ശിമയോനും അന്നയും നിരാശപ്പെടുത്താത്ത പ്രത്യാശയുടെ സാക്ഷികൾ, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയബാധിതനായ ഫ്രാൻസീസ് പാപ്പാ ഫെബ്രുവരി 14 വെള്ളിയാഴ്ച മുതൽ റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാകയാൽ ബുധനാഴ്ചത്തെ പൊതുദർശനം, ഞായറാഴ്ചത്തെ മദ്ധ്യാഹ്ന പ്രാർത്ഥന എന്നിവയുൾപ്പടെയുള്ള പരിപാടികളെല്ലാം തല്ക്കാലം റദ്ദാക്കിയിരിക്കയാണ്. എന്നിരുന്നാലും പാപ്പാ കഴിഞ്ഞവാരത്തിലെ, അതായത് 26-ാം തീയതി ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചയ്ക്കു വേണ്ടി മുൻകൂട്ടി തയ്യാറാക്കിയിരുന്ന പ്രഭാഷണം പരിശുദ്ധസിംഹാനം പരസ്യപ്പെടുത്തിയിരുന്നു. ജൂബിലി വത്സരാചരണത്തോടനുബന്ധിച്ച് പാപ്പാ, നമ്മുടെ പ്രത്യാശയായ യേശുവിനെ അധികരിച്ച് ആരംഭിച്ചിരിക്കുന്ന പ്രബോധനപരമ്പരയിൽ ഇപ്പോൾ പങ്കുവച്ചുകൊണ്ടിരിക്കുന്നത് യേശുവിൻറെ ബാല്യകാലത്തെക്കുറിച്ചുള്ള ചിന്തകളാണ്. അവയിൽ, ഈ പരിചിന്തനം യൗസേപ്പും മറിയവും ഉണ്ണിയേശുവിനെ ദേവാലയത്തിൽ സമർപ്പിക്കുന്നതിന് എത്തുന്ന സംഭവം ആധാരമാക്കിയുള്ളതാണ്. ലൂക്കായുടെ സുവിശേഷത്തിൽ നാം ഇപ്രകാരം വായിക്കുന്നു:
“പരിശുദ്ധാത്മാവിനാൽ പ്രേരിതനായി ശിമയോൻ ദേവാലയത്തിലേക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്ഠാനങ്ങൾക്കായി ശിശുവായ യേശുവിനെ മാതാപിതാക്കൾ ദേവാലയത്തിൽ കൊണ്ടുചെന്നു. ശിമയോൻ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു: കർത്താവേ, അവിടത്തെ വാഗ്ദാനമനുസരിച്ച് ഇപ്പോൾ ഈ ദാസനെ സമാധാനത്തിൽ വിട്ടയക്കണമേ!" ലൂക്കായുടെ സുവിശേഷം 2,27-29
പ്രിയ സഹോദരീ സഹോദരന്മാരേ എന്ന സംബോധനയോടെ എല്ലാവർക്കു ശുഭദിനം ആശംസിച്ചുകൊണ്ട് ആരംഭിച്ചിരിക്കുന്ന തൻറെ വിചിന്തനം പാപ്പാ ഇപ്രകാരം തുടരുന്നു:
യേശുവിൻറെ സമർപ്പണം
യേശുവിനെ ദേവാലയത്തിൽ സമർപ്പിക്കുന്ന രഹസ്യത്തെ ആധാരമാക്കിയാണ് ഇന്ന് നാം "നമ്മുടെ പ്രത്യാശയായ യേശുക്രിസ്തുവിൻറെ" (1തിമോത്തി 1:1) മനോഹാരിതയെക്കുറിച്ച് ധ്യാനിക്കുക.
യേശുവിൻറെ ശൈശവത്തെക്കുറിച്ചുള്ള ആഖ്യാനങ്ങളിൽ, സുവിശേഷകനായ ലൂക്കാ, കർത്താവിൻറെ നിയമത്തോടും അതിൻറെ എല്ലാ ശാസനകളോടും മറിയവും ജോസഫും പ്രകടിപ്പിക്കന്ന അനുസരണം നമുക്ക് കാണിച്ചുതരുന്നു. വാസ്തവത്തിൽ, ഇസ്രായേലിൽ ശുശുവിനെ ദേവാലയത്തിൽ സമർപ്പിക്കേണ്ട ബാധ്യത ഉണ്ടായിരുന്നില്ല, എന്നാൽ കർത്താവിൻറെ വചനം കേട്ട് ജീവിക്കുകയും അതിനോട് അനുരൂപപ്പെടാൻ ആഗ്രഹിക്കുകയും ചെയ്തവർ അതൊരു വിലപ്പെട്ട ആചാരമായി കണക്കാക്കി. സാമുവേൽ പ്രവാചകൻറെ അമ്മയായ അന്നയും അങ്ങനെ തന്നെയാണ് ചെയ്തത്; അവൾ വന്ധ്യയായിരുന്നു; ദൈവം അവളുടെ പ്രാർത്ഥന കേട്ടു, മകനുണ്ടായപ്പോൾ അവനെ അവൾ ദേവാലയത്തിലേക്ക് കൊണ്ടുപോകുകയും എന്നെന്നേക്കുമായി കർത്താവിനു സമർപ്പിക്കുകയും ചെയതു. (1 സാമുവേൽ 1:24-28 കാണുക).
ജറുസലേം
ആകയാൽ, വിശുദ്ധ നഗരമായ ജറുസലേമിൽ ആചരിക്കപ്പെട്ട യേശുവിൻറെ ആദ്യ അനുഷ്ഠാനത്തെക്കുറിച്ച് ലൂക്കാ വിവരിക്കുന്നു. തൻറെ ദൗത്യം പൂർത്തിയാക്കുന്നതിനായി ജറുസലേമിലേക്കു പോകാൻ ഉറച്ച തീരുമാനം എടുക്കുന്ന നിമിഷം മുതൽ (ലൂക്കാ 9:51 കാണുക), യേശുവിൻറെ സഞ്ചാര ശുശ്രൂഷ മുഴുവൻറെയും ലക്ഷ്യമായിരിക്കും ആ സ്ഥലം.
മറിയവും ജോസഫും
കുടുംബത്തിൻറെയും, ജനതയുടെയും, ദൈവവുമായുള്ള ഉടമ്പടിയുടെയും ചരിത്രത്തിൽ യേശുവിനെ ഒട്ടിച്ചുചേർക്കുക എന്നതിൽ മാത്രം മറിയവും ജോസഫും ഒതുങ്ങിനില്ക്കുന്നില്ല. അവർ അവൻറെ പരിചരണത്തിലും വളർച്ചയിലും ശ്രദ്ധിക്കുകയും, വിശ്വാസത്തിൻറെയും ആരാധനാസമ്പ്രദായത്തിൻറെയുമായ ഒരു അന്തരീക്ഷത്തിലേക്ക് അവനെ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. തങ്ങളുടേതിനെക്കാൾ വളരെ മികച്ചതായ ഒരു വിളിയെക്കുറിച്ചുള്ള ധാരണയിൽ അവർ ക്രമേണ വളരുന്നു.
ദൈവ സൂനുവിൻറെ സാന്നിധ്യം തിരിച്ചറിയുന്ന വൃദ്ധനായ ശിമയോൻ
"പ്രാർത്ഥനാലയം" (ലൂക്കാ 19:46) ആയ ദേവാലയത്തിൽ, പരിശുദ്ധാത്മാവ് വൃദ്ധനായ ഒരു മനുഷ്യൻറെ ഹൃദയത്തോട് സംസാരിക്കുന്നു: കാത്തിരിപ്പിനും പ്രത്യാശയ്ക്കും ഒരുക്കപ്പെട്ടവനും ദൈവത്തിൻറ വിശുദ്ധ ജനത്തിലെ അംഗവുമായ ശിമയോൻ ആണത്, പ്രവാചകന്മാരിലൂടെ ദൈവം ഇസ്രായേലിന് നൽകിയ വാഗ്ദാനങ്ങളുടെ പൂർത്തീകരണത്തിനായുള്ള ആഗ്രഹം അവൻ ഊട്ടിവളർത്തുന്നു. ദേവാലയത്തിൽ കർത്താവിൻറെ അഭിഷിക്തൻറെ സാന്നിധ്യം ശിമയോൻ അനുഭവിച്ചറിയുന്നു, "ഇരുട്ടിൽ" ആണ്ടുപോയ ജനങ്ങൾക്കിടയിൽ പ്രകാശിക്കുന്ന വെളിച്ചം അവൻ കാണുകയും (ഏശയ്യാ 9:1 കാണുക) ഏശയ്യാ പ്രവചിക്കുന്നതുപോലെ, "നമുക്കുവേണ്ടി ജനിച്ച"വനായ, "നമുക്ക് നൽകപ്പെട്ട" പുത്രനായ, "സമാധാനത്തിൻറെ രാജകുമാരൻ" ആയ (ഏശയ്യാ 9:5) ആ ശുശുവിനെ കാണാൻ പോകുകയും ചെയ്യുന്നു. ചെറിയവനും നിസ്സഹായനുമായ ആ പൈതലിനെ ശിമയോൻ ആലിംഗനം ചെയ്യുന്നു; എന്നാൽ വാസ്തവത്തിൽ, അവനെ തന്നോടു ചേർത്തുപിടിക്കുന്നതിലൂടെ ആശ്വാസവും തൻറെ അസ്തിത്വത്തിൻറെ പൂർണ്ണതയും കണ്ടെത്തുന്നത് അവനാണ്. സഭയിൽ ദിനാന്ത്യ പ്രാർത്ഥനയായി മാറിയ, വികാരഭരിതമായ കൃതജ്ഞതാപൂരിതമായ ഒരു ലഘുസ്തോത്രത്തിലൂടെ അദ്ദേഹം അത് പ്രകടിപ്പിക്കുന്നു:
"കർത്താവേ, അവിടത്തെ വാഗ്ദാനമനുസരിച്ച് ഇപ്പോൾ ഈ ദാസനെ സമാധാനത്തിൽ വിട്ടയയ്ക്കണമേ! എന്തെന്നാൽ സകല ജനതകൾക്കു വേണ്ടി അങ്ങ് ഒരുക്കിയിലിക്കുന്ന രക്ഷ എൻറെ കണ്ണുകൾ കണ്ടുകഴിഞ്ഞു. അത് വിജാതീയർക്കു വെളിപാടിൻറെ വെളിച്ചവും അവിടത്തെ ജനമായ ഇസ്രായേലിൻറെ മഹിമയും ആണ്." (ലൂക്കാ 2:29-32).
ശിമയോൻ, വിശ്വാസത്തിൻറെ സാക്ഷി
ഇസ്രായേലിൻറെയും വിജാതിയരുടെയും രക്ഷകനുമായുള്ള കൂടിക്കാഴ്ച കണ്ടവരുടെയും, തിരിച്ചറിഞ്ഞവരുടെയും, അത് മറ്റുള്ളവർക്ക് പകർന്നു നൽകാൻ കഴിയുന്നവരുടെയും സന്തോഷത്തെക്കുറിച്ച് ശിമയോൻ പാടുന്നു. അവൻ വിശ്വാസത്തിൻറെ സാക്ഷിയാണ്, അത് അവൻ ഒരു ദാനമായി സ്വീകരിക്കുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്യുന്നു; നിരാശപ്പെടുത്താത്ത പ്രത്യാശയ്ക്ക് അവൻ സാക്ഷിയാണ്; മാനവ ഹൃദയത്തെ സന്തോഷത്താലും സമാധാനത്താലും നിറയ്ക്കുന്ന ദൈവസ്നേഹത്തിൻറെ സാക്ഷിയാണവൻ. ഈ ആത്മീയാശ്വാസത്താൽ പൂരിതനായ വൃദ്ധനായ ശിമയോൻ മരണത്തെ അവസാനമായിട്ടല്ല, മറിച്ച് ഒരു പൂർത്തീകരണമായി, പൂർണ്ണതയായി കാണുകയും അതിനെ അവൻ, നശിപ്പിക്കുന്നതല്ല, മറിച്ച് താൻ ഇതിനകം ആസ്വദിച്ചതും വിശ്വസിക്കുന്നതുമായ യഥാർത്ഥ ജീവിതത്തിലേക്ക് തന്നെ പ്രവേശിപ്പിക്കുന്ന "സഹോദരി"യായി കാത്തിരിക്കുകയും ചെയ്യുന്നു.
ജൂബിലി വിളംബരം
ശിശുവായ യേശുവിൽ മാംസം ധരിച്ച രക്ഷ, ആ ദിവസം, കാണുന്നത് ശിമയോൻ മാത്രമല്ല. അശീതിവർഷീയയായവളും (എൺപതിനും തൊണ്ണൂറിനുമിടയിൽ പ്രായമുള്ള) അതിലുപരി, ദേവാലയ ശുശ്രൂഷയ്ക്കായി പൂർണ്ണമായും സമർപ്പിതയായ വിധവയും പ്രാർത്ഥനയ്ക്കായി സ്വയം സമർപ്പിച്ചിരിക്കുന്നവളുമായ അന്നയ്ക്കും ഇതുതന്നെ സംഭവിക്കുന്നു. ശിശുവിനെ കണ്ടപ്പോൾ, വാസ്തവത്തിൽ, അന്ന, ആ പൈതലിലൂടെ തൻറെ ജനത്തെ വീണ്ടെടുത്ത ഇസ്രായേലിൻറെ ദൈവത്തെ പ്രകീർത്തിക്കുന്നു, പ്രവാചക വചനം ഉദാരതയോടെ പ്രചരിപ്പിച്ചുകൊണ്ട് അവൾ അവനെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നു. അങ്ങനെ രണ്ട് വൃദ്ധരുടെ പരിത്രാണഗീതം സകല ജനത്തിനും ലോകത്തിനും വേണ്ടിയുള്ള ജൂബിലി വിളംബരമായി പ്രകാശിതമാകുന്നു. നമ്മുടെ പ്രത്യാശയായ ക്രിസ്തു ജറുസലേം ദേവാലയത്തിൽ പ്രവേശിച്ചതിനാൽ അവിടെ വച്ച് ഹൃദയങ്ങളിൽ പ്രത്യാശ വീണ്ടും ജ്വലിക്കുന്നു.
ശിമയോനും അന്നയും പ്രത്യാശയുടെ തീർത്ഥാടകർ
പ്രിയ സഹോദരീ സഹോദരന്മാരേ, നമുക്ക് പ്രത്യാശയുടെ തീർത്ഥാടകരായ ശിമയോനെയും അന്നയെയും അനുകരിക്കാം, അവർക്ക് ബാഹ്യമായവയ്ക്കപ്പുറം കാണാൻ കഴിവുള്ള തെളിഞ്ഞ കണ്ണുകളുണ്ട്, ചെറുമയിൽ ദൈവത്തിൻറെ സാന്നിധ്യം "മണത്തറിയാൻ" അവർ പ്രാപ്തരാണ്, ദൈവത്തിൻറെ സന്ദർശനത്തെ സസന്തോഷം സ്വാഗതം ചെയ്യാനും നമ്മുടെ സഹോദരീസഹോദരന്മാരുടെ ഹൃദയങ്ങളിൽ പ്രത്യാശ പുനരുജ്ജീവിപ്പിക്കാനും അവർക്കറിയം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: