പൂജരാജാക്കന്മാർക്ക് വഴികാട്ടുന്ന നക്ഷത്രം പൂജരാജാക്കന്മാർക്ക് വഴികാട്ടുന്ന നക്ഷത്രം  (losw - Fotolia)

അഹത്തിനപ്പുറം കാണാൻ കഴിവുള്ളവരാകണം, പാപ്പാ!

ഫ്രാൻസീസ് പാപ്പാ ഫെബ്രുവരി 19-ന് ബുധനാഴ്ച പ്രതിവാര പൊതുകൂടിക്കാഴ്ചയ്ക്കായി തയ്യാറാക്കിയിരുന്ന പ്രഭാഷണം. പാപ്പാ ജെമേല്ലി ആശുപത്രിയിൽ ചികിത്സയിലായതുകൊണ്ട് പൊതുദർശന പരിപാടി റദ്ദാക്കപ്പെട്ടെങ്കിലും പ്രസ്തുത സന്ദേശം പരിശുദ്ധസിംഹാസനം പരസ്യപ്പെടുത്തി. യേശുവിൻറെ ബാല്യകാലത്തെക്കുറിച്ചുള്ള പരിചിന്തനത്തിൻറെ തുടർച്ചയായി പാപ്പായുടെ വിശകലനം വിഷയം പൂജരാജാക്കന്മാരുടെ സന്ദർശമായിരുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ ഫെബ്രുവരി 14 വെള്ളിയാഴ്ച മുതൽ റോമിലെ ജെമേല്ലി ആശുപത്രിയിൽ ചികിത്സയിലാണല്ലൊ. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയബാധിതനായ പാപ്പായുടെ ആരോഗ്യസ്ഥിതി അല്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. ചൊവ്വാഴ്ച രാത്രിയും ശാന്തമായി കടന്നുപോയി. പാപ്പാ ഔദ്യോഗിക കൃത്യങ്ങൾ സാധ്യമായവിധത്തിലൊക്കെ നിറവേറ്റുന്നുണ്ടെങ്കിലും പൊതുപരിപാടികൾ സാധ്യമല്ലാത്തതിനാൽ പൂർണ്ണമായും റദ്ദാക്കിയിരിക്കയാണ്. പാപ്പാ കഴിഞ്ഞവാരത്തിലെ പൊതുകൂടിക്കാഴ്ചയ്ക്കായി മുൻകൂട്ടിതയ്യാറാക്കിയിരുന്ന പ്രഭാഷണം പരിശുദ്ധസിംഹാനം പരസ്യപ്പെടുത്തിയിരുന്നു. ജൂബിലിയോടനുബന്ധിച്ച് നമ്മുടെ പ്രത്യാശയായ യേശുവിനെ അധികരിച്ച് ആരംഭിച്ചിരിക്കുന്ന പ്രബോധനപരമ്പരയിൽ യേശുവിൻറെബാല്യത്തെക്കുറിച്ച് നടത്തിപ്പോരുന്ന പ്രഭാഷണത്തിൻറെ തുടർച്ചയായിരുന്നു അത്. 

പാപ്പായുടെ സന്ദേശം - ജ്ഞാനികൾ യേശുവിനെ സന്ദർശിച്ച് ആരാധിക്കുന്നു

പ്രിയ സഹോദരീ സഹോദരന്മാരേ,

സുവിശേഷങ്ങളിൽ യേശുവിൻറെ ബാല്യകാലത്തെക്കുറിച്ചുള്ള വിവരണങ്ങളിൽ മത്തായിയുടെ ആഖ്യാനത്തിൽ ഒരു സംഭവമുണ്ട്: ജ്ഞാനികളുടെ സന്ദർശനം. പല സംസ്കാരങ്ങളിലും അസാധാരണ ആളുകളുടെ ജനനത്തിൻറെ ഒരു സൂചനയായി കാണപ്പെടുന്ന ഒരു നക്ഷത്രം പ്രത്യക്ഷപ്പെട്ടപ്പോൾ അതിൽ ആകൃഷ്ടരായി, ചില ജ്ഞാനികൾ, ലക്ഷ്യമേതെന്ന് കൃത്യമായി അറിയാതെ കിഴക്ക് നിന്ന് പുറപ്പെട്ടു. ഇവർ, ഉടമ്പടിയുടെ ജനത്തിൽപ്പെടാത്ത ആളുകളായ പൂജരാജാക്കന്മാരാണ്. കഴിഞ്ഞ തവണ നമ്മൾ ബെത്‌ലഹേമിലെ ഇടയന്മാരെക്കുറിച്ച് പരാമർശിച്ചു. യഹൂദ സമൂഹത്തിൽ "അശുദ്ധർ" ആയി കണക്കാക്കപ്പെട്ടിരുന്നതിനാൽ അവർ പാർശ്വവൽക്കരിക്കപ്പെട്ടിരുന്നു; ഇന്ന് നമ്മൾ മറ്റൊരു വിഭാഗത്തെ കണ്ടുമുട്ടുന്നു, പരദേശികൾ, കേട്ടുകേൾവി പോലുമില്ലാത്ത പൂർണ്ണമായും നൂതനമായൊരു രാജകീയതയോടെ ചരിത്രത്തിൽ പ്രവേശിച്ച ദൈവപുത്രന് ആദരവർപ്പിക്കാൻ അവർ ഉടൻ എത്തുന്നു. അതുകൊണ്ട്, ശിശുവായിത്തീർന്ന ദൈവത്തെ, ലോകരക്ഷകനെ, കാണാൻ ആദ്യം ക്ഷണിക്കപ്പെടുന്നത് ദരിദ്രരും പരദേശികളുമാണെന്ന് സുവിശേഷങ്ങൾ സുവ്യക്തം പറയുന്നു.

അവനവന് അപ്പുറത്തേക്ക് നോക്കാൻ അറിയാവുന്നവർ

നോഹയുടെ മൂന്ന് പുത്രന്മാരിൽ നിന്ന് ജനിച്ച ആദിമ വംശങ്ങളുടെയും, പുരാതന കാലത്ത് അറിയപ്പെട്ടിരുന്ന മൂന്ന് ഭൂഖണ്ഡങ്ങളായ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവയുടെയും, മനുഷ്യജീവിതത്തിൻറെ മൂന്ന് ഘട്ടങ്ങളായ യുവത്വം, പക്വത, വാർദ്ധക്യം എന്നിവയുടെയും പ്രതിനിധികളായി ഈ പൂജരാജക്കന്മാർ കണക്കാക്കപ്പെടുന്നു. സാധ്യമായ ഏതൊരു വ്യാഖ്യാനത്തിനും അപ്പുറം, അവർ നിശ്ചലരായി നിലകൊള്ളാത്ത മനുഷ്യരാണ്, ബൈബിൾ ചരിത്രത്തിൽ വിളിക്കപ്പെട്ട മഹാവ്യക്തികളെപ്പോലെ അവർ ചലിക്കാനുള്ള, യാത്രയാരംഭിക്കാനുള്ള, വിളികേൾക്കുന്നു. തങ്ങൾക്ക് അപ്പുറത്തേക്ക് നോക്കാൻ അറിയുന്ന,  ഉന്നതത്തിലേക്ക് നോക്കാൻ അറിയുന്ന മനുഷ്യരാണ് അവർ.

ജ്ഞാനികളുടെ ശുദ്ധതയും ഹേറോദേസിൻറെ കൗശലവും

ആകാശത്ത് ഉദിച്ച നക്ഷത്രത്തിൻറെ ആകർഷണം അവരെ യൂദയാ ദേശത്തേക്കും ജറുസലേമിലേക്കും നയിക്കുന്നു, അവിടെവച്ച് അവർ ഹേറൊദേസ് രാജാവിനെ കാണുന്നു. യഹൂദന്മാരുടെ നവജാത രാജാവിനെക്കുറിച്ചുള്ള വിവരങ്ങൾ ചോദിക്കുന്നതിലുള്ള അവരുടെ നിഷ്കളങ്കതയും വിശ്വാസവും, തൻറെ സിംഹാസനം നഷ്ടപ്പെടുമോ എന്ന ഭയത്താൽ അസ്വസ്ഥനാകുകയും എല്ലാം വ്യക്തമായി അറിയുന്നതിനായി വിദഗ്ദ്ധരുമായി ബന്ധപ്പെടുകയും അന്വേഷണം നടത്താൻ അവരോട് ആവശ്യപ്പെടുകയും   ചെയ്യുന്ന ഹേറോദേസിൻറെ കൗശലവുമായി ഏറ്റുമുട്ടുന്നു.

ഭൗമികാധികാരിയുടെ ബലഹീനത

അങ്ങനെ ഭൗമിക ഭരണാധികാരിയുടെ ശക്തി അതിൻറെ എല്ലാ ബലഹീനതകളും പ്രകടമാക്കുന്നു. തിരുവെഴുത്തുകൾ അറിയുന്ന പണ്ഡിതർ, ഇസ്രായേൽ ജനതയുടെ തലവനും ഇടയനും ജനിക്കുന്ന, മിഖായുടെ പ്രവചനമനുസരിച്ചുള്ള, സ്ഥലം രാജാവിനോട് പറയുന്നു (മിഖാ 5:1): അതായത് ചെറിയ ബെത്‌ലഹേം ആണ്, അല്ലാതെ, മഹാ ജറുസലേം അല്ല! വാസ്തവത്തിൽ, പൗലോസ് കോറിന്തോസുകാരെ ഓർമ്മിപ്പിക്കുന്നതുപോലെ, "ശക്തരെ ലജ്ജിപ്പിക്കാൻ ദൈവം ലോകദൃഷ്ട്യാ ബലഹീനമായത് തിരഞ്ഞെടുത്തു" (1 കോറിന്തോസ് 1:27).

എന്നിരുന്നാലും, മിശിഹാ എവിടെയാണ് ജനിച്ചതെന്ന് കൃത്യമായി കണ്ടെത്താൻ അറിയാവുന്ന ശാസ്ത്രിമാർ മറ്റുള്ളവർക്ക് വഴി കാണിക്കുന്നു, എന്നാൽ അവരാകട്ടെ അനങ്ങുന്നില്ല! ദൈവിക തരംഗങ്ങളുമായി പൊരുത്തപ്പെടുന്നതിന്, പ്രവാചക രചനകൾ അറിഞ്ഞാൽ മാത്രം പോരാ, നാം നമ്മുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുകയും  ഗവേഷണത്തിനായുള്ള ആഗ്രഹം പുനരുജ്ജീവിപ്പിക്കാനും ദൈവദർശനാഭിവാഞ്ഛ ജ്വലിപ്പിക്കാനും ദൈവവചനത്തെ അനുവദിക്കുകയും വേണം.

വിവരങ്ങൾ അന്വേഷിച്ചറിയുന്ന ഹേറോദേസ്

ഈ ഘട്ടത്തിൽ, ഹേറോദേസ്, വഞ്ചകരും അക്രമാസക്തരുമായ ആളുകൾ ചെയ്യുന്നതുപോലെ, നക്ഷത്രം പ്രത്യക്ഷപ്പെടുന്ന കൃത്യമായ സമയം ജ്ഞാനികളോട് രഹസ്യമായി ചോദിക്കുകയും,  തനിക്കും പോയി നവജാതശിശുവിനെ ആരാധിക്കാൻ കഴിയുന്നതിനെന്നോണം, യാത്ര തുടരാനും, പിന്നീട് തിരികെ വന്ന് തന്നെ വിവരങ്ങൾ ധരിപ്പിക്കാനും അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ. അധികാരത്തിൽ കടിച്ചുതൂങ്ങുന്നവർക്ക്, യേശു സ്വാഗതം ചെയ്യപ്പെടേണ്ട ഒരു പ്രത്യാശയല്ല, മറിച്ച് ഇല്ലാതാക്കപ്പെടേണ്ട ഒരു ഭീഷണിയാണ്!

നക്ഷത്രദർശനം ഉണർത്തുന്ന ആനന്ദം

ജ്ഞാനികൾ വീണ്ടും പുറപ്പെട്ടപ്പോൾ, നക്ഷത്രം വീണ്ടും പ്രത്യക്ഷപ്പെടുകയും അവരെ യേശുവിൻറെ അടുത്തേക്ക് നയിക്കുകയും ചെയ്തു. ദൈവം സംസാരിക്കുന്നതിനും തന്നെത്തന്നെ കാണപ്പെടാൻ അനുവദിക്കുന്നതിനും ഉപയോഗിക്കുന്ന അക്ഷരമാലയെ സൃഷ്ടിയും പ്രവാചകവചനവും പ്രതിനിധീകരിക്കുന്നു എന്നതിൻറെ സൂചനയാണിത്. നക്ഷത്രദർശനം ആ മനുഷ്യരിൽ അടക്കാനാവാത്ത സന്തോഷം ഉണർത്തുന്നു, എന്തെന്നാൽ, ദൈവത്തെ ആത്മാർത്ഥമായി അന്വേഷിക്കുന്ന ഏതൊരാളുടെയും ഹൃദയത്തെ ചലിപ്പിക്കുന്ന പരിശുദ്ധാത്മാവ് അതിനെ സന്തോഷത്താലും നിറയ്ക്കുന്നു. ഭവനത്തിൽ പ്രവേശിച്ച ജ്ഞാനികൾ യേശുവിനെ സാഷ്ടാംഗം പ്രണമിക്കുകയും  ആരാധിക്കുകയും രാജാവിന് യോഗ്യമായ, ദൈവത്തിന് യോഗ്യമായ വിലയേറിയ സമ്മാനങ്ങൾ കാഴ്ചവയക്കുകയും ചെയ്യുന്നു. അത് എന്തുകൊണ്ട്? അവർ എന്താണ് കാണുന്നത്? ഒരു പുരാതന രചയിതാവ്  എഴുതുന്നു: "വചനം സ്വീകരിച്ച ഒരു എളിയ ചെറുഗാത്രം അവർ കാണുന്നു; എന്നാൽ ദൈവികതയുടെ മഹത്വം അവരിൽ നിന്ന് മറഞ്ഞിരിക്കുന്നില്ല. അവർ ഒരു ശിശുവിനെ കാണുന്നു; എന്നാലവർ ദൈവത്തെ ആരാധിക്കുന്നു" (ക്രൊമാത്സിയൊ ദി ആക്വില, മത്തായിയുടെ സുവിശേഷത്തെക്കുറിച്ചുള്ള വ്യാഖ്യാനം 5,1). അങ്ങനെ, എല്ലാ വിജാതീയരിലും നിന്നുള്ള ആദ്യത്തെ വിശ്വാസികളായി ജ്ഞാനികൾ മാറുന്നു, എല്ലാ ഭാഷകളിൽ നിന്നും രാജ്യങ്ങളിൽ നിന്നും ഒന്നുചേർന്നിരിക്കുന്ന സഭയുടെ ഒരു രൂപമാണിത്.

ദൈവത്തെ അവിടത്തെ ചെറുമയിൽ സ്വീകരിക്കാം

പ്രിയ സഹോദരീ സഹോദരന്മാരേ,   ഇസ്രായേലിൻറെ മാത്രമല്ല, എല്ലാ ജനതകളുടെയും പ്രത്യാശയായവനിലേക്ക് തങ്ങളുടെ ചുവടുകളും ഹൃദയങ്ങളും സമ്പത്തും വലിയ ധീരതയോടെ തിരിച്ചുവിട്ട ഈ "പ്രത്യാശയുടെ തീർത്ഥാടകരുടെ", ഈ ജ്ഞാനികളുടെ, പാഠശാലയിൽ നമുക്കും ചേരാം. ദൈവത്തെ, അവൻറെ ചെറുമയിൽ, നമ്മെ ഞെരുക്കാത്ത, മറിച്ച് സ്വതന്ത്രരും അന്തസ്സോടെ സേവിക്കാൻ പ്രാപ്തരുമാക്കുന്ന അവൻറെ രാജകീയതയിൽ, ആരാധിക്കാൻ നമുക്ക് പഠിക്കാം. നമ്മുടെ വിശ്വാസവും സ്നേഹവും അവനോടു പ്രകടിപ്പിക്കുന്നതിനായി നമുക്ക് ഏറ്റവും മനോഹരമായ സമ്മാനങ്ങൾ അവന് സമർപ്പിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 ഫെബ്രുവരി 2025, 15:44

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >