കർദിനാൾ പീറ്റർ ടർക്സൺ കർദിനാൾ പീറ്റർ ടർക്സൺ  

ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യത്തിനായി പ്രാർത്ഥിച്ച് ആഫ്രിക്കൻ നയതന്ത്ര പ്രതിനിധികൾ

ആഫ്രിക്കൻ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, വത്തിക്കാനിലെ ഹങ്കേറിയൻ ചാപ്പലിൽ വിശുദ്ധ ബലിയിൽ പങ്കെടുത്തു പരിശുദ്ധ പിതാവിന് വേണ്ടി പ്രാർത്ഥിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ നിന്നും പരിശുദ്ധ സിംഹാസനത്തിലേക്കുള്ള വിവിധ നയതന്ത്ര പ്രതിനിധികൾ വത്തിക്കാനിൽ ഒരുമിച്ചുകൂടി ഫ്രാൻസിസ് പാപ്പായ്ക്കുവേണ്ടി പ്രാർത്ഥിച്ചു. മാർച്ചുമാസം ഇരുപതാംതീയതി ഇറ്റാലിയൻ സമയം രാവിലെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ താഴത്തെ നിലയിലുള്ള ഹങ്കേറിയൻ ചാപ്പലിൽ അർപ്പിച്ച വിശുദ്ധ ബലിക്ക്, പൊന്തിഫിക്കൽ സയൻസ് അക്കാഡമിയുടെ ചാൻസിലർ കർദിനാൾ പീറ്റർ ടർക്സൺ നേതൃത്വം വഹിച്ചു. ഘാന സ്വദേശിയായ കർദിനാൾ  ഒരു ദശാബ്ദത്തിലേറെയായി വത്തിക്കാനിൽ സേവനം ചെയ്യുന്നു.

"പരിശുദ്ധ പിതാവിന്റെ ആരോഗ്യം പ്രത്യേക ശ്രദ്ധ അർഹിക്കുന്ന സമയത്ത്, പ്രാർത്ഥനയുടെയും അദ്ദേഹത്തോടുള്ള ആത്മീയ അടുപ്പത്തിന്റെയും ഒരു നിമിഷമായിരിക്കും ഇതെന്ന്", അംബാസഡർമാരുടെ കത്തിൽ പ്രത്യേകം പറയുന്നു. തങ്ങളുടെ "സ്നേഹവും ആദരവും" പ്രകടിപ്പിക്കാനും, "അദ്ദേഹത്തിന്റെ പ്രബോധനങ്ങൾ പിന്തുടരാനും, ലോകമെമ്പാടും സുവിശേഷ സന്ദേശം പ്രചരിപ്പിക്കുന്നതിന്  തങ്ങൾക്കുള്ള ഉത്തരവാദിത്വവും, പ്രതിബദ്ധതതയും പുതുക്കാനും" ഈ നിമിഷങ്ങൾ സഹായകരമാകട്ടെയെന്ന ആശംസയും കത്തിൽ  അടിവരയിട്ടു പറയുന്നു.

ആഫ്രിക്കൻ അംബാസഡർമാർക്കു പുറമെ, സൈപ്രസ്, പോളണ്ട്, ലിത്വാനിയ എന്നിവിടങ്ങളിലെ അംബാസഡർമാരും ഫ്രാൻസിസ് പാപ്പയ്ക്കുവേണ്ടി പ്രാർത്ഥിക്കുവാനും വിശുദ്ധ ബലിയിൽ പങ്കെടുക്കുവാനും മാർച്ചു ഇരുപതിന്‌ വൈകുന്നേരം വത്തിക്കാനിൽ ഒത്തുചേരും. ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗർ മുഖ്യകാർമികത്വം വഹിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 മാർച്ച് 2025, 12:04