തിരയുക

Cookie Policy
The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
I AGREE

കുഞ്ഞുങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ പോരാടുക, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാരപൊതുദർശനം പ്രഭാഷണം: കുഞ്ഞുങ്ങളെ ചൂഷണത്തിൽ നിന്ന്, ദുരുപയോഗത്തിൽ നിന്ന് സംരക്ഷിക്കാൻ ഒരോ വ്യക്തിയും അവനവനാൽ ആകുന്നതു ചെയ്യണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പതിവുപോലെ ഈ ബുധനാഴ്ചയും (15/01/25) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിച്ചു. ശൈത്യം പിടിമുറുക്കിയിരിക്കയാണെങ്കിലും വിവിധരാജ്യക്കാരായിരുന്ന തീർത്ഥാടകരും സന്ദർശകരുമായി ആയിരങ്ങൾ പൊതുദർശന പരിപാടിയിൽ സംബന്ധിക്കാനെത്തിയിരുന്നു. പൊതുകൂടിക്കാഴ്ചാവേദി വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോൾ ആറാമൻ ശാലയായിരുന്നു. ചക്രക്കസേരയിലിരുന്നു ശാലയിൽ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു. റോമിലെ സമയം രാവിലെ 9.00 മണികഴിഞ്ഞപ്പോൾ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-നു ശേഷം, പാപ്പാ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

ശിഷ്യന്മാർ യേശുവിനെ സമീപിച്ച് ചോദിച്ചു: സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആരാണ്? യേശു ഒരു ശുശുവിനെ വിളിച്ച് അവരുടെ മദ്ധ്യേ നിർത്തിക്കൊണ്ട് അരുളിച്ചെയ്തു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെ പോലെ ആകുന്നില്ലെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല...... എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന്  ദുഷ്പ്രേരണ നൽകുന്നവൻ ആരായാലും അവനു കൂടുതൽ നല്ലത് കഴുത്തിൽ ഒരു വലിയ തിരികല്ലുകെട്ടി കടലിൻറെ ആഴത്തിൽ താഴ്ത്തപ്പെടുകയായിരിക്കും” മത്തായിയുടെ സുവിശേഷം, അദ്ധ്യായം 18, 1-3 വരെയും-6-ഉം വാക്യങ്ങൾ.

ഈ വായനയ്ക്കു ശേഷം പാപ്പാ, താൻ കുഞ്ഞുങ്ങളെ അധികരിച്ച് കഴിഞ്ഞ വാരത്തിൽ ആരംഭിച്ച പ്രബോധന പരമ്പര തുടർന്നു. കുഞ്ഞുങ്ങൾ നാനാവിധ ചൂഷണങ്ങൾക്ക് ഇരകളാക്കപ്പെടുന്നതിനെക്കുറിച്ചായിരുന്നു പാപ്പായുടെ പ്രഭാഷണം ഇത്തവണ. പാപ്പാ ഇറ്റാലിൻ ഭാഷയിൽ ഇപ്രകാരം പറഞ്ഞു:

ഇന്നും ചൂഷണത്തിനിരകളാകുന്ന കുഞ്ഞുങ്ങൾ

പ്രിയ സഹോദരീ സഹോദരന്മാര, ശുഭദിനം!       

കഴിഞ്ഞ പൊതുകൂടിക്കാഴ്ചാ വേളയിൽ നമ്മൾ കുട്ടികളെക്കുറിച്ചു സംസാരിച്ചു. ഇന്നും നമ്മൾ കുട്ടികളെക്കുറിച്ചാണ് സംസാരിക്കുക. കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും സ്വാഗതം ചെയ്യുകയും സ്നേഹിക്കുകയും ചെയ്യുന്നതിൻറെ പ്രാധാന്യത്തെക്കുറിച്ച് യേശു തൻറെ ചെയ്തികളിൽ ആവർത്തിച്ച് പറഞ്ഞിട്ടുള്ളതിൽ കഴിഞ്ഞ ആഴ്ച നമ്മൾ ശ്രദ്ധ കേന്ദ്രീകരിച്ചു.

എന്തൊക്കെത്തന്നെ ആയാലും, ഇന്നും ലോകത്ത്, ദശലക്ഷക്കണക്കിന് പ്രായപൂർത്തിയാകാത്തവർ, പ്രായപൂർത്തിയായവർക്കടുത്ത ബാദ്ധ്യതകൾ നിറവേറ്റാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ പ്രായമാകാത്തവർ പോലും, ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു, അവരിൽ പലരും, പ്രത്യേകിച്ച് അപകടകരമായ ജോലികളിൽ ഏർപ്പെടേണ്ടിവരുന്നു. വേശ്യാവൃത്തിക്കോ അശ്ലീലസാഹിത്യത്തിനോ നിർബന്ധിത വിവാഹത്തിനോ വേണ്ടി കടത്തപ്പെടുന്ന കുട്ടികളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഇതു കുറച്ചു കയ്പ്പേറിയ കാര്യമാണ്. ദൗർഭാഗ്യവശാൽ, നമ്മുടെ സമൂഹങ്ങളിൽ കുട്ടികൾ നിരവധി രീതികളിൽ ദുരുപയോഗം ചെയ്യപ്പെടുകയും മോശമായ പെരുമാറ്റത്തിന് ഇരകളാക്കപ്പെടുകയും ചെയ്യുന്നുണ്ട്. കുട്ടികളെ ചൂഷണം ചെയ്യുന്നത്, ഏത് തരത്തിലുള്ളതായാലും, നിന്ദ്യവും ക്രൂരവുമായ പ്രവൃത്തിയാണ്. ഇത് വെറുമൊരു സാമൂഹിക വിപത്തോ കുറ്റകൃത്യമോ അല്ല; ദൈവിക കല്പനകളുടെ വളരെ ഗുരുതരമായ ലംഘനമാണിത്. ഒരു കുഞ്ഞും ദുരുപയോഗം ചെയ്യപ്പെടരുത്. ഒറ്റ സംഭവമാണെങ്കിൽ പോലും അത് തന്നെ വളരെയധികമാണ്. അതിനാൽ, മനസ്സാക്ഷികളെ ഉണർത്തുകയും ചൂഷണം ചെയ്യപ്പെടുന്ന കുട്ടികളോടും ബാലികാബാലന്മാരോടും അടുപ്പവും ഐക്യദാർഢ്യവും പുലർത്തുകയും, അതോടൊപ്പംതന്നെ, അവർക്ക് സമാധാനപരമായി വളരാൻ അവസരങ്ങളും സുരക്ഷിതമായ ഇടങ്ങളും ഒരുക്കാൻ പ്രതിജ്ഞാബദ്ധരായവരിൽ വിശ്വാസവും സംഘാതാത്മകതയും വളർത്തിയെടുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. അരന്താനൊ എന്ന പ്രത്യേക പഴം ഉല്പാദിപ്പിക്കുന്ന ഒരു ലത്തീനമേരിക്കൻ നാട് എനിക്കറിയാം. ആ പഴം ശേഖരിക്കുന്നതിനു മൃദുല കരങ്ങൾ ആവശ്യമാണ്. ആകയാൽ അടിമകളെപ്പോലെ കുട്ടികളെ അതിന് ഉപയോഗപ്പെടുത്തുന്നു.

സാമൂഹ്യ അനീതി

തൊഴിലില്ലായ്മ, തൊഴിൽപരമായ സന്ദിഗ്ദ്ധാവസ്ഥ എന്നിവയോടൊപ്പം  സമീപ വർഷങ്ങളിൽ വർദ്ധിച്ചുവരുന്ന വ്യാപകമായ ദാരിദ്ര്യം, കുടുംബങ്ങളെ പോറ്റാനുള്ള സാമൂഹികോപാധികളുടെ അഭാവം എന്നിവ, കൂടുതൽ വില നല്കേണ്ടിവരുന്ന കനത്തഭാരം ഏറ്റവും പ്രായം കുറഞ്ഞവരുടെ ചുമലിലേറ്റുന്ന ഘടകങ്ങളാണ്. സാമൂഹിക വിഭജനവും ധാർമ്മിക അധഃപതനവും മുറിവേൽപ്പിച്ചുകൊണ്ടിരിക്കുന്ന മഹാനഗരങ്ങളിൽ, മയക്കുമരുന്ന് കച്ചവടത്തിലും ഏറ്റവും വൈവിധ്യമാർന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന കുട്ടികളുണ്ട്. ഇവരിൽ എത്രയോ കുട്ടികൾ ബലിമൃഗങ്ങളെന്നപോലെ  വീണുപോകുന്നത് നമ്മൾ കണ്ടിട്ടുണ്ട്! ചിലപ്പോൾ ദാരുണമായി അവർ അവനവനെത്തന്നെയും സ്വന്തം ഔന്നത്യവും മനുഷ്യത്വവും നശിപ്പിക്കുന്നതിനു പുറമെ, മറ്റ് സമപ്രായക്കാരുടെ "ആരാച്ചാരായി" മാറാൻ പ്രേരിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നിട്ടും, തെരുവിൽ, ഇടവക പരിസരത്ത്, ഈ നഷ്ടപ്പെട്ട ജീവിതങ്ങൾ നമ്മുടെ കൺമുന്നിൽ പ്രത്യക്ഷപ്പെടുമ്പോൾ, നമ്മൾ പലപ്പോഴും തലതിരിക്കുന്നു. എൻറെ നാട്ടിലും ഒരു സംഭവമുണ്ടായി. ലൊആൻ എന്ന ഒരു കുട്ടി തണ്ടിക്കൊണ്ടുപോകപ്പെട്ടു. അവൻ എവിടെയാണെന്നറിവില്ല. അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി അവയവങ്ങളെടുക്കാൻ പിടിച്ചുകൊണ്ടുപോയതാകാമെന്ന് കരുതപ്പെടുന്നു. അങ്ങനെ സംഭവിക്കുന്നുണ്ട്. ചിലർ മുറിപ്പാടുകളുമായി തിരിച്ചെത്തുന്നു, മറ്റു ചിലർ മരിച്ചുപോകുന്നു. ഇന്നു ഞാൻ ലൊആനെ സ്മരിക്കുകയാണ്.

സമൂഹത്തിൻറെ ഭാവി കെട്ടിപ്പടുക്കാൻ ബാലചൂഷണത്തിനെതിരെ പോരാടുക

ഒരുപക്ഷേ അയൽക്കാരോ, ഒരേ ഭവനസമുച്ചയത്തിലെ കെട്ടിടത്തിലോ താമസിക്കുന്ന രണ്ട് കുട്ടികളെ, തികച്ചും വിപരീതമായ വഴികളിലേക്കും ഭാഗധേയങ്ങളിലേക്കും തള്ളിവിടുന്ന സാമൂഹിക അനീതി അംഗീകരിക്കാൻ നമുക്ക് പ്രയാസമാണ്, കാരണം അവരിൽ ഒരാൾ ഒരു പിന്നോക്ക കുടുംബത്തിലാണ് ജനിച്ചത്. സ്വപ്നം കാണാൻ കഴിയുന്നവർക്കും കീഴടങ്ങേണ്ടി വരുന്നവർക്കും ഇടയിലുള്ള, മാനുഷികവും സാമൂഹികവുമായ അസ്വീകാര്യമായ ഒരു വിടവ്. എന്നാൽ യേശു നമ്മളെല്ലാവരും സ്വതന്ത്രരും സന്തുഷ്ടരുമായിരിക്കാൻ ആഗ്രഹിക്കുന്നു; അവൻ എല്ലാ സ്ത്രീപുരുഷന്മാരെയും സ്വന്തം മകനെയും മകളെയും പോലെ സ്നേഹിക്കുന്നുവെങ്കിൽ, അവൻ കുഞ്ഞുങ്ങളെയും തൻറെ ഹൃദയത്തിൻറെ മുഴുവൻ ആർദ്രതയോടെ സ്നേഹിക്കുന്നു. അതുകൊണ്ട്, ശബ്ദമില്ലാത്തവരുടെയും, വിദ്യാഭ്യാസമില്ലാത്തവരുടെയും കഷ്ടപ്പാടുകൾ കേൾക്കുന്നതിനായി നില്ക്കാൻ അവൻ നമ്മോട് ആവശ്യപ്പെടുന്നു. ചൂഷണത്തിനെതിരെ, പ്രത്യേകിച്ച് കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ പോരാടുക എന്നതാണ് സമൂഹത്തിനുമുഴുവനും മെച്ചപ്പെട്ട ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന പാത. ചില രാജ്യങ്ങൾക്ക് കുട്ടികളുടെ അവകാശങ്ങൾ എഴുതിവയ്ക്കാനുള്ള ബുദ്ധി ഉദിച്ചു. കുട്ടികൾക്കും അവകാശങ്ങളുണ്ട്, കുട്ടികളുടെ അവകാശങ്ങൾ എന്താണെന്ന് അറിയാൻ നിങ്ങൾ ഒരു പക്ഷേ വാട്ട്‌സ്ആപ്പിൽ [ഇന്റർനെറ്റിൽ ആയിരിക്കുമോ?] തിരയുക.

ഓരോരുത്തരും രംഗത്തിറങ്ങുക

ആകയാൽ നമുക്ക് സ്വയം ചോദിക്കാം: എനിക്ക് എന്തുചെയ്യാൻ കഴിയും? ഒന്നാമതായി, ബാലവേല ഇല്ലാതാക്കണമെങ്കിൽ, നാം കിശോര തൊഴിലിൽ പങ്കാളികളാകരുതെന്ന് തിരിച്ചറിയണം. അങ്ങനെയാകുന്നത് എപ്പോഴാണ്? ഉദാഹരണത്തിന്, ബാലവേലയുടെ ഫലമായ ഉൽപ്പന്നങ്ങൾ നമ്മൾ വാങ്ങുമ്പോൾ. ഒരു ഭക്ഷണത്തിനോ വസ്ത്രത്തിനോ​​പിന്നിൽ സ്കൂളിൽ പോകുന്നതിനു പകരം ജോലി ചെയ്യുന്ന ചൂഷണം ചെയ്യപ്പെടുന്ന കുട്ടികളുണ്ടെന്ന് അറിഞ്ഞുകൊണ്ട് എനിക്ക് എങ്ങനെ ആ ഭക്ഷണം കഴിക്കാനും  ആ വസ്ത്രം ധരിക്കാനും കഴിയും? നമ്മൾ എന്ത് വാങ്ങുന്നു എന്നതിനെക്കുറിച്ചുള്ള അവബോധമാണ് അതിൽ പങ്കാളികളാകുന്നത് ഒഴിവാക്കാനുള്ള ആദ്യപടി. ആ ഉൽപ്പന്നങ്ങൾ എവിടെ നിന്നു വരുന്നു എന്ന് നോക്കൂ. വ്യക്തികൾ എന്ന നിലയിൽ നമുക്ക് കാര്യമായൊന്നും ചെയ്യാൻ കഴിയില്ലെന്ന് ചിലർ പറയും. അതു ശരിയാണ്, വ്യക്തികളെന്ന നിലയിൽ നമുക്ക് അധികമൊന്നും ചെയ്യാൻ കഴിയില്ല, എന്നാൽ, മറ്റ് നിരവധി തുള്ളികളോടൊപ്പം ഒരു കടലായി മാറുന്ന ഒരു തുള്ളിയാകാൻ നമുക്കോരോരുത്തർക്കും കഴിയും. എന്നിരുന്നാലും, സഭാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെയും വ്യവസായശാലകളെയും അവയുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ഓർമ്മിപ്പിക്കേണ്ടത് ആവശ്യമാണ്: ബാലവേല ഉപയോഗപ്പെടുത്താത്തതോ അനുവദിക്കാത്തതോ ആയ സംരംഭങ്ങളിലേക്ക് നിക്ഷേപം മാറ്റുന്നതിലൂടെ ഈ സ്ഥാപനങ്ങൾക്ക് ഒരു മാറ്റമുണ്ടാക്കാൻ കഴിയും. നിരവധി നാടുകളും അന്താരാഷ്ട്ര സംഘടനകളും ബാലവേലയ്‌ക്കെതിരെ ഇതിനകം നിയമങ്ങളും നിർദ്ദേശങ്ങളും കൊണ്ടുവന്നിട്ടുണ്ട്, എന്നാൽ ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും. മാദ്ധ്യമപ്രവർത്തകരോടും ഞാൻ അഭ്യർത്ഥിക്കുന്നു,  തങ്ങളുടെ പങ്ക് നിർവ്വഹിക്കാൻ അവിടെയും മാദ്ധ്യമപ്രവർത്തകരുണ്ട്: പ്രശ്നത്തെക്കുറിച്ച് അവബോധം വളർത്താനും പരിഹാരങ്ങൾ കണ്ടെത്താൻ സഹായിക്കാനും അവർക്ക് കഴിയും. ഭയപ്പെടരുത്, സംഭവങ്ങൾ വിളിച്ചു പറയുക.

കുഞ്ഞുങ്ങളെ ലോകത്തിൻറെ അനീതിക്ക് വിട്ടുകൊടുക്കരുത്

കുട്ടികൾ വളരെ പെട്ടെന്ന് മുതിർന്നവരെപ്പോലെ പ്രവർത്തിക്കാൻ നിർബന്ധിതരാകുന്നത് കാണുമ്പോൾ മുഖം തിരിക്കാത്ത എല്ലാവരോടും ഞാൻ നന്ദി പറയുന്നു. "എൻറെ ഈ ഏറ്റവും ചെറിയ സഹോദരരിൽ ഒരുവന് നിങ്ങൾ ചെയ്തതെല്ലാം എനിക്കുതന്നെയാണ് ചെയ്തത്" (മത്തായി 25:40) എന്ന യേശുവിൻറെ വാക്കുകൾ നമുക്ക് എപ്പോഴും ഓർമ്മിക്കാം. കർത്താവിൻറെ മുന്തിരിത്തോട്ടത്തിലെ ആനന്ദവതിയായ വേലക്കാരിയായിരുന്ന കൊൽക്കത്തയിലെ വിശുദ്ധ തെരേസ, ഏറ്റവും പിന്നോക്കം നിൽക്കുന്നവരും വിസ്മരിക്കപ്പെട്ടവരുമായ കുട്ടികളുടെ അമ്മയായിരുന്നു. ലോകത്തിൻറെ അനീതികൾക്ക് വിട്ടുകൊടുക്കാൻ കഴിയാത്ത അദൃശ്യരായ കുഞ്ഞുങ്ങളെ, നിരവധിയായ അടിമകളെ, കാണാൻ നമ്മെ സഹായിക്കുന്നതിന് അവൾക്ക് അവളുയെ ആർദ്രയും ശ്രദ്ധയുമുള്ള നോട്ടത്താൽ സാധിക്കും. കാരണം ഏറ്റവും ദുർബ്ബലരുടെ സന്തോഷം എല്ലാവർക്കും സമാധാനം സംജാതമാക്കുന്നു. മദർ തെരേസയോടൊപ്പം നമുക്ക്  കുട്ടികൾക്ക് സ്വരമേകാം:

"എനിക്ക് കളിക്കാൻ കഴിയുന്ന സുരക്ഷിതമായൊരിടം ഞാൻ ചോദിക്കുന്നു,

സ്നേഹിക്കാനറിയുന്നയാളുടെ ഒരു പുഞ്ചിരി ഞാൻ ചോദിക്കുന്നു

ഒരു കുഞ്ഞായിരിക്കാനും മെച്ചപ്പെട്ടൊരു ലോകത്തിൻറെ പ്രത്യാശ ആയിരിക്കാനുമുള്ള അവകാശം ഞാൻ ചോദിക്കുന്നു.

ഒരു വ്യക്തിയെന്ന നിലയിൽ വളരാൻ കഴിയണമെന്ന് ഞാൻ അപേക്ഷിക്കുന്നു.

എനിക്ക് നിന്നിൽ ആശ്രയിക്കാമോ? (കൊൽക്കത്തയിലെ വിശുദ്ധ തെരേസ) 

നന്ദി.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ  - മ്യന്മാറിലെ മണ്ണിടിച്ചിൽ ദുരന്തം

പാപ്പാ ഇറ്റാലിയന്‍ ഭാഷയിൽ നടത്തിയ മുഖ്യ പ്രഭാഷണത്തെ തുടർന്ന് അതിൻറെ സംഗ്രഹം ആംഗലവും അറബിയും ചൈനീസുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു. പതിവുപോലെ പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ അവസാനം ഇറ്റലിക്കാരെ  അഭിവാദ്യം ചെയ്യവെ പാപ്പാ മ്യന്മാറിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിനിരകളായവരെ അനുസ്മരിച്ചു.  തിങ്കളാഴ്ച (13/01/25) മ്യാന്മാറിലെ ഖനിപ്രദേശമായ കച്ചിനിൽ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇരകളായവരെയും അതിൽ കാണാതായവരെയും പാപ്പാ അനുസ്മരിക്കുകയും ആ പ്രദേശത്തുണ്ടായ കനത്ത നാശത്തെക്കുറിച്ചു പരാമർശിക്കുകയും ചെയ്തു. ആ ജനതയോടുള്ള തൻറെ സാമീപ്യം അറിയിച്ച പാപ്പാ ഈ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ആ ജനതയ്ക്ക് അന്താരാഷ്ട്രസമൂഹത്തിൻറെ ഐക്യദാർഢ്യത്തിൻറെയും സഹായത്തിൻറെയും അഭാവം അനുഭവപ്പെടരുതെന്നും പാപ്പാ പറഞ്ഞു.

യുദ്ധവേദികളെ അനുസ്മരിച്ച് പാപ്പാ

യുദ്ധത്തിൻറെ ദുരിതം അനുഭവിക്കുന്ന ഉക്രൈയിൻ, മ്യന്മാർ, പലസ്തീൻ, ഇസ്രായേൽ  എന്നീ നാടുകളെയും നിരവധിയായ ഇതര രാജ്യങ്ങളെയും അനുസ്മരിച്ച പാപ്പാ സമാധാനത്തിനായി പ്രാർത്ഥിക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ചു. യുദ്ധം ഒരു തോൽവിയാണെന്ന് ആവർത്തിച്ച പാപ്പാ തങ്ങളുടെ ഉല്പന്നങ്ങളാൽ വധിക്കാൻ സഹായിക്കുന്ന ആയുധോല്പദാകരുടെ ഹൃദയപരിവർത്തനത്തിനായി പ്രാർത്ഥിക്കാനും ക്ഷണിച്ചു.

സർക്കസ്സ് കലാകാരന്മാരോട്

തൻറെ മുന്നിൽ പ്രകടനം നടത്തിയ സർക്കസ്സ് അഭ്യാസികളെയും പാപ്പാ അനുമോദിച്ചു. അത്യധികം പ്രയത്നം ആവശ്യമുള്ള ഒരു കലയാണ് സർക്കസ്സ് എന്ന് പാപ്പാ പറഞ്ഞു. യുവജനത്തെയും പ്രായംചെന്നവരെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം സംബോധന ചെയ്ത പാപ്പാ, ജീവിത പാതയെ പ്രകാശിപ്പിക്കുന്ന ക്രിസ്തുവിലുള്ള വിശ്വാസത്തിന് ഉദാരതയോടെ സാക്ഷ്യമേകാൻ അവർക്ക് പ്രചോദനം പകർന്നു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. തദ്ദനന്തരം പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 ജനുവരി 2025, 12:18

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >
Prev
March 2025
SuMoTuWeThFrSa
      1
2345678
9101112131415
16171819202122
23242526272829
3031     
Next
April 2025
SuMoTuWeThFrSa
  12345
6789101112
13141516171819
20212223242526
27282930