സന്യാസജീവിതത്തിൽ അസൂയയെന്ന തിന്മ ഒഴിവാക്കണം: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
വിദ്യാഭ്യാസ രംഗത്തിന്റെ മഹനീയതയും, സന്യാസ ജീവിതത്തിൽ പാലിക്കേണ്ടുന്ന നന്മകളും എടുത്തു പറഞ്ഞുകൊണ്ട്, സിയന്നയിലെ വിശുദ്ധ കാതറീന്റെ സ്കൂൾ മിഷനറി സമൂഹത്തിന്റെ പതിനഞ്ചാം പൊതുചാപ്റ്ററിൽ അംഗങ്ങളായവർക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി. ഒരു കലാലയം എന്നത് ദൗത്യമാണെന്നും, അത് മറന്നുപോകരുതെന്നും പാപ്പാ ഓർമ്മപ്പെടുത്തി. സഭയോടൊപ്പം ഒരുമിച്ചു യാത്രചെയ്യുന്നതിനു ഭാവിയെപ്പറ്റി ചിന്തിക്കുവാൻ, വർത്തമാനകാലത്തെ മനസിലാക്കുക എന്ന ചാപ്റ്ററിന്റെ പ്രധാന ചിന്താവിഷയവും പാപ്പാ അടിവരയിട്ടു. ജീവന്റെ തുടിപ്പുകളുടെ ലക്ഷണം അതിന്റെ ചലനാത്മകതയാണെന്നും, അതിനാൽ ഒരുമിച്ചു യാത്ര ചെയ്യുന്നത് ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
സഭയുടെ സ്ഥാപകയായ ലൂയിജ തിങ്കാനി അനുസ്മരിപ്പിക്കുന്ന മൂന്നു പ്രധാനപ്പെട്ട ജീവിതമാർഗങ്ങളെയും പാപ്പാ എടുത്തു പറഞ്ഞു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ഈ മൂന്നുകാര്യങ്ങളെ സംക്ഷിപ്തമായി വിവരിക്കുന്നത് ഇപ്രകാരമാണ്: സ്വന്തം വിശുദ്ധീകരണത്തോടുള്ള നിരന്തരമായ പ്രതിബദ്ധത, ഗൗരവമായ ദൈവശാസ്ത്രപരവും, സേവനപരവുമായ തയ്യാറെടുപ്പ്, എല്ലാവരോടും, പ്രത്യേകിച്ച് ചെറുപ്പക്കാരോടുള്ള സൗഹൃദപരവും സ്നേഹപൂർണ്ണവുമായ ജീവിതശൈലി.
ഈ മൂന്ന് കാര്യങ്ങളെ അടിവരയിട്ടുകൊണ്ട്, ഫ്രാൻസിസ് പാപ്പാ, തുടർന്ന്, വിശുദ്ധിയുടെ പ്രാധാന്യത്തെ എടുത്തുപറഞ്ഞു. വിശുദ്ധിയെന്ന വാക്ക് ജീവിതത്തിൽ വെല്ലുവിളികൾ നല്കുന്നുവെങ്കിലും, അംഗങ്ങളെ പരസ്പരം ഒന്നിപ്പിക്കുന്ന പുണ്യം ഇതാണെന്നു പാപ്പാ ചൂണ്ടിക്കാട്ടി. ഈ പുണ്യം മറ്റുള്ളവരോട് നന്നായി സംസാരിക്കുവാനും, അപവാദങ്ങൾ ഒഴിവാക്കുവാനും നമ്മെ സഹായിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
സുവിശേഷപരമായ അർപ്പണബോധത്തെയാണ്, തയ്യാറെടുപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞ പാപ്പാ, പിശാചുമായുള്ള സംഭാഷണം പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട്, സത്യങ്ങളെ പങ്കുവച്ചുകൊണ്ട് സഹോദര്യത്തിൽ ജീവിക്കുന്നതിനു എല്ലാവരെയും ക്ഷണിച്ചു. പരസ്പരം കൃതജ്ഞതയോടെ ജീവിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു. അതിനാൽ സൗഹാർദ്ദപരവും സ്നേഹപൂർണ്ണവുമായ ജീവിതശൈലി കൈമുതലാക്കുന്നതിനും, അസൂയ ഒഴിവാക്കി, തെളിഞ്ഞ മുഖഭാവത്തോടെ ജീവിക്കുന്നതിനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: