ദൈവവചനത്തിനായി കാതുകൾ തുറന്നിടുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പതിവുപോലെ ഈ ബുധനാഴ്ചയും (22/01/25) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിച്ചു. വിവിധരാജ്യക്കാരായിരുന്ന തീർത്ഥാടകരും സന്ദർശകരുമായി ആയിരങ്ങൾ പൊതുദർശന പരിപാടിയിൽ സംബന്ധിക്കാനെത്തിയിരുന്നു. പൊതുകൂടിക്കാഴ്ചാവേദി വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോൾ ആറാമൻ ശാലയായിരുന്നു. ചക്രക്കസേരയിലിരുന്നു ശാലയിൽ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു. റോമിലെ സമയം രാവിലെ 9.00 മണികഴിഞ്ഞപ്പോൾ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-നു ശേഷം, പാപ്പാ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.
“ഗബ്രിയേൽ ദൂതൻ ഗലീലിയിൽ നസറത്ത് എന്ന പട്ടണത്തിൽ ദാവീദിൻറെ വംശത്തിൽപ്പെട്ട ജോസഫ് എന്നു പേരുള്ള പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താൽ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതൻ അവളുടെ അടുത്തുചെന്നു പറഞ്ഞു: ദൈവകൃപ നിറഞ്ഞവളേ സ്വസ്തി, കർത്താവ് നിന്നോടുകൂടെ” ലൂക്കായുടെ സുവിശേഷം, അദ്ധ്യായം 1, 26-28 വരെയുള്ള വാക്യങ്ങൾ.
ഈ വായനയ്ക്കു ശേഷം പാപ്പാ, താൻ പ്രത്യാശയുടെ ജൂബിലിയോടനുബന്ധിച്ച് ആരംഭിച്ചിരിക്കുന്ന പ്രബോധന പരമ്പര ഒരു ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ചു. മംഗളവാർത്തയായിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം. പാപ്പാ ഇറ്റാലിൻ ഭാഷയിൽ ഇപ്രകാരം പറഞ്ഞു:
മംഗളവാർത്ത
പ്രിയ സഹോദരീ സഹോദരന്മാര, ശുഭദിനം!
നമ്മുടെ പ്രത്യാശയായ യേശുക്രിസ്തുവിനെക്കുറിച്ച് ജൂബിലിയോടനുബന്ധിച്ച് തുടക്കം കുറിച്ചിരിക്കുന്ന പ്രബോധനപരമ്പര ഇന്നു നമുക്ക് പുനരാരംഭിക്കാം.
തൻറെ സുവിശേഷത്തിൻറെ തുടക്കത്തിൽ, ലൂക്കാ, ദേവാലയത്തിൻറെ നടുമുറ്റങ്ങൾക്കിടയിൽ മാത്രമല്ല, ജോസഫുമായി വിവാഹനിശ്ചയം നടത്തിയിരുന്നവളും ഇപ്പോഴും കുടുംബത്തോടൊപ്പം വസിക്കുന്നവളുമായ മറിയം എന്ന യുവതിയുടെ പാവപ്പെട്ട വീട്ടിലും എത്തുന്ന ദൈവവചനത്തിൻറെ പരിവർത്തനദായക ശക്തിയുടെ ഫലങ്ങൾ കാണിച്ചുതരുന്നു.
തൻറെ നാമത്തിൽ ദൈവത്തിൻറെ ശക്തിയെ പ്രകീർത്തിക്കുന്നവനായ, മഹത്തായ ദിവ്യപ്രഖ്യാപനങ്ങളുടെ ദൂതനായ ഗബ്രിയേൽ, ജറുസലേമിനുശേഷം, ഹെബ്രായ ബൈബിളിൽ ഒരിക്കലും പരാമർശിച്ചിട്ടില്ലാത്ത ഒരു ഗ്രാമത്തിലേക്ക്, അതായത്, നസറത്തിലേക്ക്, അയയ്ക്കപ്പെടുന്നു. അക്കാലത്ത് അത് ഇസ്രായേലിൻറെ പ്രാന്തപ്രദേശത്തുള്ള ഗലീലിയിലെ ഒരു ചെറിയ ഗ്രാമമായിരുന്നു. പുറജാതീയരുമായി അതിർത്തികുറിക്കുന്ന പ്രദേശമായിരുന്നു അത്.
അസാധാരണമായൊരു വിളംബരം
മറിയത്തിൻറെ ഹൃദയത്തെ പിടിച്ചുലയ്ക്കുകയും അസ്വസ്ഥമാക്കുകയും ചെയ്യുംവിധം ഉള്ളടക്കത്തിലും രൂപത്തിലും കേട്ടുകേൾവിയില്ലാത്ത ഒരു സന്ദേശമാണ് ദൂതൻ കൊണ്ടുവരുന്നത്. "നിനക്ക് സമാധാനം" എന്ന സാധാരണ ആശംസയ്ക്ക് പകരം, "ആനന്ദിക്കൂ!", "സന്തോഷിക്കൂ!" എന്ന ക്ഷണത്തോടെയാണ് ഗബ്രിയേൽ അഭിവാദനം ചെയ്യുന്നത്, ഇത് വിശുദ്ധ ചരിത്രത്തിന് പ്രിയപ്പെട്ട ഒരു ക്ഷണമാണ്, കാരണം പ്രവാചകന്മാർ മിശിഹായുടെ വരവ് വിളംബരം ചെയ്യുമ്പോൾ ഉപയോഗിക്കുന്നതാണത്. (സെഫാനിയ 3:14; ജോയേൽ 2:21-23; സഖറിയ 9:9 കാണുക). പ്രവാസം അവസാനിക്കുമ്പോൾ ദൈവം തൻറെ ജനത്തിനേകുന്ന സന്തോഷിക്കാനുള്ള ക്ഷണമാണ് അത്. സജീവവും പ്രവർത്തനനിരതവുമായ തൻറെ സാന്നിധ്യം കർത്താവ് അനുഭവവേദ്യമാക്കുകയും ചെയ്യുന്നു.
അനിതരസാധാരണ അഭിവാദനവും ധൈര്യപ്പെടുത്തലും
കൂടാതെ, ബൈബിൾ ചരിത്രത്തിന് അജ്ഞാതമായ സ്നേഹത്തിൻറെ ഒരു നാമത്തിലാണ് ദൈവം മറിയത്തെ വിളിക്കുന്നത്: “കെചരിത്തൊമേനെ” (kecharitoméne) അതായത്, "ദൈവകൃപാപൂരിത". ഈ നാമം വിളിച്ചോതുന്നത് വളരെക്കാലമായി ദൈവസ്നേഹം മറിയത്തിൻറെ ഹൃദയത്തിൽ കുടികൊള്ളുന്നുവെന്നും വാസം ഇപ്പോഴും തുടരുന്നുവെന്നുമാണ്. അവൾ എത്ര "അനുഗ്രഹീത"യാണെന്നും എല്ലാറ്റിനുമുപരി അവളെ ഉൽകൃഷ്ടസൃഷ്ടിയാക്കിക്കൊണ്ട് ദൈവകൃപ അവളിൽ ഒരു ആന്തരിക കൊത്തുപണി നടത്തിയെന്നും അതു പറയുന്നു.
ദൈവം മറിയത്തിനു മാത്രം നൽകുന്ന സ്നേഹനിർഭരമായ ഈ വിളിപ്പേരിന് ഉടൻ അകമ്പടിയായി വരുന്നത്, "ഭയപ്പെടേണ്ട!" എന്ന ധൈര്യപ്പെടുത്തലാണ്. "ഭയപ്പെടേണ്ട" എന്ന് ദൈവം അബ്രഹാമിനോടും, ഇസഹാക്കിനോടും, മോശയോടും, ജോഷ്വയോടും പറയുന്നുണ്ട് (ഉല്പത്തി 15:1; 26:24; നിയമാവർത്തനം 31:8; ജോഷ്വ 8:1 കാണുക). ഭയപ്പെടേണ്ട, മുന്നോട്ടുപോകുക എന്ന് അവൻ നമ്മോടും പറയുന്നു.
യേശു എന്ന നാമം
പിന്നീട് ഗബ്രിയേൽ, പുരാതന പ്രവചനങ്ങളുടെ പൂർത്തീകരണമായി അവതരിപ്പിക്കപ്പെടുകയും മറിയത്തിൽ നിന്ന് ജനിക്കാൻ പോകുകയും ചെയ്യുന്ന ശിശുവിൻറെ രാജകീയതയും മിശിഹാത്വവും പരാമർശിക്കുന്ന നിരവധി ബൈബിൾ ഭാഗങ്ങൾ അവളുടെ ഹൃദയത്തിൽ പ്രതിധ്വനിപ്പിച്ചുകൊണ്ട്, കന്യകയോട് തൻറെ ദൗത്യം അറിയിക്കുന്നു. ഉന്നതത്തിൽ നിന്നുള്ള വചനം മറിയത്തെ, ദീർഘകാലമായി കാത്തിരുന്ന ദാവീദിൻറെ ഗോത്രത്തിൽ നിന്നുള്ള മിശിഹായുടെ അമ്മയാകാൻ വിളിക്കുന്നു. അവൻ രാജാവായിരിക്കും, എന്നാൽ മാനുഷികവും ജഡികവുമായ രീതിയിലല്ല, മറിച്ച് ദൈവികവും ആത്മീയവുമായ രീതിയിലായിരിക്കും. അവൻറെ നാമം "യേശു" എന്നായിരിക്കും, അതിനർത്ഥം "ദൈവം രക്ഷിക്കുന്നു" എന്നാണ് (ലൂക്കാ 1:31; മത്തായി 1:21 കാണുക), മനുഷ്യനല്ല, ദൈവം മാത്രമാണ് രക്ഷിക്കുന്നതെന്ന് എല്ലാവരെയും എന്നെന്നേക്കുമായി അത് ഓർമ്മിപ്പിക്കുന്നു. വാസ്തവത്തിൽ, യേശു, ഏശയ്യാ പ്രവാചകൻറെ ഈ വാക്കുകൾ പൂർത്തിയാക്കുന്നവനാണ്: "ഒരു ദൂതനോ മാലാഖയോ അല്ല, പ്രത്യുത, അവൻ തന്നെയാണ് അവരെ രക്ഷിച്ചത്; സ്നേഹവും കാരുണ്യവും കൊണ്ട് അവൻ അവരെ വീണ്ടെടുത്തു,” (ഏശയ്യാ 63:9).
ആന്തരികാന്വേഷണം
ഈ മാതൃത്വം മറിയത്തെ ആഴത്തിൽ ഉലയ്ക്കുന്നു. സംഭവങ്ങളെ വായിച്ചറിയാൻ കഴിവുള്ള (ലൂക്കോസ് 2:19.51 കാണുക) തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ, വിവേചിച്ചറിയാൻ അവൾ, ബുദ്ധിമതിയായ സ്ത്രീ എന്ന നിലയിൽ, ശ്രമിക്കുന്നു. മറിയം പുറത്തല്ല അകത്താണ് അന്വേഷിക്കുന്നത്.
മറിയം, നിരവധി നാളങ്ങളുള്ള വിളക്ക്
മറിയം ആത്മവിശ്വാസത്താൽ ജ്വലിക്കുന്നു: അവൾ "നിരവധി നാളങ്ങളുള്ള ഒരു വിളക്കാണ്". മറിയം വചനത്തെ സ്വന്തം മാംസത്തിൽ സ്വീകരിക്കുകയും അങ്ങനെ ഒരു മനുഷ്യജീവിയ്ക്ക് ഭരമേൽപ്പിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ദൗത്യത്തിലേക്ക് സ്വയം പ്രവേശിക്കുകയും ചെയ്യുന്നു. അവൾ സേവനത്തിനായി സ്വയം സമർപ്പിക്കുന്നു. സമ്പൂർണ്ണമായി.
സഹോദരി സഹോദരന്മാരേ, ദൈവവചനത്തിനായി കാതു തുറന്നിടാനും അതിനെ സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യാനും രക്ഷകൻറെയും നമ്മുടെയും അമ്മയായ മറിയത്തിൽ നിന്ന് നമുക്ക് പഠിക്കാം. അങ്ങനെ അത് നമ്മുടെ ഹൃദയങ്ങളെ അവൻറെ സാന്നിധ്യത്തിൻറെ ശ്രീകോവിലുകളാക്കി, പ്രത്യാശ വളരുന്ന ഭവനങ്ങളാക്കി മാറ്റട്ടെ. നന്ദി.
ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ - ലോസ് ആഞ്ചെലെസിലെ കാട്ടുതീ ദുരന്തിനികരളായവരെ അനുസ്മരിച്ച് പാപ്പാ
പാപ്പാ ഇറ്റാലിയന്‍ ഭാഷയിൽ നടത്തിയ മുഖ്യ പ്രഭാഷണത്തെ തുടർന്ന് അതിൻറെ സംഗ്രഹം ആംഗലവും അറബിയും ചൈനീസുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു. പതിവുപോലെ പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ അവസാനം ഇറ്റലിക്കാരെ അഭിവാദ്യം ചെയ്യവെ പാപ്പാ അമേരിക്കൻ ഐക്യനാടുകളിലെ ലോസ് ആഞ്ചെലെസിലുണ്ടായ കാട്ടുതീ ദുരന്തം മൂലം യാതനകളനുഭവിക്കുന്നവരെ അനുസ്മരിച്ചു. ആ പ്രദേശത്താകമാനം വ്യാപിച്ച ആ വിപത്തിൽ യാതനകളനുഭവിക്കുന്നവരുടെ ചാരെ താനുണ്ടെന്ന് പാപ്പാ പറഞ്ഞു. ഗ്വാദലൂപെ നാഥയുടെ സഹായം എല്ലാവർക്കും ഉണ്ടാകുന്നതിനായി പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു.
യുദ്ധവേദികളെ അനുസ്മരിച്ച് പാപ്പാ
യുദ്ധം ദുരിതത്തിലാഴ്ത്തിയിരിക്കുന്ന ഉക്രൈയിൻ, പലസ്തീൻ, ഇസ്രായേൽ, മ്യാൻമാർ എന്നീ നാടുകളെ നാം മറക്കരുതെന്നു പറഞ്ഞ പാപ്പാ സമാധാനത്തിനായി പ്രാർത്ഥിക്കാനുള്ള തൻറെ ക്ഷണം ആവർത്തിച്ചു. യുദ്ധം എപ്പോഴും ഒരു പരാജയമാണെന്ന തൻറെ ബോധ്യം പാപ്പാ ഒരിക്കൽക്കൂടി വെളിപ്പെടുത്തി. ഗാസയിലെ ഇടവകയിലേക്ക് താൻ ചൊവ്വാഴ്ച വിളിച്ചിരുന്നുവെന്നും എന്നും താൻ വിളിക്കാറുണ്ടെന്നും പാപ്പാ പറഞ്ഞു. അവർ ഇപ്പോൾ സന്തുഷ്ടരാണെന്നും അവിടെ ഇടവകയിലും കോളേജിലുമായി അറുനൂറോളം പേരുണ്ടെന്നും പാപ്പാ വെളിപ്പെടുത്തി. ഗാസയിലും ലോകത്തിൻറെ നിരവധിയായ മറ്റിടങ്ങളിലും സമാധാനം സംജാതമാകുന്നതിനു വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. ഒരു തോൽവിയായ യുദ്ധത്തിൽ നിന്ന് നേട്ടം കൊയ്യുന്നത് ആയുധ നിർമ്മാതാക്കൾ മാത്രമാണെന്നതും പാപ്പാ അനുസ്മരിച്ചു.
ക്രൈസ്തവൈക്യം
അവസാനം പാപ്പാ പതിവുപോലെ, യുവജനത്തെയും പ്രായംചെന്നവരെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം സംബോധന ചെയ്തു. ക്രൈസ്തവൈക്യപ്രാർത്ഥനാവാരം ആചരിക്കപ്പെടുന്നത് അനുസ്മരിച്ച പാപ്പാ ക്രിസ്തുവിൻറെ എല്ലാ ശിഷ്യരുടെയും പൂർണ്ണ ഐക്യത്തിനായി ത്രിയേകദൈവത്തോടു അപേക്ഷിക്കാൻ എല്ലാവരെയും ക്ഷണിച്ചു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. തദ്ദനന്തരം പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: