പാപ്പാ: യുദ്ധം അസംബന്ധമാണ്, നമുക്ക് ഭൂമിയെ നിരായുധീകരിക്കാം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വാക്കുകളെയും മനസ്സുകളെയും ഭൂമിയെയും നാം നിരായുധീകരിക്കണമെന്നും പരിചിന്തനം, ശാന്തത, സങ്കീർണ്ണാവസ്ഥയെക്കുറിച്ചുള്ള അവബോധം എന്നിവ അത്യധികം ആവശ്യമാണെന്നും മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.
ഇറ്റലിയിലെ, 149 വർഷത്തെ ചരിത്രമുള്ള, ദിനപ്പത്രമായ “കൊറിയേരെ ദെല്ല സേരയുടെ” മേധാവിയായ ലുച്യാനൊ ഫൊന്താന രോഗിയായ തന്നോട് സാമീപ്യമറിയിക്കുന്നതിന് തനിക്കയച്ച സന്ദേശത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് അദ്ദേഹത്തിനയച്ച മറുപടിക്കത്തിലാണ് ഫ്രാൻസീസ് പാപ്പാ ലോകത്തിൻറെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ആശങ്കപ്രകടിപ്പിച്ചുകൊണ്ട് നിരായുധീകരണത്തിൻറെ ആവശ്യകത എടുത്തുകാട്ടിയിരിക്കുന്നത്.
യുദ്ധം സമൂഹങ്ങളെയും പരിസ്ഥിതിയെയും നശിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നും, സംഘർഷങ്ങൾക്ക് പരിഹാരങ്ങളേകുന്നില്ലെന്നും കത്തിലെഴുതിയിരിക്കുന്ന പാപ്പാ, നയതന്ത്രത്തിനും അന്താരാഷ്ട്ര സംഘടനകൾക്കും നൂതനമായൊരു ജീവരസവും വിശ്വാസ്യതയും ആവശ്യമാണെന്നും ഓർമ്മിപ്പിക്കുന്നു. മാത്രമല്ല, സാഹോദര്യത്തിനും നീതിക്കും വേണ്ടിയുള്ള ആഗ്രഹം, സമാധാനത്തിനുള്ള പ്രത്യാശ എന്നിവയെ പുനരുജ്ജീവിപ്പിക്കുന്നതിന് മതങ്ങൾക്ക് ജനങ്ങളുടെ ആത്മീയതയെ ആശ്രയിച്ചുകൊണ്ട് സംഭാവനയേകാൻ കഴിയുമെന്ന് പാപ്പാ കുറിച്ചിരിക്കുന്നു. ഇതിനെല്ലാം പ്രതിബദ്ധതയും പ്രവൃത്തിയും നിശബ്ദതയും വാക്കുകളും ആവശ്യമാണെന്നും പാപ്പാ പറയുന്നു.
സ്ഥായിയായതും ക്ഷണികമായതും എന്താണ്, ജീവനേകുന്നതും ജീവനെ ഇല്ലാതാക്കുന്നതും എന്താണ് എന്ന് കൂടുതൽ വ്യക്തമാക്കാനുള്ള ശക്തി, വാസ്തവത്തിൽ, മനുഷ്യൻറെ ബലഹീനാവസ്ഥയ്ക്ക് ഉണ്ടെന്ന് കത്തിൽ എഴുതിയിരിക്കുന്ന പാപ്പാ വ്യക്തികൾ എന്ന നിലയിലും സമൂഹങ്ങൾ എന്ന നിലയിലും നാം തിരഞ്ഞെടുത്ത ദിശയെ ചോദ്യം ചെയ്യാൻ ദുർബ്ബലരും മുറിവേറ്റവരുമായ ആളുകൾക്ക് ശക്തിയുണ്ടെന്നും, അതുകൊണ്ടായിരിക്കാം നമ്മൾ പലപ്പോഴും പരിമിതികളെ നിഷേധിക്കുകയും അവരെ ഒഴിവാക്കുകയും ചെയ്യുന്നതെന്നും പറയുന്നു.
നമ്മുടെ ലോകത്തെ തത്സമയം ഒന്നിപ്പിക്കുന്ന ആശയവിനിമയ ഉപകരണങ്ങളിലൂടെ, വാക്കുകളുടെ പൂർണ്ണ പ്രാധാന്യം അനുഭവിച്ചറിയാൻ, ആശയമിനിമയയത്തിനായി ബുദ്ധിയും തൊഴിലും സമർപ്പിക്കുന്ന എല്ലാവർക്കും പാപ്പാ പ്രചോദനം പകരുന്നു. അവ ഒരിക്കലും വാക്കുകൾ മത്രമല്ല, മാനുഷിക പരിസ്ഥിതികളെ കെട്ടിപ്പടുക്കുന്ന വസ്തുതകളുമാണെന്നും അവയക്ക് യോജിപ്പിക്കാനോ വിഭജിക്കാനോ, സത്യത്തെ സേവിക്കാനോ അതിനെ ഉപയോഗപ്പെടുത്താനോ കഴിയുമെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: