്ലെന്നും, പാപ്പാ ഉണർവോടെയാണിരുന്നതെന്നും ചികിത്സകളോട് സഹകരിച്ചുവെന്നും വത്തിക്കാൻ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഉണ്ടായ അസ്വസ്ഥതകൾ കാരണം ചൊവ്വാഴ്ച പകൽ പാപ്പായ്ക്ക് ഉയർന്ന തോതിൽ ഓക്സിജൻ നൽകേണ്ടിവന്നിരുന്നുവെന്നും രാത്രിയിൽ ശക്തമല്ലാത്ത രീതിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ഓക്സിജൻ നൽകുന്നത് തുടരുമെന്നും പരിശുദ്ധസിംഹാസനം വ്യക്തമാക്കിയിരുന്നു. എന്നാൽ പാപ്പായുടെ ആരോഗ്യനിലയിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങളെ സംബന്ധിച്ച് വത്തിക്കാൻ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.
ചൊവ്വാഴ്ച പകൽ പാപ്പാ പ്രാർത്ഥനയും വിശ്രമവുമായി കഴിച്ചുകൂട്ടിയെന്നും, രാവിലെ വിശുദ്ധ കുർബാന സ്വീകരിച്ചുവെന്നും വത്തിക്കാൻ അറിയിച്ചിരുന്നു. ന്യുമോണിയ ബാധയുടെ ഫലമായി, ശ്വാസകോശമസിലുകൾ അനിയന്ത്രിതമായി സങ്കോചിക്കുന്നതിനുള്ള സാദ്ധ്യതകൾ പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടില്ല. കഴിഞ്ഞദിവസവും പാപ്പായ്ക്ക് ശ്വാസകോശഫിസിയോതെറാപ്പി തുടർന്നുവെന്നും, ഹൃദയത്തിന്റെയും കിഡ്‌നിയുടെയും പരിശോധനകളിൽ മാറ്റമില്ലെന്നും നിലവിൽ പാപ്പായുടെ ആരോഗ്യസ്ഥിതി സ്ഥായിയായി എന്നാൽ സങ്കീർണ്ണമായിത്തന്നെയാണ് തുടരുന്നതെന്നും പത്രക്കുറിപ്പിലൂടെ പരിശുദ്ധസിംഹാസനം വിശദീകരിച്ചിരുന്നു.
ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യത്തിനുവേണ്ടി കഴിഞ്ഞ തിങ്കളാഴ്ച മുതൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ആരംഭിച്ച ജപമാലപ്രാർത്ഥന കഴിഞ്ഞ ദിവസം വൈകുന്നേരം ഒൻപതുമണിക്കും നടന്നിരുന്നു. ദിവ്യാരാധനയ്ക്കും കൂദാശാക്രമകാര്യങ്ങൾക്കുമായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ആർതർ റോഷാണ് കഴിഞ്ഞ ദിവസത്തെ ജപമാലപ്രാർത്ഥന നയിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: