ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യത്തിനായി പ്രാർത്ഥനയോടെ വിശ്വാസി സമൂഹം
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
രോഗാവസ്ഥയിൽ ആശുപതിയിലായിരിക്കുന്ന പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായ്ക്കുവേണ്ടി, പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി പ്രാർത്ഥിച്ചുകൊണ്ട് അനേകായിരങ്ങൾ മാർച്ചു മാസം രണ്ടാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഒന്നിച്ചുകൂടി. പ്രാർത്ഥനകൾക്ക്, പാപ്പായുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ കോൺറാഡ് ക്രാജേവ്സ്കി നേതൃത്വം നൽകി.
ഫെബ്രുവരി 14 മുതൽ ജെമെല്ലി പോളിക്ലിനിക്കിൽ ആശുപത്രിയിൽ കഴിയുന്ന പാപ്പായുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നതിനായി, കഴിഞ്ഞ ഒരാഴ്ചയായി, ലോകമെമ്പാടുമുള്ള വിശ്വാസികൾ കർദ്ദിനാൾമാർ, ബിഷപ്പുമാർ, കൂരിയ അംഗങ്ങൾ എന്നിവരോടൊപ്പം ചത്വരത്തിൽ ഒരുമിച്ചുകൂടുന്നു.
"ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യത്തിനായി ആഗോള സഭയോട് ചേർന്ന് നമുക്ക് പ്രാർത്ഥിക്കാം. സഭയുടെ മാതാവായ കന്യകാമറിയം ഈ സമയത്ത് അദ്ദേഹത്തെ തുണയ്ക്കട്ടെ", എന്ന വാക്കുകളോടെയാണ് കർദിനാൾ ജപമാല പ്രാർത്ഥന നയിച്ചത്. മാർച്ചുമാസം രണ്ടാം തീയതി ഞായറാഴ്ച്ച ഇറ്റാലിയൻ സമയം വൈകുന്നേരം ഒൻപതു മണിക്കാണ് പ്രാർത്ഥന നയിച്ചത്. മഹിമയുടെ ദിവ്യരഹസ്യങ്ങളാണ് ധ്യാനിച്ചത്.
വിശ്വാസികളിൽ ഏറിയ പങ്കും തങ്ങളുടെ ഇരുകൈകളിലും കത്തിച്ച മെഴുകുതിരികളും, ജപമാലയും വഹിച്ചിരുന്നു. വെളുത്ത പൂക്കളാൽ അലങ്കരിക്കപ്പെട്ടിരുന്ന സഭയുടെ മാതാവായ കന്യകാമറിയത്തിന്റെ ചിത്രം ചത്വരത്തിൽ സ്ഥാപിക്കപ്പെട്ടിരുന്നു. ജപമാലയുടെ അവസാനം പരിശുദ്ധ പിതാവിന് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും പാരായണം ചെയ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: