പ്രാർത്ഥനകൾക്ക് നടുവിൽ ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
അനാരോഗ്യം മൂലം ഫെബ്രുവരി മാസം പതിനാലാം തീയതി റോമിലെ ജെമല്ലി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യനിലയിൽ ക്രമേണയുള്ള പുരോഗതി ഉണ്ടാകുന്നതായി വത്തിക്കാൻ വാർത്ത കാര്യാലയം അറിയിച്ചു. പതിനാലു ദിവസങ്ങൾക്കിപ്പുറം ഫെബ്രുവരി മാസം ഇരുപത്തിയെട്ടാം തീയതി ഇറ്റാലിയൻ സമയം രാവിലെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം രേഖപ്പെടുത്തിയത്. കഴിഞ്ഞ രാത്രിയിൽ പരിശുദ്ധ പിതാവ് ശാന്തമായി ഉറങ്ങിയെന്നും, സമാധാനമായി വിശ്രമിക്കുന്നുവെന്നും കുറിപ്പിൽ എടുത്തു പറയുന്നു.
ഫെബ്രുവരി മാസം ഇരുപത്തിയേഴാം തീയതി വൈകുന്നേരം ഇറക്കിയ വാർത്താകുറിപ്പിൽ, ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യവിവരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വത്തിക്കാൻ പുറത്തുവിട്ടിരുന്നു. ആരോഗ്യാവസ്ഥയിൽ പുരോഗതി പ്രാപിക്കുന്ന പാപ്പായ്ക്ക്, ഇടവിട്ട് ഉയർന്ന പ്രവാഹത്തിൽ മാസ്കുകൾ ഉപയോഗിച്ചുകൊണ്ടുള്ള ഓക്സിജൻ ചികിത്സ നല്കിവരുന്നതായും വാർത്താകാര്യാലയം അറിയിച്ചു. രോഗത്തിൽ നിന്നുമുള്ള പൂർണ്ണമായ മുക്തിക്ക് ഇനിയും കൂടുതൽ ദിവസങ്ങൾ ചികിത്സയിൽ തുടരേണ്ടത് ആവശ്യമാണെന്നും കുറിപ്പിൽ പറയുന്നു.
ഇരുപത്തിയേഴാം തീയതി രാവിലെ, ശ്വാസോഛ്വാസ വ്യായാമത്തിനു ശേഷം പാപ്പാ വിശ്രമിക്കുകയും, ഉച്ചകഴിഞ്ഞു, തന്റെ സ്വകാര്യ മുറിയിലുള്ള ചാപ്പലിൽ പ്രാർത്ഥന നടത്തുകയും, ദൈനംദിന ജോലികളിൽ ഏർപ്പെടുകയും ചെയ്തു. ആപത്ഘട്ടം പാപ്പാ തരണം ചെയ്തുവെങ്കിലും, ആരോഗ്യനിലയിലെ സങ്കീർണ്ണത തുടരുകയാണെന്നും വത്തിക്കാൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ എടുത്തുപറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: