വിശുദ്ധ ബലിയിൽ ഫ്രാൻസിസ് പാപ്പാ സഹകാർമ്മികത്വം വഹിച്ചു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഫെബ്രുവരി മാസം പതിനാലാം തീയതി, ന്യുമോണിയ ബാധ മൂലം റോമിലെ ജമല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ച പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യനിലയിൽ പുരോഗതിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയെന്നു വത്തിക്കാൻ വാർത്താകാര്യാലയം വാർത്താകുറിപ്പിലൂടെ അറിയിച്ചു. മാർച്ചുമാസം പതിനാറാം തീയതി ഞായറാഴ്ച്ച, ഇറ്റാലിയൻ സമയം വൈകുന്നേരമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്. ഞായറാഴ്ച്ച രാവിലെ, ജമല്ലി ആശുപത്രിയിൽ തന്റെ മുറിയുടെ സമീപമുള്ള ചാപ്പലിൽ, അർപ്പിക്കപ്പെട്ട വിശുദ്ധ ബലിയിൽ സഹകാർമ്മികനായി ഫ്രാൻസിസ് പാപ്പായും സംബന്ധിച്ചുവെന്ന സന്തോഷകരമായ വാർത്തയും വത്തിക്കാൻ പ്രസിദ്ധീകരിച്ചു. ദിവ്യബലി അർപ്പിച്ച ശേഷം, പ്രാർത്ഥനാനിമഗ്നനായിരിക്കുന്ന പരിശുദ്ധ പിതാവിന്റെ ചിത്രവും ഇതോടൊപ്പം പുറത്തുവിട്ടു.
രോഗാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതിനുശേഷം ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട ചിത്രം എന്ന നിലയിൽ ലോകജനത മുഴുവൻ ഏറെ സന്തോഷത്തോടുകൂടിയാണ് ഈ ചിത്രം ഏറ്റെടുത്തത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പുള്ള ദിവസം രാവിലെ സ്പാനിഷ് ഫൗണ്ടേഷൻ ഗൗദിയും എത്ത് സ്പെസിലെ അംഗങ്ങളെ സ്വീകരിച്ചതിനുശേഷം, പാപ്പായുമായി പൊതുസദസിനോ, സ്വകാര്യസദസിനോ ആരെയും അനുവദിച്ചിട്ടില്ല. തുടർന്ന്, മാർച്ച് 6 ന് വത്തിക്കാൻ ചത്വരത്തിലാണ്, ജപമാല പ്രാർത്ഥനയ്ക്ക് മുന്നോടിയായി ഫ്രാൻസിസ് പാപ്പായുടെ ക്ഷീണിതമായ ശബ്ദം എല്ലാവരും ശ്രവിച്ചത്. തദവസരത്തിൽ, അദ്ദേഹം വിശ്വാസികളെ അനുഗ്രഹിക്കുകയും, രോഗാവസ്ഥയിൽ തനിക്കുവേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദി അർപ്പിക്കുകയും ചെയ്തിരുന്നു.
ആരോഗ്യസ്ഥിതിയിൽ ക്രമാഗതമായ പുരോഗതി കൈവരിക്കുന്നുണ്ടെങ്കിലും, ഇപ്പോഴും ഔദ്യോഗിക വിജ്ഞാപനങ്ങളിൽ 'സങ്കീർണ്ണം' എന്ന വാക്കു ഉൾപ്പെടുത്തുന്നുണ്ട്. ആരോഗ്യാവസ്ഥയിൽ കൈവരിച്ച സ്ഥിരത ഏറെ ആശ്വാസം നൽകുന്നു. പ്രാർത്ഥനയ്ക്കും വിശ്രമത്തിനും, മറ്റു ലഘു ജോലികൾക്കും പാപ്പാ, ദിവസം മാറ്റിവയ്ക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഏകദേശം എഴുനൂറോളം മാധ്യമപ്രവർത്തകരാണ്, റോമിലെ ജമല്ലി ആശുപത്രിയിലെത്തി സ്ഥിതിഗതികൾ റിപ്പോർട്ടു ചെയ്യുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: