തിരയുക

Cookie Policy
The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
I AGREE

സംഭാഷണം നടത്തുന്ന, പരസ്പരം ശ്രവിക്കുന്ന, കുടുംബത്തിൽ സന്തോഷം അലതല്ലും, പാപ്പാ!

ഫ്രാൻസീസ് പാപ്പാ തിരുക്കുടുംബത്തിരുന്നാൾ ദിനത്തിൽ മദ്ധ്യാഹ്നപ്രാർത്ഥാനാവേളയിൽ നടത്തിയ വിചിന്തനം. കുടുംബത്തിൽ സംഭാഷണം ഒരു സുപ്രധാന ഘടകം. ഇതിൽ ശ്രവണം അടങ്ങിയിരിക്കുന്നു. തിരുക്കുടുംബത്തിൽ നിന്ന് നമുക്കു ലഭിക്കുന്ന പാഠം പരസ്പരം ശ്രവിക്കുകയെന്നതാണ്. പരസ്പരം ആശയവിനമയം നടത്തുക കുടുംബത്തിൻറെ സന്തോഷത്തിന് അനിവാര്യം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലത്തീൻ റീത്തിൻറെ ആരാധനക്രമമനുസരിച്ച് നസ്രത്തിലെ തിരുക്കുടുംബത്തിൻൻറെ തിരുന്നാൾ ആചരിക്കപ്പെട്ട ഈ ഞായറാഴ്ച (29/12/24) ഫ്രാൻസീസ് പാപ്പാ പതിവുപോലെ വത്തിക്കാനിൽ പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. അതിൽ പങ്കുകൊള്ളുന്നതിന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ എത്തിയിരുന്ന വിശ്വാസികളുടെ സംഖ്യ, പ്രത്യാശയുടെ ജൂബിലി വത്സരം ആരംഭിച്ചിരിക്കുന്നതിൻറെയും തരുപ്പിറവിത്തിരുന്നാൾക്കാലത്തിൻറെയും പശ്ചാത്തലത്തിൽ, പതിവിലേറെ ആയിരുന്നു. മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുന്നതിനായി പാപ്പാ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആരവങ്ങളും ചത്വരത്തിൽ ഉയർന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (29/12/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, ലൂക്കായുടെ സുവിശേഷം രണ്ടാം അദ്ധ്യായം, 41-52 വരെയുള്ള വാക്യങ്ങൾ (ലൂക്കാ 2:41-52) അതായത്, പെസഹാത്തിരുന്നാളിന് ജെറുസലേമിൽ വച്ച് ബാലനായ യേശുവിനെ കാണാതാകുന്നതും മൂന്നു ദിവസങ്ങൾക്കു ശേഷം ജറുസലേം ദേവാലയത്തിൽ ഉപാധ്യായന്മാരുമായി സംവാദത്തിലേർപ്പെട്ടിരിക്കുന്ന അവനെ മാതാപിതാക്കൾ കണ്ടെത്തുന്നതും പിതാവിൻറെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടവനാണ് താനെന്ന് മാതാവിൻറെ ചോദ്യത്തിനു അവൻ മറുപടിപറയുന്നതുമായ ഭാഗം ആയിരുന്നു. പാപ്പാ ഇപ്രകാരം പറഞ്ഞു:

തിരുക്കുടുംബത്തിരുന്നാൾ -മകനെ ദേവാലയത്തിൽ കണ്ടെത്തുന്ന മറിയവും യൗസേപ്പും

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!

ഇന്ന് നാം നസ്രത്തിലെ തിരുക്കുടുംബത്തിൻറെ തിരുന്നാൾ ആഘോഷിക്കുന്നു. ജറുസലേമിലേക്കുള്ള വാർഷിക തീർഥാടനത്തിനൊടുവിൽ പന്ത്രണ്ടു വയസ്സുള്ള യേശുവിനെ കാണാതാകുന്നതും പിന്നീട് മറിയവും യൗസേപ്പും അവനെ  ദേവാലയത്തിൽ വേദശാസ്ത്രികളുമായി തർക്കിച്ചുകൊണ്ടിരിക്കുന്നതായി കണ്ടെത്തുകയും ചെയ്യുന്നതിനെക്കുറിച്ച് സുവിശേഷം പറയുന്നു (ലൂക്കാ 2:41-52 കാണുക). "മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തത് എന്ത്? നിൻറെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു" (ലൂക്കാ 2,48) എന്ന് പറയുന്ന മറിയത്തിൻറെ മാനസികാവസ്ഥ സുവിശേഷകൻ ലൂക്കാ വെളിപ്പെടുത്തുന്നു. യേശു അവളോട് പ്രത്യുത്തരിക്കുന്നു: "നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാൻ എൻറെ പിതാവിൻറെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണ് എന്ന് നിങ്ങൾ അറിയുന്നില്ലേ?" (ലൂക്കാ 2,49).

സന്തോഷസന്താപ നിമിഷങ്ങൾ ഇടകലരുന്ന കുടുംബജീവിതം

ശാന്തമായ നിമിഷങ്ങളും മറ്റു നാടകീയമായ നിമിഷങ്ങളും മാറിമാറി വരുന്ന ഒരു കുടുംബത്തിൻറെ ഏതാണ്ട് സാധാരണമായൊരു അനുഭവമാണിത്. ഒരു കുടുംബ പ്രതിസന്ധിയുടെ, നമ്മുടെ കാലത്തെ ഒരു പ്രതിസന്ധിയുടെ, ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കൗമാരക്കാരൻറെയും അവനെ മനസ്സിലാക്കാൻ കഴിയാത്ത രണ്ട് രക്ഷിതാക്കളുടെയും കഥ പോലെ തോന്നുന്നു. ഈ കുടുംബത്തിനു മുന്നിൽ നമുക്കൊന്നു നിൽക്കാം. നസ്രത്തിലെ കുടുംബം ഒരു മാതൃകയാകുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? കാരണം, അത് സംഭാഷണത്തിലേർപ്പെടുന്ന, പരസ്പരം ശ്രവിക്കുകയും സംസാരിക്കുകയും ചെയ്യുന്നു ഒരു കുടുംബമാണ്. സംഭാഷണം ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന ഘടകമാണ്! ആശയവിനിമയം നടത്താത്ത ഒരു കുടുംബത്തിന് സന്തോഷമുള്ള കുടുംബമാകാൻ കഴിയില്ല.

കുടുംബത്തിൽ ശ്രവണത്തിൻറെ പ്രാധാന്യം

അമ്മ ഒരു ശകാരത്തോടെയല്ല, പ്രത്യുത, ഒരു ചോദ്യത്തോടെ ആരംഭിക്കുന്നത് സുന്ദരമാണ്. മറിയം കുറ്റപ്പെടുത്തുകയോ വിധിക്കുകയോ ചെയ്യുന്നില്ല, എന്നാൽ ഇത്രയും വ്യതിരിക്തനായ ഒരു പുത്രനെ ശ്രവണത്തിലൂടെ എങ്ങനെ സ്വാഗതം ചെയ്യാമെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നു. ഇങ്ങനെ ശ്രമിച്ചിട്ടും,  മറിയത്തിനും യൗസേപ്പിനും "അവൻ അവരോട് പറഞ്ഞത് മനസ്സിലായില്ല" (വാക്യം 50) എന്ന് സുവിശേഷം പറയുന്നു. ഇത് തെളിയിക്കുന്നത് കുടുംബത്തിൽ മനസ്സിലാക്കുന്നതിനേക്കാൾ ശ്രവിക്കുക പ്രധാനമാണ് എന്നാണ്. ശ്രവിക്കുക എന്നതിനർത്ഥം അപരന് പ്രാധാന്യം കല്പിക്കുക, അസ്തിത്വത്തിനും സ്വതന്ത്രമായി ചിന്തിക്കുന്നതിനുമുള്ള അപരൻറെ അവകാശം അംഗീകരിക്കുക എന്നാണ്. മക്കൾക്ക് ഇത് ആവശ്യമാണ്. മാതാപിതാക്കളേ, നല്ലവണ്ണം ചിന്തിക്കുക, ഈ ആവശ്യം ഉള്ള നിങ്ങളുടെ മക്കളെ ശ്രവിക്കുക!

ഭോജന വേളയുടെ സവിശേഷത

ഭക്ഷണവേള, കുടുംബത്തിൽ സംഭാഷണത്തിൻറെയും ശ്രവണത്തിൻറെയും ഒരു സവിശേഷ സമയമാണ്. മേശയ്ക്കു ചുറ്റുമിരുന്ന് സംസാരിക്കുന്നത് മനോഹരമാണ്. ഇതിന് നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കാനാകും, എല്ലാറ്റിനുമുപരിയായി തലമുറകളെ ഒന്നിപ്പിക്കാൻ കഴിയും: മാതാപിതാക്കളോട് സംസാരിക്കുന്ന മക്കൾ, മുത്തശ്ശീമുത്തച്ഛന്മാരോട് സംസാരിക്കുന്ന കൊച്ചുമക്കൾ... ഒരിക്കലും അവനവനിൽ അടച്ചുപൂട്ടിയിരിക്കരുത്, അതിലും മോശമായ ഒന്നാണ്, സെൽ ഫോണിൽ തലകുനിച്ച് ഇരിക്കുന്നത്, അതും അരുത്. ഒരിക്കലും പാടില്ല. അത്തരം പ്രവർത്തികൾ നല്ലതല്ല.... സംസാരിക്കുക, പരസ്പരം കേൾക്കുക, ഇതാണ് ഗുണകരവും വളരാൻ സഹായിക്കുന്നതുമായ സംഭാഷണം!

പരസ്പരം മനസ്സിലാക്കാൻ കഴിയാത്തതിൽ വിസ്മയിക്കേണ്ടതില്ല

യേശുവിൻറെയും മറിയത്തിൻറെയും യേസേപ്പിൻറെയും കുടുംബം വിശുദ്ധമാണ്. എന്നിട്ടും യേശുവിൻറെ മാതാപിതാക്കൾ പോലും അവനെ എല്ലായ്‌പ്പോഴും മനസ്സിലാക്കിയിരുന്നില്ലെന്ന് നാം കണ്ടു. നമുക്ക് ഇതിനെക്കുറിച്ച് ചിന്തിക്കാം, ചിലപ്പോഴൊക്കെ നമ്മുടെ കുടുംബത്തിൽ നമുക്ക് പരസ്പരം മനസ്സിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ അതിൽ അതിശയിക്കേണ്ടതില്ല. അങ്ങനെ സംഭവിക്കുമ്പോൾ, നമുക്ക് സ്വയം ചോദിക്കാം: നമ്മൾ പരസ്പരം ശ്രവിച്ചിട്ടുണ്ടോ? നമ്മൾ പരസ്പരം ശ്രവിച്ചുകൊണ്ട് പ്രശ്‌നങ്ങളെ  അഭിമുഖീകരിക്കുകയാണോ അതോ നിശബ്ദതയിൽ, ചിലപ്പോൾ നീരസത്തിൽ, അഹംഭാവത്തിൽ സ്വയം അടച്ചുപൂട്ടുകയാണോ? സംഭാഷണത്തിലേർപ്പെടാൻ നാം കുറച്ച് സമയമെടുക്കുന്നുണ്ടോ? ഇന്ന് തിരുക്കുടുംബത്തിൽ നിന്ന് നമുക്ക് പഠിക്കാൻ കഴിയുന്നത് പരസ്പര ശ്രവണമാണ്. നമുക്ക് കന്യകാമറിയത്തിന് നമ്മെത്തന്നെ ഭരമേൽപിക്കുകയും ശ്രവണമെന്ന ദാനം നമ്മുടെ കുടുംബങ്ങൾക്കായി അപേക്ഷിക്കുകയും ചെയ്യാം.

ഈ വാക്കുകളെ തുടർന്ന് പാപ്പാ, “കർത്താവിൻറെ മാലാഖ ” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ

റോമക്കാരും ഇറ്റലിയുടെ ഇതരഭാഗങ്ങളിലും മറ്റ് രാജ്യങ്ങളിൽ നിന്നും എത്തിയിരുന്നവരുമുൾപ്പടെയുള്ള തീർത്ഥാടകരെ ആശീർവ്വാദാനന്തരം പാപ്പാ  അഭിവാദ്യം ചെയ്തു. അവർക്ക് ഹാർദ്ദവമായ സ്വാഗതമോതിയ പാപ്പാ ചത്വരത്തിലുണ്ടായിരുന്ന എല്ലാം കുടുംബങ്ങൾക്കും സമ്പർക്കമാദ്ധ്യമങ്ങൾ വഴി സ്വഭവനങ്ങളിലിരുന്നുകൊണ്ട് ത്രികാലപ്രാർത്ഥനയിൽ പങ്കുചേർന്നവർക്കും പ്രത്യേകം അഭിവാദ്യമർപ്പിക്കുകയും കുടുംബം സമൂഹത്തിൻറെ കോശവും പിന്തുണയ്‌ക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ഒരു അമൂല്യ നിധിയുമാണെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു.

വിമാന ദുരന്തത്തിൽ പാപ്പായുടെ അനുശോചനവും പ്രാർത്ഥനയും

ദക്ഷിണകൊറിയയിലെ മുവാൻ വിമാനത്താവളത്തിൽ 179 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടദുരന്തത്തിൽ തങ്ങളെ വിട്ടുപോയ പ്രിയപ്പെട്ടവരെ ഓർത്തു കേഴുന്ന നിരവധിയായ കുടുംബങ്ങളെ പാപ്പാ അനുസ്മരിക്കുകയും മരണമടഞ്ഞവർക്കും രക്ഷപ്പെട്ടവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.  

യുദ്ധവേദികളെ അനുസ്മരിച്ചും സമാധാനത്തിനായി പ്രാർത്ഥിക്കാൻ ക്ഷണിച്ചും

യുദ്ധങ്ങൾ നിമിത്തം യാതനകൾ അനുഭവിക്കുന്ന, ഉക്രൈയിൻ,  പലസ്തീൻ, ഇസ്രായേൽ, മ്യാൻമാർ, സുഡാൻ ഉത്തര കിവു എന്നിവിടങ്ങളിലെ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

സമാപനാഭിവാദ്യം

ത്രികാലപ്രാർത്ഥനാ പരിപാടിയുടെ അവസാനം പാപ്പാ, എല്ലാവർക്കും  നല്ലൊരു ഞായറും പ്രശാന്തമായ വർഷാന്ത്യവും ആശംസിക്കുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ഡിസംബർ 2024, 10:14

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >
Prev
March 2025
SuMoTuWeThFrSa
      1
2345678
9101112131415
16171819202122
23242526272829
3031     
Next
April 2025
SuMoTuWeThFrSa
  12345
6789101112
13141516171819
20212223242526
27282930