ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതിയിൽ ചെറിയ പുരോഗതി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഫ്രാൻസിസ് പാപ്പായുടെ പൊതുവായ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്നും, കഴിഞ്ഞ രാത്രിയിൽ പാപ്പായ്ക്ക് യന്ത്രസഹായം വഴി ഓക്സിജൻ നൽകേണ്ടിവന്നില്ലെന്നും മാർച്ച് 18 ചൊവ്വാഴ്ച വൈകുന്നേരം വത്തിക്കാൻ പ്രെസ് ഓഫീസ് മാധ്യമപ്രവർത്തകരെ അറിയിച്ചു. ശ്വസന, ചലന കാര്യങ്ങളിൽ പാപ്പായുടെ സ്ഥിതി മെച്ചപ്പെട്ടുവരുന്നതായി പ്രെസ് ഓഫീസ് വ്യക്തമാക്കി.
ഫെബ്രുവരി 14 വെള്ളിയാഴ്ച ശ്വസനവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ കാരണം ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പാപ്പായ്ക്ക് മുൻ ആഴ്ചകളിൽ യന്ത്രസഹായത്തോടെ നൽകിവന്നിരുന്ന ഓക്സിജന്റെ തോത് കഴിഞ്ഞ ദിവസങ്ങളിൽ കുറയ്ക്കാനായിട്ടുണ്ടെന്ന് പ്രെസ് ഓഫീസ് അറിയിച്ചു. പാപ്പായുടെ ആരോഗ്യസ്ഥിതി "സങ്കീർണമെങ്കിലും" സ്ഥായിയായി തുടരുന്നുവെന്ന് വത്തിക്കാൻ കൂട്ടിച്ചേർത്തു. പാപ്പായുടെ ശ്വസനസംബന്ധമായ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായതിനെത്തുടർന്ന്പകൽ ഉയർന്ന തോതിലും രാത്രിയിൽ മാസ്‌ക് ഉപയോഗിച്ചും ഓക്സിജൻ നൽകി വന്നിരുന്നതിന്റെ അളവ് കുറയ്ക്കാനായിട്ടുണ്ട്.
കഴിഞ്ഞ രാത്രിയിൽ യന്ത്രസഹായത്തോടെ, മാസ്ക് ഉപയോഗിച്ച് ഓക്സിജൻ നൽകേണ്ടിവന്നില്ലെന്നും, എന്നാൽ ഉയർന്ന തോതിൽ ഓക്സിജൻ നൽകുന്നത് തുടർന്നുവെന്നും വത്തിക്കാൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പകലും പാപ്പാ ചികിത്സയിലും, പ്രാർത്ഥനയിലും, ചെറിയ തോതിലുള്ള ജോലിയിലുമായി സമയം ചിലവഴിച്ചുവെന്നും, ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമുള്ള പഥ്യാഹാരക്രമമാണ് പാപ്പായ്ക്ക് ഭക്ഷണം നൽകുന്നതെന്നും, അതിൽ കട്ടിയായ ഭക്ഷണങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രെസ് ഓഫീസ് വിശദീകരിച്ചു.
മാർച്ച് 19 ബുധനാഴ്ച വൈകുന്നേരമായിരിക്കും പാപ്പായുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട അടുത്ത ബുള്ളറ്റിൻ പുറപ്പെടുവിക്കുക.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: