പൂജരാജാക്കന്മാരുടെ വിശ്വാസവും പ്രത്യാശയും മാതൃകയാക്കുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഉണ്ണിയേശുവിനെ കാണാനെത്തിയ മൂന്ന് പൂജരാജാക്കന്മാർക്ക് യേശുവിലുണ്ടായിരുന്ന വിശ്വാസവും പ്രത്യാശയും മാതൃകയാക്കാനും, അവരെപ്പോലെ യേശുവിലുള്ള ആനന്ദം സ്വന്തമാക്കാനും ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ. വത്തിക്കാനിൽ ബുധനാഴ്ചകളിൽ പതിവുള്ള പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ ഭാഗമായി, ഫെബ്രുവരി 19 ബുധനാഴ്ചയിലേക്കായി തയാറാക്കിയ പ്രഭാഷണം, സങ്കീർണ്ണമായ രോഗാവസ്ഥയിൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ തുടരുന്ന തനിക്ക് നടത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത്, എവർക്കുമായി പ്രസിദ്ധീകരിക്കാൻ പരിശുദ്ധസിംഹാസനത്തിന്റെ പ്രെസ് ഓഫീസിനോട് പാപ്പാ ആവശ്യപ്പെടുകയായിരുന്നു.
യേശുവിനെത്തേടിയുള്ള യാത്രയിൽ നക്ഷത്രം രാജാക്കന്മാർക്ക് വഴികാട്ടിയായതിനെ പരാമർശിച്ച പാപ്പാ, പ്രപഞ്ചവും പ്രവാചകവചനങ്ങളും, മനുഷ്യരോട് സംസാരിക്കാനും, തന്നെ കണ്ടെത്താനുള്ള മനുഷ്യരുടെ ശ്രമങ്ങൾക്കായും ദൈവം ഉപയോഗിക്കുന്ന മാർഗ്ഗങ്ങളാണെന്ന് ഉദ്‌ബോധിപ്പിച്ചു. നക്ഷത്രത്തിന്റെ കാഴ്ച പൂജരാജാക്കന്മാരിൽ ആനന്ദം നിറച്ചതിനെക്കുറിച്ച് പരാമർശിച്ച പാപ്പാ, ദൈവത്തെ ആത്മാർത്ഥമായി തേടുന്ന മനുഷ്യരിൽ നിറയുന്ന പരിശുദ്ധാത്മാവ് അവരുടെ ഹൃദയങ്ങളിൽ ആനന്ദം നിറയ്ക്കുമെന്ന് പ്രസ്താവിച്ചു.
ശിശുവായ യേശുവിൽ ദൈവത്തെ ആരാധിക്കാൻ പൂജരാജാക്കന്മാർക്ക് സാധിച്ചുവെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അങ്ങനെ അവർ വിജാതീയർക്കിടയിൽനിന്നുള്ള പ്രഥമ വിശ്വാസികളായി മാറിയെന്ന് ഉദ്‌ബോധിപ്പിച്ചു. എല്ലാ ദേശങ്ങളിൽനിന്നും ഭാഷകളിൽനിന്നും ഒരുമിച്ച് കൂട്ടപ്പെടുന്ന സഭയുടെ പ്രതീകമായി അവർ മാറുകയായിരുന്നുവെന്ന് പാപ്പാ തന്റെ പ്രഭാഷണത്തിൽ വിശദീകരിച്ചു.
ജൂബിലി വർഷത്തിന്റെ ആപ്തവാക്യത്തിലെ വാക്കുകൾ അവർത്തിച്ച പാപ്പാ, "പ്രത്യാശയുടെ തീർത്ഥാടകരായ" ഈ പൂജരാജാക്കന്മാരെ പിന്തുടരാൻ നമുക്കും പരിശ്രമിക്കാമെന്ന് ഏവരെയും ആഹ്വാനം ചെയ്തു. തങ്ങളുടെ വിശ്വാസവും സ്നേഹവും ക്രിസ്തുവിന് മുന്നിൽ പ്രകടിപ്പിക്കാനും പാപ്പാ ഏവരെയും ക്ഷണിച്ചിരുന്നു.
രോഗാവസ്ഥ സങ്കീർണ്ണസ്ഥിതിയിൽ തുടരുന്നതിനാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാപ്പായുടെ പൊതുപരിപാടികൾ നിറുത്തിവച്ചിരിക്കുകയാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: