വടക്കേമാസിഡോണിയയിൽ അഗ്നിസ്‌ഫോടനത്തിൽ ഇരകളായവർക്ക് ഫ്രാൻസിസ് പാപ്പാ തന്റെ പ്രാർത്ഥനകൾ അറിയിച്ചു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
വടക്കൻ മാസിഡോണിയയിലെ സ്കോപ്ജെയിൽ നിന്ന് ഏകദേശം നൂറ് കിലോമീറ്റർ കിഴക്കായി കൊഹാനി നിശാക്ലബ്ബിൽ മാർച്ചുമാസം പതിനാറാം തീയതി പ്രാദേശികസമയം പുലർച്ചെ മൂന്നു മണിക്കുണ്ടായ തീപിടുത്തത്തിൽ ഇരകളായവർക്ക് ഫ്രാൻസിസ് പാപ്പാ തന്റെ പ്രാർത്ഥനകളും, ആത്മീയ സാമീപ്യവും അറിയിച്ചുകൊണ്ട്, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി ടെലിഗ്രാം സന്ദേശമയച്ചു. സ്കോപ്ജെ രൂപതയുടെ മെത്രാൻ മോൺസിഞ്ഞോർ കീറോ സ്‌റ്റോജെനോവിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് സന്ദേശമയച്ചിരിക്കുന്നത്.
സന്ദേശത്തിന്റെ സംക്ഷിപ്തരൂപം ഇപ്രകാരമാണ്:
'വടക്കൻ മാസിഡോണിയയിലുടനീളം വലിയ ആശങ്ക സൃഷ്ടിച്ച കോഹാനിയിലെ നിശാക്ലബ്ബിൽ ഉണ്ടായ നാടകീയമായ തീപിടുത്തത്തിൽ മരണമടഞ്ഞ, പ്രത്യേകമായി ഇരകളായ യുവജനങ്ങളുടെ കുടുംബാംഗങ്ങളോട് തന്റെ അഗാധമായ അനുശോചനവും, പരിക്കുകളേറ്റവർക്ക് തന്റെ ആത്മീയ അടുപ്പവും അറിയിക്കുന്നതിന്, പരിശുദ്ധ പിതാവ് സ്കോപ്ജെ രൂപതയുടെ മെത്രാൻ മോൺസിഞ്ഞോർ കീറോ സ്‌റ്റോജെനോവിനെ നിയോഗിക്കുന്നു. മരണമടഞ്ഞവർക്കായി പരിശുദ്ധ പിതാവ് പ്രത്യേകം പ്രാർത്ഥിക്കുകയും, ദുരന്തത്തിന്റെ പരിണിതഫലങ്ങൾ അനുഭവിക്കുന്നവർക്ക് സ്വർഗീയ ആശ്വാസം നേരുകയും ചെയ്യുന്നു.'
വേദിയിൽ വെടിക്കെട്ട് നടത്തിയതാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. പരിപാടിയുടെ സംഘാടകരെയും വേദിയുടെ ഉടമകളെയും നിരുത്തരവാദിത്വത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും 14 നും 27 നും ഇടയിൽ പ്രായമുള്ളവരാണ്. ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ മാസിഡോണിയൻ സർക്കാർ അന്വേഷണം നടത്തിവരുന്നു. സെർബിയൻ സർക്കാർ ഇരകളുടെ സ്മരണയ്ക്കായി മാർച്ച് 18 ദേശീയ ദുഃഖാചരണ ദിനമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: