പാപ്പാ: ദൈവത്തിൻറെ സ്വയാവിഷ്ക്കാരം കോലാഹലത്തിലല്ല, താഴ്മയിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഈ ദിവസങ്ങളിൽ ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഫ്രാൻസീസ് പാപ്പാ പതിവുപോലെ ഈ ബുധനാഴ്ചയും (12/02/25) വത്തിക്കാനിൽ പ്രതിവാര പൊതുദർശനം അനുവദിച്ചു. കൂടിക്കാഴ്ചയുടെ വേദി വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോൾ ആറാമൻ ശാലയായിരുന്നു. ഇതിൽ പങ്കെടുക്കുന്നതിനും പാപ്പായെ ഒരു നോക്കു കാണുന്നതിനും ആശീർവ്വാദം സ്വീകരിക്കുന്നതിനുമായി വിവിധരാജ്യക്കാരായിരുന്ന തീർത്ഥാടകരും സന്ദർശകരുമായി ആയിരങ്ങൾ ശാലയിൽ സന്നിഹിതരായിരുന്നു. ചക്രക്കസേരയിൽ ശാലയിലേക്കാനീതനായ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു. റോമിലെ സമയം രാവിലെ 9.00 മണികഴിഞ്ഞപ്പോൾ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-നു ശേഷം, പാപ്പാ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.
“ദൂതൻ അവരോടു പറഞ്ഞു: ഭയപ്പെടേണ്ട്. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിൻറെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിൻറെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു. ഇതായിരിക്കും നിങ്ങൾക്ക് അടയാളം: പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ്, പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും” ലൂക്കായുടെ സുവിശേഷം, അദ്ധ്യായം 2,10-12 വരെയുള്ള വാക്യങ്ങൾ.
ഈ വായനയ്ക്കു ശേഷം പാപ്പാ, താൻ പ്രത്യാശയുടെ ജൂബിലിയോടനുബന്ധിച്ച് “യേശു നമ്മുടെ പ്രത്യാശ” എന്ന ശീർഷകത്തിൽ ആരംഭിച്ചിരിക്കുന്ന പ്രബോധന പരമ്പര തുടർന്നു. ബത്ലഹേമിൽ യേശുവിൻറെ ജനനവും ആട്ടിടയരുടെ സന്ദർശനവും ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം. പാപ്പാ തൻറെ പ്രഭാഷണം ആരംഭിച്ചത് ഈ വാക്കുകളിലാണ്:
ബത്ലഹേമിലെ ജനനം
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം
നമ്മുടെ പ്രത്യാശയായ യേശുവിനെക്കുറിച്ചുള്ള ജൂബിലി പ്രബോധനപരമ്പര പ്രയാണത്തിൽ, ഇന്ന് നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബെത്‌ലഹേമിൽ അവിടന്ന് പിറക്കുന്ന സംഭവത്തിലാണ്.
ഈ വാക്കുകളെ തുടർന്ന് പാപ്പാ തനിക്ക് ശ്വാസനാള വീക്കം, ബ്രോങ്കൈറ്റിസ് ഉള്ളതിനാൽ വൈദികൻ പിയെർലുയീജി ജിറോളിയോട് പ്രഭാഷണത്തിൻറെ ശേഷിച്ച ഭാഗം വായിക്കാൻ അഭ്യർത്ഥിച്ചു. അടുത്ത കൂടിക്കാഴ്ചാവേളയിൽ തനിക്കു ഇതിനു കഴിയുമെന്ന പ്രത്യാശ പാപ്പാ പ്രകടിപ്പിക്കുകയും ചെയ്തു.
ഫാദർ ജിറോളി ഇപ്രകാരം തുടർന്നു:
ദൈവസൂനുവിൻറെ ചരിത്രപ്രവേശം
നമ്മുടെ സഹയാത്രികനായിത്തീർന്നുകൊണ്ട് ദൈവപുത്രൻ ചരിത്രത്തിൽ പ്രവേശിക്കുകയും അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ യാത്ര ആരംഭിക്കുകയും ചെയ്യുന്നു. അവൻ ഗർഭം ധരിക്കപ്പെട്ട ഉടനെതന്നെ നസറെത്തിൽ നിന്ന് സഖറിയായുടെയും എലിസബത്തിൻറെയും വീട്ടിലേക്കും, ഗർഭസ്ഥ സമയം തികഞ്ഞപ്പോൾ കാനേഷുമാരി കണക്കെടുപ്പിനായി ബത്ലഹേമിലേക്കും പോയതായി സുവിശേഷകൻ ലൂക്കാ നമ്മോട് പറയുന്നു. മറിയയും ജോസഫും ദാവീദ് രാജാവിൻറെ നഗരത്തിലേക്ക് പോകാൻ നിർബന്ധിതരാകുന്നു, അവിടെയാണ് ജോസഫും ജനിച്ചത്. അത്യുന്നതനായ ദൈവത്തിൻറെ പുത്രൻ, ഏറെക്കാലമായി കാത്തിരുന്ന മിശിഹാ, മറ്റേതൊരു പൗരനെയും പോലെ കാനേഷുമാരി കണക്കെടുപ്പിന്, അതായത് എണ്ണപ്പെടാനും പേരുചേർക്കപ്പെടാനും സ്വയം അനുവദിക്കുന്നു. ഭൂമിയുടെ മുഴുവൻ അധിപനാണെന്ന് സ്വയം കരുതുന്ന അഗസ്റ്റസ് സീസർ ചക്രവർത്തിയുടെ ഉത്തരവിന് അവൻ വിധേയനാകുന്നു.
ദൈവത്തിൻറെ താഴ്മ
ലൂക്കാ യേശുവിൻറെ ജനനത്തെ "കൃത്യമായി കണക്കാക്കാവുന്ന ഒരു സമയവുമായും" "കൃത്യമായി സൂചിതമായ ഭൂമിശാസ്ത്രപരമായ ചുറ്റുപാടുമായും" ചേർത്തുവയ്ക്കുന്നു. അങ്ങനെ "സാർവ്വത്രികതയും സമൂർത്തതയും പരസ്പരം സ്പർശിക്കുന്നു" (ബെനഡിക്ട് XVI, ദി ഇൻഫൻസി ഓഫ് ജീസസ്, 2012, 77). ചരിത്രത്തിലേക്ക് കടന്നുവന്ന് ലോകത്തിൻറെ ഘടനകളെ തകിടം മറിക്കാതെ, അവയെ പ്രകാശിപ്പിക്കാനും ഉള്ളിൽ നിന്ന് പുനഃസൃഷ്ടിക്കാനും ആഗ്രഹിക്കുന്ന ഒരു ദൈവത്തിൻറെ എളിമ അദ്ദേഹം അപ്രകാരം നമുക്ക് കാണിച്ചുതരുന്നു.
"അപ്പത്തിൻറെ ഭവനം"
ബെത്‌ലഹേം എന്നാൽ "അപ്പത്തിൻറെ ഭവനം" എന്നാണ് അർത്ഥമാക്കുന്നത്. അവിടെ മറിയത്തിൻറെ ഗർഭധാരണ ദിനങ്ങൾ പൂർത്തിയാകുകയും ലോകത്തിൻറെ വിശപ്പ് ശമിപ്പിക്കാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന അപ്പമായ (യോഹന്നാൻ 6:51 കാണുക) യേശു ജനിക്കുകയും ചെയ്യുന്നു. മഹത്വത്തിൻറെ അടയാളമായി മിശിഹൈക രാജാവിൻറെ ജനനം ഗബ്രിയേൽ ദൂതൻ പ്രഖ്യാപിച്ചിരുന്നു: "ഇതാ, നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും, നീ അവന് യേശു എന്ന് പേരിടണം. അവൻ വലിയവനായിരിക്കും, അത്യുന്നതൻറെ പുത്രൻ എന്ന് വിളിക്കപ്പെടും; അവൻറെ പിതാവായ ദാവീദിൻറെ സിംഹാസനം ദൈവമായ കർത്താവ് അവന് നൽകും. അവൻ യാക്കോബിൻറെ ഭവനത്തിൽ എന്നേക്കും ഭരണം നടത്തും. അവൻറെ രാജ്യത്തിന് അവസാനമുണ്ടാകില്ല" (ലൂക്കാ 1:31-33).
അഭൂതപൂർവ്വ രാജകീയ ജനനം
എന്നിരുന്നാലും, ഒരു രാജാവിനെ സംബന്ധിച്ചിടത്തോളം ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു രീതിയിലാണ് യേശു ജനിക്കുന്നത്. വാസ്തവത്തിൽ, "അവർ അവിടെ ആയിരുന്നപ്പോൾ, അവൾക്ക് പ്രസവസമയമടുത്തു. അവൾ തൻറെ കടിഞ്ഞൂൽപുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി. കാരണം സത്രത്തിൽ അവർക്ക് സ്ഥലം ലഭിച്ചില്ല” (ലൂക്കാ 2:6-7). ദൈവപുത്രൻ ഒരു രാജകൊട്ടാരത്തിലല്ല, മറിച്ച് ഒരു വീടിൻറെ പിൻഭാഗത്ത്, മൃഗങ്ങൾക്കുള്ള സ്ഥലത്താണ് ജനിക്കുന്നത്.
എളിയവരും ദരിദ്രരും സദ്വാർത്തയുടെ സ്വീകർത്താക്കൾ
അങ്ങനെ, ദൈവം ലോകത്തിലേക്ക് വരുന്നത് ഉച്ചത്തിലുള്ള പ്രഖ്യാപനങ്ങളോടെയല്ല, കോലഹലങ്ങളിലല്ല അവൻ സ്വയം വെളിപ്പെടുത്തുന്നത്, മറിച്ച് അവൻ യാത്ര തുടങ്ങുന്നത് താഴ്മയിലാണ് എന്ന് ലൂക്കാ നമുക്ക് കാണിച്ചുതരുന്നു. ഈ സംഭവത്തിൻറെ ആദ്യ സാക്ഷികൾ ആരൊക്കെയാണ്? ഏതാനും ഇടയന്മാരാണവർ: വിദ്യഭ്യാസം കുറവുള്ളവർ, മൃഗങ്ങളുമായുള്ള നിരന്തര സമ്പർക്കം മൂലമുള്ള മണമുള്ളവർ, സമൂഹത്തിൻറെ അരികുകളിൽ ജീവിക്കുന്നവർ. എന്നിരുന്നാൽത്തന്നെയും ദൈവം തന്നെത്തന്നെ സ്വന്തം ജനത്തിന് വെളിപ്പെടുത്തുന്ന ആ തൊഴിലാണ് അവർ ചെയ്യുന്നത് (ഉൽപ്പതി 48:15; 49:24; സങ്കീർത്തനങ്ങൾ 23:1; 80:2; ഏശയ്യാ 40:11 കാണുക). ചരിത്രത്തിൽ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ വാർത്തയുടെ സ്വീകർത്താക്കളായി ദൈവം അവരെ തിരഞ്ഞെടുക്കുന്നു: “ദൂതൻ അവരോടു പറഞ്ഞു: ഭയപ്പെടേണ്ട. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിൻറെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിൻറെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു. ഇതായിരിക്കും നിങ്ങൾക്ക് അടയാളം: പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ്, പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും” (ലൂക്കാ 2:10-12).
ദൈവസൂനുവിനെ സന്ദർശിക്കേണ്ടത് എവിടെ?
മിശിഹായെ കാണാൻ പോകേണ്ട സ്ഥലം ഒരു പുൽത്തൊട്ടിയാണ്. ഇത്രയധികം കാത്തിരുന്നതിനു ശേഷം, വാസ്തവത്തിൽ സംഭവിക്കുന്നത് ഇതാണ്, " ആർക്കുവേണ്ടിയാണോ എല്ലാം സൃഷ്ടിക്കപ്പെട്ടത് ആ ലോക രക്ഷകന് (cf. Col 1:16) ഇടമില്ല" (BENEDICT XVI, The Infancy of Jesus, 2012, 80). ദീർഘകാലമായി കാത്തിരുന്ന മിശിഹാ, അങ്ങനെ, മൃഗങ്ങൾക്കായുള്ള ഏറ്റവും എളിയ ഒരു സ്ഥലത്ത്, അവർക്കായി, അവരുടെ രക്ഷകനും ഇടയനുമായിരിക്കാൻ ജനിക്കുന്നു എന്ന് ഇടയന്മാർ മനസ്സിലാക്കുന്നു. അവരുടെ ഹൃദയങ്ങളെ അത്ഭുതത്തിലേക്കും, സ്തുതിയിലേക്കും, സന്തോഷകരമായ വിളംബരത്തിലേക്കും തുറക്കുന്ന ഒരു വാർത്ത. " മറ്റ് ആയിരം കാര്യങ്ങൾ ചെയ്യുന്നതിൽ തിരക്കിലായ അനേകരിൽ നിന്ന് വ്യത്യസ്തമായി, ഇടയന്മാർ സത്താപരമായതിൻറെ, അതായത് ദാനമായി നൽകപ്പെടുന്ന രക്ഷയുടെ പ്രഥമ സാക്ഷികളായി മാറുന്നു. മനുഷ്യാവതാര സംഭവത്തെ എങ്ങനെ സ്വാഗതം ചെയ്യണമെന്ന് അറിയാവുന്നത് ഏറ്റവും എളിമയുള്ളവരും ദരിദ്രരുമായവർക്കാണ്" (അപ്പോസ്തലിക ലേഖനം അദ്മിറാബിലെ സീഞ്ഞും, 5).
അശക്തിയിൽ ദൈവത്തിൻറെ മഹാശക്തി തിരിച്ചറിയുക
സഹോദരീ സഹോദരന്മാരേ, ഇടയന്മാരെപ്പോലെ, ദൈവമുമ്പാകെ അത്ഭുതപ്പെടാനും സ്തുതിക്കാനും കഴിവുള്ളവരും, അവൻ നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന നമ്മുടെ കഴിവുകൾ, നമ്മുടെ സിദ്ധികൾ, നമ്മുടെ വിളികൾ എന്നിവയെയും അവൻ നമ്മുടെ ചാരത്താക്കുന്ന ആളുകളെയും സംരക്ഷിക്കാൻ പ്രാപ്തരുമാകാനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. ലോകത്തെ നവീകരിക്കാനും, നരകുലത്തിനുമുഴുവനും വേണ്ടിയുള്ള പ്രത്യാശാഭരിതമായ തൻറെ പദ്ധതിയിലൂടെ നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്താനും വരുന്ന ശിശുവായ ദൈവത്തിൻറെ അനന്യസാധാരണ ശക്തി ബലഹീനതയിൽ തിരിച്ചറിയാൻ സാധിക്കുന്നതിനായി നമുക്ക് കർത്താവിനോട് അപേക്ഷിക്കാം.
ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ
പാപ്പായുടെ ഇറ്റാലിയന്‍ ഭാഷയിലായിരുന്ന പാരായണം ചെയ്യപ്പെട്ട മുഖ്യ പ്രഭാഷണത്തെ തുടർന്ന് അതിൻറെ സംഗ്രഹം ആംഗലവും അറബിയും ചൈനീസുമുള്‍പ്പെടെ വിവിധഭാഷകളില്‍ വായിക്കപ്പെട്ടു. തദ്ദനന്തരം പാപ്പാ, പതിവുപോലെ പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ അവസാനം ഇറ്റലിക്കാരെ അഭിവാദ്യം ചെയ്തു.
സമാധാനത്തിനായി പ്രാർത്ഥിക്കാം
സമാധാനത്തിനായി പ്രാർത്ഥിക്കാനും സാധ്യമായതെല്ലാം ചെയ്യാനും ക്ഷണിച്ച പാപ്പാ യുദ്ധത്തിൻറെ ഭീകരത നേരിടുന്ന ഉക്രൈയിൻ, ഇസ്രായേൽ, പലസ്തീൻ, മ്യന്മാർ, ഉത്തര കിവു ദക്ഷിണ സുഡാൻ എന്നിവയുൾപ്പടെയുള്ള നാടുകളെ അനുസ്മരിച്ചു. നാം കൊല്ലാനല്ല, മറിച്ച്, ജനതകളെ വളർത്താനാണ് ജനിച്ചതെന്ന് ഓർമ്മിപ്പിച്ച പാപ്പാ സമാധനസരണി കണ്ടെത്താൻ എല്ലാവർക്കും കഴിയട്ടെയെന്ന് ആശംസിച്ചു. ദൈനംദിന പ്രാർത്ഥനയിൽ നാം സമാധാനം യാചിക്കണമെന്നും സമാധാനത്തിനായി പ്രായശ്ചിത്ത പ്രവർത്തികൾ ചെയ്യണമെന്നും പാപ്പാ പറഞ്ഞു.
സമാപനാഭിവാദ്യം
പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ അവസാനം പാപ്പാ പതിവുപോലെ, യുവജനത്തെയും പ്രായം ചെന്നവരെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം സംബോധന ചെയ്തു. സ്ലാവ് ജനതയ്ക്കിടയിൽ വിശ്വാസം പ്രചരിപ്പിച്ച ആദ്യ വിശുദ്ധരായ സിറിളിൻറെയും മെത്തോഡിയസിൻറെയും തിരുന്നാൾ പതിനാലാം തീയിതി വെള്ളിയാഴ്ച ആചരിക്കപ്പെടുന്നത് അനുസ്മരിച്ച പാപ്പാ അവരുടെ സാക്ഷ്യം, സുവിശേഷത്തിൻറെ അപ്പോസ്തലന്മാരാകാനും വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ ജീവിതത്തിൽ നവീകരണത്തിൻറെ പുളിമാവായിത്തീരാനും സഹായിക്കട്ടെയെന്ന് ആശംസിച്ചു. തദ്ദനന്തരം പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: